SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

ജലരേഖയായി, ഇടുക്കി രണ്ടാം വൈദ്യുത പദ്ധതി

moolmattom-power-station

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയും വൈദ്യുതി ഉപയോഗം സർവകാല റെക്കാഡുകൾ ഭേദിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. നമുക്ക് ആവശ്യമുള്ള വൈദ്യുതിയുടെ 25% ഓളം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ശേഷിക്കുന്നത് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വലിയ വിലയ്ക്ക് വാങ്ങുകയാണ്. ഇതിന്റെ സാമ്പത്തിക ഭാരം പവർകട്ടായും വൈദ്യുതിച്ചാർജ് വർദ്ധനവായും പ്രതിഫലിക്കുമ്പോൾ, പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകേണ്ട പുതിയ ജലവൈദ്യുത പദ്ധതികൾ എങ്ങുമെത്താതെ നിൽക്കുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ഇടുക്കി രണ്ടാം വൈദ്യുത നിലയം.

സംസ്ഥാനത്തെ ഏറ്റവും വലിയ പവർഹൗസ് സ്ഥിതിചെയ്യുന്ന മൂലമറ്റത്ത് തന്നെയാണ് പുതിയ ഭൂഗർഭ നിലയവും സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്. നിലവിലെ ഇടുക്കി പദ്ധതിയുടെ സുവർണ ജൂബിലി ഉപഹാരമായി 2026 ഫെബ്രുവരിക്ക് മുമ്പ് പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ നിർമ്മാണം തുടങ്ങാൻ പോലുമായിട്ടില്ല. പദ്ധതി ആരംഭിക്കാൻ വേണ്ട 14 പ്രധാന അനുമതികളിൽ 12 എണ്ണം മാത്രമാണ് ലഭ്യമായത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതികാനുമതി 2022 ജൂണിൽ ലഭിച്ചതാണ്. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയായിട്ടില്ല. 2,670 കോടി രൂപയാണ് പദ്ധതിച്ചെലവ്.

കുളമാവ് ഡാമിൽ നിന്ന് ഇൻടേക്ക് സ്ഥാപിച്ച് അവിടെ നിന്ന് ടണൽ വഴിയും പിന്നീട് പെൻസ്റ്റോക്ക് വഴിയും പുതിയ പവർഹൗസിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി. ഉത്പാദനശേഷം മലങ്കര ജലാശയത്തിലൂടെ മൂവാറ്റുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി വിടും. പദ്ധതിക്കായി രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കവും നാല് കിലോമീറ്റർ ടെയിൽ റേസുമാണ് നിർമ്മിക്കേണ്ടത്. നിർമ്മാണം ആരംഭിച്ചാൽ നാല് മുതൽ അഞ്ച് വർഷമെടുക്കും പദ്ധതി പൂർത്തിയാകാൻ. നാല് കിലോമീറ്റർ ദൂരത്തിൽ ടണൽ നിർമ്മിക്കുന്നതിന് തന്നെ മൂന്ന് വർഷമെടുക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.


ഊർജ്ജ പ്രതിസന്ധി പരിഹരിക്കാം

നിലവിലെ നിലയത്തിൽ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്റുകളാണുള്ളത്. ആകെ 780 മെഗാവാട്ട്. പുതിയ നിലയത്തിൽ 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണുണ്ടാകുക. ഇതോടെ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. നിലവിൽ പ്രതിവർഷം ശരാശരി 2,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 900 മുതൽ 1,000 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിക്കുന്നത് വൈകിട്ട് 6.30 മുതൽ രാത്രി 10.30 വരെയുള്ള പീക്ക് സമയങ്ങളിലാണ്. വൻവില കൊടുത്താലും നിലവിൽ പീക്ക് ടൈമിൽ പുറത്തു നിന്ന് വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ട്. പുതിയ പവർഹൗസ് യാഥാർത്ഥ്യമായാൽ കുറഞ്ഞ ചെലവിൽ പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാം. കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും പ്രതിദിനം ലാഭമുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതിയുടെ മുടക്കു മുതൽ തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രളയസമയത്ത് ഡാം നിറയുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുക്കികളയേണ്ട സാഹചര്യവും ഒഴിവാകും.

പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കണം

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടിയുടെ നിർദ്ദേശപ്രകാരം, 2015ലെ ഗ്രീൻ ട്രൈബ്യൂണൽ വിധി അനുസരിച്ച് നദികളിൽ വർഷം മുഴുവനും നിശ്ചിത അളവിൽ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് പെരിയാറിലേക്ക് ഇത്തരത്തിൽ നീരൊഴുക്ക് ഉറപ്പാക്കാൻ നിലവിൽ സാങ്കേതികമായി സൗകര്യമില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ഈ നിബന്ധനയിൽ ഇളവ് ലഭിക്കുന്നതിനായി കേന്ദ്രസംസ്ഥാന തലങ്ങളിൽ മന്ത്രാലയങ്ങളുടെ ഇടപെടൽ തേടിയിരിക്കുകയാണ്. സ്ഥാപിത ശേഷി അംഗീകരിച്ചു കിട്ടിയാൽ മാത്രമേ തുടർന്നുള്ള ഡി.പി.ആർ അനുമതികൾ ലഭ്യമാകൂ.


സാങ്കേതിക വെല്ലുവിളികളും സാമ്പത്തിക ലാഭവും

പദ്ധതിക്കായി രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കവും നാല് കിലോമീറ്റർ ടെയിൽ റേസുമാണ് നിർമ്മിക്കേണ്ടത്. വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം നിലവിലെ നിലയത്തിലേതുപോലെ തന്നെ മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കിവിടാൻ സാധിക്കും. എന്നാൽ, നിർമ്മാണവേളയിലെ പാറ പൊട്ടിക്കൽ നിലവിലുള്ള പവർ ഹൗസിനെ ബാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പഠനം ആവശ്യമാണ്. വൻവില കൊടുത്താലും നിലവിൽ പീക്ക് ടൈമിൽ പുറത്തുനിന്ന് വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ട്.

എന്തുകൊണ്ട് സാദ്ധ്യമല്ല

ബാഹ്യ കമ്പനികളിൽ നിന്ന് വൻതുക നൽകി വൈദ്യുതി വാങ്ങുന്നത് തുടരുമ്പോഴും ആഭ്യന്തരമായി ആവിഷ്‌കരിക്കാൻ കഴിയുന്ന ഇത്തരം പദ്ധതികൾക്ക് അനുമതി വൈകുന്നത് കെ.എസ്.ഇ.ബിക്കും പൊതുജനങ്ങൾക്കും ഒരുപോലെ തിരിച്ചടിയാവുകയാണ്. ഭേദഗതി നടപടികൾ വേഗത്തിലാക്കി ഏകജാലക സംവിധാനത്തിലൂടെ ഇത്തരം പദ്ധതികൾക്ക് അനുമതി നൽകിയാൽ മാത്രമേ കേരളത്തിന് വരുംനാളുകളിലെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ സാധിക്കൂ. 44 നദികളും അവയുടെ കൈവഴികളും 67 മാസം നീണ്ടുനിൽക്കുന്ന മഴക്കാലവും കൊണ്ട് അനുഗ്രഹീതമായ കേരളത്തിൽ ഇത്തരം പദ്ധതികൾ സ്ഥാപിക്കാൻ കഴിയും. ഓരോ പദ്ധതിയിലും നിരവധി പേർക്ക് തൊഴിൽ ലഭിക്കുകയും അതുവഴി ആ പ്രദേശത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. വൈദ്യുതി വാങ്ങുന്നതിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന പണത്തിന്റെ അളവ് അൽപമെങ്കിലും കുറയ്ക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്. എന്നാൽ ഇവിടെ ഉത്പാദനം വർദ്ധിപ്പിക്കാതെയിരുന്നാൽ പുറത്തു നിന്ന് കൂടുതൽ വാങ്ങേണ്ടിവരും. അങ്ങനെ ടാറ്റ പവർ, ജിൻഡാൽ പവർ, അദാനി പവർ, ഗ്രീൻകോ തുടങ്ങിയ വമ്പന്മാരിൽ നിന്ന് കൂടുതൽ കമ്മിഷൻ വാങ്ങാം എന്നാണോ സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും ചിന്താഗതി എന്ന സംശയമാണ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOOLMATTOM POWER STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION