SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

അസ്ഥിര രാഷ്‌ട്രീയത്തിന്റെ ദുർഗതിയിൽ പാകിസ്ഥാൻ

d

ബലൂചിസ്ഥാനിൽ അടുത്തിടെ നടന്ന ട്രെയിൻ തട്ടിക്കൊണ്ടുപോകൽ പാകിസ്ഥാന്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷ ചരിത്രത്തിന്റെ തുടർക്കഥയാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ)​ പ്രവർത്തകർ പിടിച്ചെടുത്ത ട്രെയിനിൽ നിന്ന് ഏറെ വൈകിയാണ് പാക് സൈന്യം യാത്രക്കാരെ മോചിപ്പിച്ചത്. ബി.എൽ.എ പ്രവർത്തകരും പാക് സൈനികരും അടക്കം നിരവധി പേർ കൊല്ലപ്പെട്ടതിന്റെ കണക്കുകൾ എത്രത്തോളം കൃത്യമെന്ന് വ്യക്തമല്ല. 1947-ൽ സ്വാതന്ത്ര്യം നേടിയതു മുതൽ രാഷ്‌ട്രീയമായും സൈനികമായും പഞ്ചാബി മേഖലയുടെ ആധിപത്യമായിരുന്നു പാകിസ്ഥാനിൽ. ഇതിനെതിരെ പഞ്ചാബികൾ അല്ലാത്തവരുടെ ചെറുത്തുനിൽപ്പ്,​ ബംഗ്ളാദേശ് രൂപീകരണം അടക്കം ചരിത്രത്തിലുടനീളമുണ്ട്. അതാണ് ബലൂചിസ്ഥാനിലും കാണുന്നത്.

1970-ലെ തിരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്ഥാനിലെ നേതാവായ മുജിബുർ റഹ്‌മാന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സുൽഫിക്കർ അലി ഭൂട്ടോ സമ്മതിക്കാതിരുന്നതാണ് കലാപത്തിലേക്കു നയിച്ചത്.ഇന്ത്യ പിന്തുണച്ചതുകൊണ്ട് കലാപം ജയിച്ചു. വെസ്റ്റ് പാകിസ്ഥാൻ ആർമിയുടെ ക്രൂരതകളെ തുടർന്ന് ഒരു കോടിയോളം അഭയാർത്ഥികൾ ഇന്ത്യയിൽ വന്നു. ഇതാണ് യുദ്ധത്തിലേക്ക് നയിച്ചത്. യുദ്ധം പാകിസ്ഥാനെ തകർക്കാനായിരുന്നില്ല. പക്ഷേ യുദ്ധത്തോടെ അവർ തകർന്നുവെന്നത് യാഥാർത്ഥ്യം. അത് സ്വയം സംഭവിച്ചതാണ്.

ബലൂചികളുടെ

സ്വാതന്ത്ര്യമോഹം

പഞ്ചാബി ആധിപത്യത്തെ ഇപ്പോഴും എതിർക്കുന്ന ബലൂചിസ്ഥാൻ 1947-ൽത്തന്നെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടിരുന്നു. ബലൂചിസ്ഥാൻ സ്വതന്ത്രമായാൽ അതിൽ ചേരാൻ ഇറാനിലുള്ള ബലൂചികളും ആഗ്രഹിച്ചു. നിലവിൽ ബലൂചിസ്ഥാനിൽ നടക്കുന്ന കലാപത്തിന് വേറെയും കാരണങ്ങളുണ്ട്. ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിർമ്മാണത്തെ ബി.എൽ.എ സംശയത്തോടെ കാണുന്നു. ഇത് ബലൂചിസ്ഥാന്റെ ധാതു ലവണങ്ങൾ ഉപയോഗിച്ച് പഞ്ചാബി പാകിസ്ഥാനെ മെച്ചപ്പെടുത്താനാണെന്ന് അവർ വിശ്വസിക്കുന്നു. പദ്ധതിയുമായി സഹകരിക്കുന്ന ചൈനീസ് എൻജിനിയർമാർ അടക്കം അക്രമത്തിന് ഇരയാകാറുണ്ട്.

ബലൂചിസ്ഥാന്റെ പരമാധികാരം പിടിച്ചുനിറുത്തുന്നതിൽ പാകിസ്ഥാൻ എത്രത്തോളം വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കൂടാതെ,​ അതിൽ ഇന്ത്യയുടെ അടക്കം വിദേശശക്തികളുടെ ഇടപെടലുണ്ടെന്ന പാകിസ്ഥാൻ ആരോപണവും തെളിയിക്കുക ബുദ്ധിമുട്ടാണ്. അവിടെ ഇസ്രായേൽ, അമേരിക്ക ഇടപെടലുണ്ടെന്ന ചില ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തൊട്ടടുത്ത ഇറാനു മേലുള്ള താത്പര്യമണ് ഇസ്രായേലിനെ ആകർഷിക്കുന്നത്. കാരണം. ഇറാനെ തകർക്കാൻ അവർ ആഗ്രഹിക്കുന്നു. ഇസായേലിനെ പ്രീതിപ്പെടുത്താൻ യു.എസ് ഇന്റലിജൻസും അവിടെ ഇടപെടുന്നുണ്ടാകും. ഇതൊക്കെ അനുമാനങ്ങൾ മാത്രം.

പാകിസ്ഥാന്റെ

സ്ഥിതി മോശം

പൊതുവെ പാകിസ്ഥാന്റെ രാഷ്‌ട്രീയ സ്ഥിതി മോശമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ഇല്ലായിരുന്നെങ്കിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്കി ഇൻസാഫ് (പി.ടി.ഐ) പാർട്ടി ജയിച്ചേനെ. അവരുടെ തോൽവിക്ക് അമേരിക്കയും കാരണമായി. യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷം ഇമ്രാൻ റഷ്യയിൽ പോയത് അമേരിക്കയ്‌ക്ക് ഇഷ്ടമായില്ല. ഇമ്രാനെ താഴെയിറക്കാനുള്ള നവാസ് ഷെരീഫ് അടക്കമുള്ള നേതാക്കളുടെ ആഗ്രഹത്തിനൊപ്പം അമേരിക്ക പ്രവർത്തിച്ചു.

എന്തുകൊണ്ട് പാകിസ്ഥാന് ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യമാകാൻ സാധിച്ചില്ല? ചരിത്രം നോക്കിയാൽ അമേരിക്കയും പാകിസ്ഥാനും തമ്മിൽ 1954-ൽ ഉണ്ടാക്കിയ പ്രതിരോധ കരാറിന് അതിൽ വലിയൊരു പങ്കുണ്ട്. 1958-ലാണ് അവിടെ ആദ്യ സൈനിക അട്ടിമറി സംഭവിച്ചത്. അതിനു ശേഷമുള്ള 38 വർഷവും സൈന്യത്തിന്റെ കീഴിലായിരുന്നു പാകിസ്ഥാൻ. അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ ഫോസ്റ്റർ ഡള്ളസ് മുൻകൈയെടുത്ത് കരാർ നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കാശ്മീരിലെ ജനഹിത പരിശോധന നടന്നേനെ. അതിന്റെ ഫലം ഇന്ത്യയ്‌ക്ക് അനുകൂലമാവുകയും ചെയ്യുമായിരുന്നു. ജനഹിത പരിശോധനയിൽ തോറ്റതിനാൽ ജമ്മു കാശ്മീർ ഇല്ലാതെ മുന്നോട്ടുപോകാൻ സമയമായെന്ന് അവരുടെ നേതാക്കൾ പറഞ്ഞേനേ.


പാകിസ്ഥാനുമായി സമാധാനം ഊട്ടിയുറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അനുകൂലമായിരുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലെ ഒരു പ്രധാന ചാനലുമായി നടത്തിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞത്. ഇത് ഒരു വസ്‌തുതയുമാണ്. എന്നാൽ,​ പാകിസ്ഥാന്റെ ഇതുവരെയുള്ള സമീപനങ്ങൾ വച്ച് ഇനി ഇന്ത്യ സമാധാന ശ്രമങ്ങൾ നടത്തില്ലെന്ന് അർത്ഥമില്ല. അതേസമയം 2019-ൽ ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കുകയും 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്‌തപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,​ രക്തം കൊടുത്തും പാക് അധിനിവേശ കാശ്‌മീർ സ്വതന്ത്രമാക്കുമെന്നു പറഞ്ഞതും പ്രസക്തമാണ്.

ജമ്മു കാശ്മീരിലെ

ഹിത പരിശോധന

ജമ്മു കാശ്‌മീർ പ്രശ്‌നം പരിഹരിക്കണമെന്നും ഐക്യരാഷ്ടട്ര സഭയുടെ പ്രമേയ പ്രകാരമുള്ള നടപടി വേണമെന്നും പാകിസ്ഥാൻ ആവർത്തിക്കുന്നുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിലെ ഒരു കാര്യം,​ ജനഹിത പരിശോധന വേണമെന്നതായിരുന്നു. ഇക്കാര്യം ഇരു രാജ്യങ്ങളും അംഗീകരിച്ചതുമാണ്. 1953-54 ലെ ധാരണപ്രകാരം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു,​ ജമ്മു കാശ്‌മീരിലെ ജനഹിത പരിശോധനയ്‌ക്ക് പ്രാരംഭ നടപടികൾ സ്വീകരിച്ചിരുന്നു. ആ സമയത്താണ് അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ ഫോസ്റ്റർ ഡള്ളസ് പാകിസ്ഥാനിൽ സന്ദർശനം നടത്തിയത്.

അന്ന് സോവിയറ്റ് യൂണിയൻ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ സമയമായിരുന്നു. യു.എസ് സൈന്യത്തെ വിദേശത്ത് നിറുത്താനുള്ള വൻ സാമ്പത്തിക ബാദ്ധ്യത മുന്നിൽക്കണ്ട് കുറഞ്ഞ ചെലവിൽ സൈന്യത്തെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അന്ന് യു.എസ് പ്രസിഡന്റും രണ്ടാം ലോകമഹായുദ്ധ സമയത്തെ സുപ്രീം കമാൻഡറുമായിരുന്നന്ന ഡ്വൈറ്റ് ഐസനോവർ. അദ്ദേഹത്തിന്റെ തിരച്ചിൽ ചെന്നെത്തിയത് പാകിസ്ഥാനിൽ. അങ്ങനെ പ്രതിരോധ കരാറായി. തുടർന്ന് അമേരിക്കയുടെ ആയുധങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകാൻ തുടങ്ങി.

യു.എസ് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുകാശ്‌മീർ പിടിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്ന് സംശയമുദിച്ചതോടെ നെഹ്‌റുവിന്റെ മനസുമാറി. അങ്ങനെ അദ്ദേഹം ജനഹിത പരിശോധനയിൽ നിന്ന് പിന്മാറിയതാണ് ചരിത്രം. അതോടെ ജമ്മുകാശ്‌മീരിന്റെ കാര്യത്തിൽ പാകിസ്ഥാന് അവകാശവാദം ഉന്നയിക്കാനുള്ള യോഗ്യതയും ഇല്ലതായി. പാകിസ്ഥാനുമായി നല്ല ബന്ധമുണ്ടാക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് അനിവാര്യമാണ്. ഇന്ത്യയുമായി നല്ല ബന്ധം പാകിസ്ഥാനും വേണം. ഇക്കാര്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെന്നു വച്ച് ഇനിയും ശ്രമിക്കാതിരിക്കുന്നതിൽ യുക്തിയില്ല.

അയൽബന്ധം

അനിവാര്യം

പാകിസ്ഥാനെ കീഴടക്കണമെന്ന് ഇന്ത്യ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. 1960-ൽ ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് പാകിസ്ഥാനുമായി ജലം പങ്കിടാനുള്ള ഇൻഡസ് കരാർ ഒപ്പിട്ടത് ഉദാഹരണം. ഇന്ദിരയുടെ കാലത്തെ യുദ്ധം പാകിസ്ഥാൻ ചോദിച്ചു വാങ്ങിയതാണ്. അയൽവാസിയുടെ വീടിന് തീപിടിച്ചാൽ അത് നമ്മുടെ വീട്ടിലേക്കും വ്യാപിക്കും. അവർ ആണവ ശക്തിയാണ്. പാകിസ്ഥാൻ തകർന്നാൽ ആണവ ആയുധങ്ങൾ ആരുടെ കൈയിലാകുമെന്നത് ഗുരുതരമായ വിഷയമാണ്. അയൽവാസിയോട് നന്നായി പെരുമാറുവാൻ നമ്മളും ശ്രമിക്കണം.

ഭാവിയിൽ ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ പാകിസ്ഥാന് സൗദിയിൽ നിന്നും മറ്റും സാമ്പത്തിക പിന്തുണ ലഭിച്ചേക്കാം. പാകിസ്ഥാന്റെ വൻ തോൽവി ചൈന ആഗ്രഹിക്കുന്നില്ല. അവർ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തും. അമേരിക്കയും റഷ്യയും സമ്മർദ്ദം ചെലുത്തിയാണ് പഴയ യുദ്ധങ്ങൾ നിറുത്തിയത്. പാകിസ്ഥാനുമായുള്ള നയത്തിൽ ദീർഘകാല പ്ളാനിംഗ് വേണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു മാത്രമുള്ള നയങ്ങൾ ശരിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION