
പി.കെ. മേദിനി. പുന്നപ്ര വയലാറിന്റെ മണ്ണിൽ വെടിയൊച്ചകൾ മുഴങ്ങിയ കാലത്ത് അവകാശപ്പോരാട്ടങ്ങളുടെ തീ മനസിലേറ്റി പന്ത്രണ്ടാം വയസിൽ സമരത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളിലേക്ക് കടന്നുവന്ന പെൺകുട്ടി. കാലം പിന്നീട് അവരെ വിപ്ലവഗാനങ്ങളുടെ ശബ്ദമെന്ന് വിളിച്ചു. പി.കെ.മേദിനിയുടെ ജീവിതം പുന്നപ്ര വയലാർ സമരത്തിന്റെ ചരിത്രം മാത്രമല്ല, അനീതിക്കും ചൂഷണത്തിനുമെതിരായ ചെറുത്തുനിൽപ്പ് കൂടിയാണ്. 1946 ഒക്ടോബർ 24ന് ആലപ്പുഴയുടെ മണ്ണിൽ ചരിത്രം രക്തംകൊണ്ട് എഴുതപ്പെട്ടൊരു അദ്ധ്യായത്തിന് കേരളം സാക്ഷിയായി. എൺപത് വർഷമാകുന്ന ആ സമരത്തിന്റെ ഓർമ്മകൾ പുതുക്കുമ്പോൾ, ആ ചരിത്രത്തിന്റെ ഹൃദയമിടിപ്പായി ഇന്നും മുഴങ്ങുന്നത് മേദിനിയുടെ വിപ്ലവഗാനങ്ങളാണ്. 94ാം വയസിലും ഓർമ്മകൾക്ക് മങ്ങലേൽക്കാത്ത, ആ സമരകാലത്തിന്റെ സ്മൃതികൾ വൈക്കത്ത് പാർട്ടി നിർമ്മിച്ചു നൽകിയ 'റെഡ് സല്യൂട്ട്' എന്ന വീട്ടിലിരുന്ന് കേരളകൗമുദിയുമായി പങ്കുവയ്ക്കുകയാണ് പി.കെ.മേദിനി.
ഒളിമങ്ങാത്ത ഓർമ്മകൾ
അക്കാലത്തെ സാധാരണക്കാരുടെ ജീവിതം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും കഠിനാദ്ധ്വാനം ചെയ്തിട്ടും ദാരിദ്ര്യത്തിൽനിന്ന് മോചനം നേടാനായില്ല. ചെയ്യുന്ന ജോലിക്ക് സ്ഥിരമായ കൂലി, സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ 17 ആവശ്യങ്ങൾക്കു വേണ്ടി തൊഴിലാളികൾ സംഘടിച്ച്, അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി. പ്രധാന ആവശ്യങ്ങൾ നടപ്പിലാകാതെ വന്നതിനെ തുടർന്ന് 1946 ഒക്ടോബർ 24ന് പുന്നപ്രയിലും വയലാറിലും തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ഏറ്റുമുട്ടലുകൾ, ആ പോരാട്ടത്തിന്റെ ഏറ്റവും രക്തരൂക്ഷിതമായ അദ്ധ്യായങ്ങളായി.
സമരത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. തൊഴിലാളികൾ ജയിലിൽ അടയ്ക്കപ്പെട്ടതോടെ പല കുടുംബങ്ങളും അനാഥമായി. വിധവകളെ പൊലീസുകാർ പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയതും സ്ത്രീകളെ നഗ്നരാക്കി നിറുത്തിയതും ലാത്തിക്ക് അടിയേറ്റ കർഷക നേതാക്കളും വെടിയേറ്റ് ഓടുന്ന തൊഴിലാളികളുമൊക്കെ ഭീകരമായ ഓർമ്മകളായി ഇന്നും മനസിൽ മായാതെ നിൽക്കുന്നു. വർഷങ്ങൾ എത്ര മുന്നോട്ടുപോയാലും ഈ ഓർമ്മകൾക്ക് മങ്ങലേൽക്കില്ല. ഒരു ജനതയുടെ അതിജീവനത്തിന്റെയും അവകാശപ്പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകളാണ് അത്. എൺപത് വർഷം പിന്നിട്ടിട്ടും ആ വെടിയൊച്ചകൾ മറക്കാനാകുന്നില്ല.
അന്നെനിക്ക് പന്ത്രണ്ട് വയസ്
ആലപ്പുഴയിലെ ചീരഞ്ചിറയിൽ പുത്തൻപുരയ്ക്കൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ട് മക്കളിൽ ഇളയവളായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആറാം ക്ലാസിൽ പഠനം നിറുത്തേണ്ടി വന്നു. സമരം ശക്തമായതോടെ വീടിനടുത്ത് ഒളിവിൽ താമസിച്ചിരുന്ന പി.കൃഷ്ണപിള്ളയുമായുള്ള പരിചയം ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹത്തിന് ചക്കരക്കാപ്പിയും പയറുമൊക്കെ എത്തിച്ച് നൽകിയിരുന്നു. അന്നെനിക്ക് പന്ത്രണ്ട് വയസായിരുന്നു പ്രായം.
സമരം ശക്തമായതോടെ ഞങ്ങളുടെ വീടും പട്ടാളം തകർത്തു. സഹോദരൻ കെ.ബാവയെ പൊലീസ് പിടികൂടി അഞ്ചുവർഷം സെൻട്രൽ ജയിലിലടച്ചു. ഇ.എം.എസിന്റെ നിരോധിക്കപ്പെട്ട 'ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകം ഒരിടത്ത് എത്തിച്ചുകൊടുത്തതും ഓർമ്മയുണ്ട്. ഒൻപത് ദിവസങ്ങൾക്കുശേഷം പാമ്പുകടിയേറ്റ് കൃഷ്ണപിള്ള മരിച്ച വിവരം അറിഞ്ഞപ്പോൾ സങ്കടം തോന്നി. അന്ന് തുടങ്ങിയ പാർട്ടി ബന്ധവും പൊതുപ്രവർത്തനവുമാണ് ജീവിതത്തിന്റെ ഭാഗമായത്. സമരത്തിന്റെ പേരിൽ കുടുംബത്തിന് നേരിടേണ്ടിവന്ന ദുരിതങ്ങൾ ചെറുതല്ല. അവകാശങ്ങൾക്കായി മനുഷ്യർ തെരുവിലിറങ്ങിയതും അവരെ അടിച്ചമർത്താൻ അധികാരികൾ ശ്രമിച്ചതും നേരിട്ടറിഞ്ഞ കാലമായിരുന്നു.
ആദ്യ പൊലീസ് മർദ്ദനം
ജീവിതത്തിൽ പാട്ട് എന്നും ആയുധമായിരുന്നു. തൊഴിലാളികളുടെ വിഷമങ്ങളും അവകാശങ്ങളും ജനങ്ങളിലെത്തിക്കാൻ പാട്ടിലൂടെ കഴിയുമെന്ന് വിശ്വസിച്ചു. ചെറുപ്പത്തിൽ സ്കൂളിൽ 'വഞ്ചിഭൂമിപതേ' പാടിയായിരുന്നു തുടക്കം. പിന്നീട്, മുദ്രാവാക്യപ്പാട്ടുകളിലേക്ക് കടന്നു. സമരവേദികളിലും പാടിത്തുടങ്ങി. പാട്ടുപാടിയതിന്റെ പേരിൽ പൊലീസിന്റെ മർദ്ദനവും നേരിടേണ്ടി വന്നു. കോട്ടയത്ത് നടന്ന സമ്മേളനത്തിൽ അധികാരികൾ നിരോധിച്ച പാട്ട് പാടിയതിന് പതിനേഴാം വയസിൽ പൊലീസ് പിടികൂടി. കോട്ടയം ഭാസിയുടെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ സബ് ഇൻസ്പെക്ടർ മുടിക്കുത്തിന് പിടിച്ച് മുഖത്തടിച്ചു. 'റാസ്കൽ' എന്നാണ് വിളിച്ചത്.
ജീവിതത്തിൽ ആദ്യമായി പൊലീസിന്റെ കൈയിൽനിന്ന് മർദ്ദനമേറ്റത് അന്നാണ്. കോടതിയിൽ ഹാജരാക്കിയപ്പോഴും കൈകൂപ്പിയില്ലെന്ന കാരണത്താൽ 500 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. അന്ന് അതൊരു വലിയ തുകയായിരുന്നു. കോട്ടയത്തെ പാർട്ടി പ്രവർത്തകർ പണം സമാഹരിച്ചാണ് പിഴയടച്ചത്. സമരരംഗത്തുണ്ടായിരുന്ന സ്ത്രീകൾക്കും ക്രൂരമായ അനുഭവങ്ങളുണ്ടായി. ഗൗരിഅമ്മയെയും കൂത്താട്ടുകുളം മേരിയെയും പൊലീസുകാർ ബൂട്ടിട്ട് ചവിട്ടുകയും വായിൽ മൂത്രമൊഴിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളാണെന്ന പരിഗണനയൊന്നും അന്നുണ്ടായിരുന്നില്ല. പാട്ടുപാടുന്നവരെയും സമരത്തിൽ പങ്കെടുക്കുന്നവരെയും വെറുതെ വിട്ടില്ല. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ഭീതിയാണ്.
പാട്ട് സമരായുധമായി
പാട്ടുപാടുക എന്നത് കലാപ്രകടനം മാത്രമായിരുന്നില്ല. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതം പാട്ടുകളിലൂടെ പറയാനും അവരുടെ പോരാട്ടങ്ങൾക്ക് ശബ്ദമാകാനും കഴിഞ്ഞു. ജനങ്ങൾ ഒത്തുചേരുന്ന വേദികളിൽ പാട്ടിന് വലിയ സ്ഥാനമുണ്ടായിരുന്നു. കോമളപുരത്തെ സ്പിന്നിംഗ് മില്ലിൽ ഇരുപതുവർഷത്തോളം ജോലി ചെയ്തതോടെ തൊഴിലാളികളുടെ പ്രശ്നങ്ങളെയും കൂടുതൽ അടുത്തറിയാൻ സാധിച്ചു. തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങൾക്ക് ശബ്ദമായ വിപ്ലവഗായികയായി അറിയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ പ്രധാന നേട്ടമായി കരുതുന്നു. സമരഗാനങ്ങളും പ്രസംഗങ്ങളും നാടകങ്ങളും ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.
ഉച്ചഭാഷിണികൾ ഇല്ലാതിരുന്ന അക്കാലത്ത് സമ്മേളനങ്ങളുടെ നോട്ടീസിൽ തന്റെ പാട്ടുണ്ടെന്നും ഉച്ചഭാഷിണിയുണ്ടെന്നും പറഞ്ഞാൽ ആളുകൾക്ക് കൂട്ടത്തോടെ എത്തിയിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും പാടാൻ സാധിച്ചു. കണിയാപുരം രാമചന്ദ്രൻ എഴുതിയ 'റെഡ് സല്യൂട്ട്' എന്ന പാട്ടാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആലപിച്ചത്. ടി.വി.തോമസ്, കെ.ആർ.ഗൗരിഅമ്മ, ആർ.സുഗതൻ തുടങ്ങിയ നേതാക്കൾ ജയിൽമോചിതരായി എത്തിയപ്പോഴുള്ള സ്വീകരണച്ചടങ്ങുകളിൽ പാടാൻ അവസരം ലഭിച്ചതും ജീവിതത്തിലെ ഓർമ്മിക്കപ്പെടുന്ന അദ്ധ്യായങ്ങളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |