
സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് മധുര പാർട്ടി കോൺഗ്രസിലേക്ക് പോകുമ്പോൾ നവകേരള സൃഷ്ടി മുതൽ ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ ഫാസിസ്റ്റ് ഭരണകൂടമാണോ എന്നതുവരെ അണികളുടെ ചർച്ചയിലുണ്ട്. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സംസാരിക്കുന്നു:
? സി.പി.എം മധുര പാർട്ടി കോൺഗ്രസിലെ പ്രധാന അജണ്ട.
നവ ഫാസിസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ ചെറുക്കാൻ രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളെ അണിചേർക്കുകയാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. 1972-ലാണ് മധുരയിൽ അവസാനം പാർട്ടി കോൺഗ്രസ് നടന്നത്. അന്ന് ഇന്ദിരാഗാന്ധി നേതൃത്വം നൽകുന്ന സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്. ഇന്ദിരയെന്ന ഒറ്റശിലയിലൂടെ രാജ്യം അമിതാധികാര വാഴ്ചയിലേക്ക് നീങ്ങിയ കാലം. അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ പാർട്ടി പറഞ്ഞു, രാജ്യം അർദ്ധ ഫാസിസ്റ്റ് ഭീകരതയിലൂടെയാണ് മുന്നേറുന്നതെന്ന്. അന്നും ഫാസിസമാണ് രാജ്യത്ത് എന്നു പറഞ്ഞിട്ടില്ല.
ഇന്ന്, ബി.ജെ.പി സർക്കാരിനെ ഫാസിസ്റ്റെന്നു പറയാൻ സി.പി.എം മടിക്കുന്നെന്ന് ചിലർ ആരോപണമുന്നയിക്കുന്നു. എന്താണ് ഫാസിസം എന്ന് അറിയാത്തവർ പറയുന്നതിനോട് പ്രതികരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല. ശരിയായ ഫാസിസം ഹിറ്റ്ലറിന്റേയും മുസോളിനിയുടെയും കാലത്ത് ലോകം കണ്ടതാണ്. കോടതിയും മറ്റ് നിയമവ്യവസ്ഥകളും സൈന്യവുമെല്ലാം സർക്കാരിന്റെ ആജ്ഞാനുവർത്തികളാവുകയും പത്രസ്വാതന്ത്ര്യമടക്കം എല്ലാം തച്ചുടയ്ക്കുന്നതുമാണ് ശരിയായ ഫാസിസം. അതിപ്പോൾ ആ രൂപത്തിൽ രാജ്യത്തില്ല.
പക്ഷേ, അത്തരമൊരു ഭീതിദമായ അന്തരീക്ഷത്തിലേക്ക് രാജ്യം പോകുന്നുണ്ട്. അതിന്റെ പ്രവണതകൾ കാണാനുണ്ട് . അതിനെ ഫലപ്രദമായി ചെറുക്കാനുള്ള നയപരിപാടികളാണ് പ്രധാനമായും സമ്മേളനം ചർച്ച ചെയ്യുക. അതിനൊപ്പം ആ കടമ ഏറ്റെടുക്കണമെങ്കിൽ പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്ര ശക്തി വളരെയേറെ വർദ്ധിപ്പിക്കാൻ കഴിയണം. അതിനായുള്ള പ്രവർത്തന പരിപാടിയും നയങ്ങളും ആവിഷ്‌കരിക്കണം. പാർട്ടി കോൺഗ്രസ് അതിലും ശ്രദ്ധിക്കും.
? ഈ ചേരിയിൽ കോൺഗ്രസുണ്ടാവുമോ.
തീർച്ചയായും. ഫാസിസ്റ്റ് പ്രവണതകളെ എതിർത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ അത്തരം ഇടതുപക്ഷ ഇതര പാർട്ടികൾക്കും പങ്കുവഹിക്കാനുണ്ട്. 1971-ൽ ഇന്ദിരയുടെ കാലത്തുണ്ടായിരുന്ന കോൺഗ്രസല്ല രാജ്യത്തിപ്പോൾ. എങ്കിലും വളരെ കുറച്ചു മാത്രമാണ് അവർ മാറിയത്. ബി.ജെ.പി പോലൊരു കക്ഷിയെ ചെറുക്കുന്നതിൽ അവർക്ക് വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാനായിട്ടില്ല. അതിന് അവരുടെ സാമ്പത്തിക നയങ്ങൾ കാര്യമായി പുന:പരിശോധിക്കണം. വർഗീയതയുമായി ചിലപ്പോൾ ഒത്തുതീർപ്പിൽ എത്തുന്നതും തിരുത്തണം . അതുകൊണ്ടുതന്നെ, ഈ പാർട്ടി കോൺഗ്രസിന്റെ പ്രധാന ഉത്തരവാദിത്വം ബി.ജെ.പിയുടെ നയപരിപാടികൾക്കെതിരെ യോജിച്ച മുന്നേറ്റമുണ്ടാക്കുകയാണ്.
? കേരളത്തിൽ നിന്ന് ഒരു പാർട്ടി ജനറൽ സെക്രട്ടറി ഉണ്ടാവുമെന്ന് കേൾക്കുന്നല്ലോ...
ഞാൻ കേട്ടില്ല. അതെല്ലാം പാർട്ടി കോൺഗ്രസാണ് തീരുമാനിക്കുക.
? പ്രായപരിധി ഇളവ് പിണറായിക്കു മാത്രമാണോ.
രാജ്യത്ത് ഇന്ന് പാർട്ടി നയിക്കുന്ന സർക്കാരുള്ളത് കേരളത്തിൽ മാത്രമാണ്. സ്വാഭാവികമായും പാർട്ടി പിണറായിക്ക് ഇളവ് നൽകിയിട്ടുണ്ട്. അതുസംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിലുണ്ടാവും. നിലവിൽ പ്രായപരിധി കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയടക്കം കാര്യങ്ങളിൽ സമ്മേളനം വ്യക്തത വരുത്തും.
? പിണറായി അവതരിപ്പിച്ച നവകേരള ലൈൻ പഴയകാല പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണോ.
ഒരിക്കലുമല്ല. കേരളം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് അല്ലല്ലോ. അതിനാൽ ആ പരിമിതിക്കുള്ളിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങളാണ് പിണറായിയുടെ നേതൃത്വത്തിൽ സമ്മേളനം വിശദമായി ചർച്ചചെയ്തത് . അതു മനസിലാക്കിയുള്ള ചർച്ചതന്നെയാണ് കൊല്ലം സമ്മേളനത്തിൽ നടന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |