SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 AM IST

ആശമാർക്ക് കൂടുതൽ വേതനം കേരളത്തിൽ, നൽകേണ്ട 100 കോടിയിൽ കേന്ദ്രം ഒരു രൂപ പോലും നൽകിയില്ല

d

ആശ ഒരു കേന്ദ്ര സ്‌കീമാണ്. Accredited Social Health Activist (ASHA) എന്നതാണ് ആശ എന്ന പേരിന്റെ പൂർണരൂപം. ഇവരെ സന്നദ്ധ പ്രവർത്തകരായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവരെ താെഴിലാളികളാക്കുകയും, തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരണമെന്നുമുള്ള നിലപാടിനാെപ്പമാണ് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിനോട് ഇക്കാര്യം തുടർച്ചയായി ആവശ്യപ്പെടാം. 2007-ലാണ് ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിൽ ആശാ സ്‌കീം ആരംഭിച്ചത്. 2016-ൽ ആയിരം രൂപയായിരുന്നു ഓണറേറിയം. ഇന്ന് 7000 രൂപ ഓണറേറിയമായി സംസ്ഥാന സർക്കാർ നൽകുന്നു.

ഇതുസംബന്ധിച്ച് പല തെറ്റായ കാര്യങ്ങളും ചില മാദ്ധ്യമങ്ങളെങ്കിലും കൊടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണ്. ഓണറേറിയം കൂടാതെ 3000 രൂപ ഫിക്സഡ് ഇൻസെന്റീവും നൽകുന്നുണ്ട്. ആ ഫിക്സഡ് ഇൻസെന്റീവ് കൂടാതെ ഓരോ പ്രവർത്തനങ്ങൾക്കുമുള്ള ഇൻസെന്റീവുമുണ്ട്. ജനുവരിയിലെ കണക്ക് അനുസരിച്ച് 26,125 ആശമാരിൽ 90 ശതമാനം പേർക്കും കേരളത്തിൽ 10,000നും 13,000-ത്തിനും ഇടയിൽ വേതനം ലഭിക്കുന്നുണ്ട്. പത്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 7000 രൂപ നൽകിവന്നിരുന്നത്.

ആശമാർ ഫെബ്രുവരി ആറിന് ഇവിടെ സമരം നടത്തി. അതേത്തുടർന്ന് അവർ എന്നെ കാണാൻ വന്ന് ഇക്കാര്യം ഉന്നയിച്ചു. ഈ മാനദണ്ഡങ്ങൾ എടുത്തുമാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഏഴാംതീയതി തന്നെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഒരു പ്രൊസീഡിംഗ്സ് ഇറക്കി. ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് ഈ മാനദണ്ഡങ്ങൾ പൂർണമായി എടുത്തുമാറ്റിയിട്ടുണ്ട്. കേരളത്തിൽ ആശമാരുടെ പ്രവർത്തനം വളരെ സ്ട്രക്‌ച്ചേർഡ് ആയിട്ടാണ്. അതിൽ

അവർക്ക് അമിത ജോലിഭാരം ഉണ്ടാകാതിരിക്കാൻ ഫീൽഡ്തലത്തിലുള്ള മറ്റ് ആരോഗ്യ പ്രവർത്തകരുടെ സംഘടനകളുമായി ആശയവിനിമയം നടത്തി, രണ്ടര വർഷം മുമ്പ് കൃത്യമായ ഗൈഡ്‌ലൈൻസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു.

ചില സംസ്ഥാനങ്ങളിൽ മെറ്റേർണിറ്റി ലീവുണ്ടെന്ന് ചില മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്ത കൊടുക്കുന്നത് കണ്ടു. നേരത്തേ തന്നെ പ്രസവാവധി അനുവദിച്ച സംസ്ഥാനമാണ് കേരളം. അത് ഒന്നുകൂടി ഉറപ്പിക്കുന്നതിന് 2023-ൽ പ്രത്യേകമായി ഒരു ഉത്തരവും ഇറക്കി. തീർച്ചയായും ആശാ വർക്കർമാരുടെ പ്രവർത്തനം വളരെ വളരെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. നിലവിൽ അവരുടെ സ്‌കീം വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങളിൽ കാതലായ മാറ്റം വരണമെന്നു തന്നെയാണ് നമ്മൾ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചിട്ടുമുണ്ട്.

ശൈലി പോപ്പുലേഷൻ സർവേ നടത്തുന്ന സമയത്തുതന്നെ കേന്ദ്രത്തിന്റെ ഒരു ടി.ബി പ്രോഗ്രാം വന്നപ്പോൾ, അതിന്റെ ചുമതലയുള്ള ചില ഉദ്യോഗസ്ഥർ ടി.ബി പ്രോഗ്രാം സർവേ പ്രത്യേകം നടത്തണമെന്ന് പറഞ്ഞു. ആറാം തീയതിയിലെ സമരത്തിൽ ആശമാർ ഇത്തരം ബുദ്ധിമുട്ടുകൾ കൂടി ഉന്നയിച്ചു. അവരുടെ ആവശ്യം പരിഗണിച്ചുകൊണ്ട്,​ ശൈലി സർവേയിൽ ഇത് ഉൾപ്പെട്ടിട്ടുള്ളതിനാൽ മറ്റേത് പരിഗണിക്കേണ്ടതില്ലെന്ന് പറയുകയുണ്ടായി. കേന്ദ്രത്തിന്റെ സ്‌കീം സംബന്ധിച്ച കാര്യങ്ങളിൽ കാതലായ മാറ്റം വേണമെന്നു പറഞ്ഞു. 2023-24 സാമ്പത്തിക വർഷം ആശമാർക്ക് കൊടുക്കേണ്ടിയിരുന്ന 100 കോടി രൂപയിൽ ഒരു രൂപപോലും കേന്ദ്രം നൽകിയിട്ടില്ല. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം പറയും,​ ഇത്ര കാേടി രൂപ തരുമെന്ന്. 60 ശതമാനം കേന്ദ്രം തരും; 40 ശതമാനം സംസ്ഥാനം നൽകും. ഞാൻ ഇൻസെന്റീവിന്റെ കാര്യം പറഞ്ഞല്ലോ. അത് കേന്ദ്രം മാത്രമല്ല നൽകുന്നത്. ഫിക്സഡ് ഇൻസെന്റീവും മറ്റ് ഇൻസെന്റീവും കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിലാണ് നൽകുന്നത്. 100 കോടി രൂപ കേന്ദ്രം നൽകിയില്ലെന്നതു മാത്രമല്ല,​ ഇതു സംബന്ധിച്ച് തുടർച്ചയായുള്ള ആവശ്യങ്ങളിൽ അനുഭാവപൂർണമായ നിലപാട് ഉണ്ടായിട്ടില്ല. തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ആശമാർ കൂടി ഉൾപ്പെടണം എന്നത് കേന്ദ്രത്തോട് നമുക്ക് ആവശ്യപ്പെടാവുന്നതാണ്.

ഒരു സംസ്ഥാനം കഴിഞ്ഞ ദിവസം പറഞ്ഞു, എല്ലാം കൂടി 10,​000 രൂപ ആശമാർക്ക് നൽകാമെന്ന്. അതിവിടെ ഒരു മാദ്ധ്യമത്തിൽ വലിയ ബ്രേക്കിംഗ് വാർത്തയായിരുന്നു. കേരളത്തിൽ 10,​000-ത്തിനും 13,​000-ത്തിനും ഇടയിൽ വേതനം ലഭിക്കുന്നുണ്ട്. 14,​000 രൂപ വാങ്ങുന്ന ആശാ വർക്കർമാരുമുണ്ട്. ഈ നിലയിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം,​ പാർലമെന്റ് സെഷന് തൊട്ടുമുമ്പ് എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ല എന്നതും പറഞ്ഞിരുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ,​ ആരാേഗ്യ വകുപ്പിന്റെ എന്തെല്ലാം വിഷയങ്ങളാണ് കേന്ദ്രത്തോട് ഉന്നയിക്കാനുള്ളതെന്ന് ചർച്ച ചെയ്തപ്പോൾ, ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കാനുള്ള 600 കോടിയിലധികം രൂപ നേടിയെടുക്കണമെന്ന കാര്യവും യോഗത്തിൽ പറഞ്ഞിരുന്നു. ബഹുമാനപ്പെട്ട എം.പിമാർ ആ വിഷയം ഉന്നയിക്കണമെന്നാണ് എനിക്ക് പ്രത്യേകമായി ഒരിക്കൽക്കൂടി അഭ്യർഥിക്കുവാനുള്ളത്. ഇത് കേരളത്തിന്റെ ആവശ്യമാണ്; ആശമാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യമാണ്.

(ഇന്നലെ നിയമസഭയിൽ കെ.ശാന്തകുമാരിയുടെ സബ്മിഷന് ആരോഗ്യമന്ത്രി വീണാജോർജ് നൽകിയ മറുപടി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION