SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാവില്ല നിശ്ചയദാർഢ്യത്തിന്റെ തനതു മാതൃക

a

അസാദ്ധ്യമെന്ന് പലർക്കും തോന്നാവുന്ന ഒരു ജീവകാരുണ്യ ദൗത്യം,​ സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ജനങ്ങളുടെ സ്‌നേഹനിർഭരമായ സഹകരണത്തിന്റെയും യോജിപ്പിൽ നമ്മൾ ഫലവത്താക്കുകയാണ് - വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം! കേരളത്തെയാകെയെന്നല്ല, രാജ്യത്തെത്തന്നെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ - ചൂരൽമല - പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ദുരന്തമുണ്ടായിട്ട് കേവലം എട്ടു മാസങ്ങളേ ആവുന്നുള്ളൂ. ഈ ഘട്ടത്തിൽത്തന്നെ നമ്മൾ പുനരധിവാസ ശിലാസ്ഥാപനത്തിലേക്കു കടക്കുകയാണ്. ഇത് ഒരു അപൂർവതയാണ്.

പുനരധിവാസ കാര്യത്തിൽ ഏറ്റവും വലിയ സ്രോതസാവുമെന്ന് നാം പ്രതീക്ഷിച്ചത് കേന്ദ്ര സഹായത്തെയാണ്. എന്നാൽ ആ വഴിക്ക് ഒന്നും ലഭിച്ചില്ല. കിട്ടിയത് വായ്പാ രൂപത്തിലുള്ള അപര്യാപ്തമായ തുകയാണ്. അതാവട്ടെ, തിരിച്ചടയ്‌ക്കേണ്ടതുമാണ്. കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും നാം അഭൂതപൂർവമായ പുനരധിവാസ പദ്ധതി തയ്യാറാക്കി മുന്നോട്ടു പോയി. ഇത് മറ്റൊരു അപൂർവതയാണ്. ഈ പദ്ധതി നമ്മൾ ഏറ്റെടുത്തതോ, കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന വേളയിലാണ്! ഏറ്റവും വലിയ മഹാമാരികളിലൂടെ, ചരിത്രത്തിൽത്തന്നെ അടയാളപ്പെടുത്തപ്പെട്ട മഹാപ്രളയത്തിലൂടെ കടന്നുപോന്നതിനു തൊട്ടുപിന്നാലെയുള്ള വേളയിൽ. ഈ ഘട്ടം ഉണ്ടാക്കുന്ന സാമ്പത്തിക ഞെരുക്കം പോലും ബാധകമാകാത്ത നിലയിൽ നമുക്ക് ഈ പുനരധിവാസ പദ്ധതിയുമായി മുന്നേറാനായി. അത് മറ്റൊരു അപൂർവത!

അസാദ്ധ്യമോ ദുഷ്‌കരമോ ആയ ഈ അസാധാരണ ദൗത്യം ഏറ്റെടുത്തു നിറവേറ്റാനുള്ള ധൈര്യവും ആർജവവും നമുക്ക് എങ്ങനെയുണ്ടായി?​ ഈ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. സംസ്ഥാന ഭരണസംവിധാനത്തിന്റെ നിശ്ചയദാർഢ്യവും ജനസമൂഹത്തിന്റെ മനഃസാക്ഷിയിലെ മനുഷ്യത്വവും ഒന്നിച്ചുചേർന്ന് അസാദ്ധ്യത്തെ സാദ്ധ്യമാക്കി എന്നതാണു സത്യം. നമുക്ക് ഇതു ചെയ്‌തേ പറ്റുമായിരുന്നുള്ളൂ. എങ്ങനെ എന്ന ചോദ്യത്തിനു പോലും സമയമോ സാവകാശമോ ഉണ്ടായിരുന്നില്ല. ഇച്ഛാശക്തിയുണ്ടാവുക എന്നതാണ് പ്രധാനം. സർക്കാരിന് അതുണ്ടായിരുന്നു; അതുകൊണ്ടു തന്നെ വഴിയുമുണ്ടായി. അതിനു തെളിവാണ് ഇവിടെ ഉയരുന്ന ടൗൺഷിപ്പ്.

കണ്ണീരോടെയല്ലാതെ നമുക്ക് കഴിഞ്ഞ ജൂലായ് 30-നെക്കുറിച്ച് ഓർക്കാൻ കഴിയില്ല. നമുക്ക് എത്രയോ പ്രിയപ്പെട്ടവർ, നമ്മോടൊപ്പം ഇപ്പോഴും ജീവിക്കേണ്ടവർ അന്ന് ഇല്ലാതെയായി. എത്രയോ പേർക്ക് അതിഗുരുതരമായ ശാരീരിക - മാനസിക വൈഷമ്യങ്ങൾ നേരിട്ടു. 266 സഹോദരങ്ങളെയാണ് നഷ്ടമായത്. 32 പേരെയാണ് കാണാതായത്. ചരിത്രത്തിലില്ലാത്ത മലയിടിച്ചിൽ ദുരന്തമായിരുന്നു അത്. വീടു നഷ്ടപ്പെട്ടവർ, ജീവനോപാധി നഷ്ടപ്പെട്ടവർ! പക്ഷെ, ആ കണ്ണീരിൽ മുങ്ങിത്താണുപോകാൻ സാധിക്കുമായിരുന്നില്ല നമുക്ക്. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതും,​ പിന്നീട് പുനരധിവാസം മുമ്പോട്ടു കൊണ്ടുപോയതും.

630 പേരെയാണ് തുടർദിവസങ്ങളിൽ മണ്ണിൽ നിന്ന് ജീവനോടെ വീണ്ടെടുത്തത്. വിഷമമുള്ള ഇടങ്ങളിൽ ഒറ്റപ്പെട്ടുപോയ 1,300 പേരെയാണ് കണ്ടെടുത്ത് ആശുപത്രികളിലേക്കു മാറ്റിയത്. ചരിത്രത്തിൽ സമാനതയില്ലാത്ത രക്ഷാദൗത്യം.

പുനരധിവാസവും അങ്ങനെ തന്നെയായിരുന്നു. 2221 കോടി രൂപയാണ് വേണ്ടിയിരുന്നത്. വലിയ സഹായം കേന്ദ്രത്തിൽ നിന്നു പ്രതീക്ഷിച്ചു. ലഭിച്ചില്ല. അസാധാരണ ദേശീയ ദുരന്തമെന്ന നിലയ്ക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടു. അതുണ്ടായില്ല. കിട്ടിയത് 529 കോടി രൂപയുടെ,​ തിരിച്ചടയ്‌ക്കേണ്ട വായ്പയാണ്. എന്നിട്ടും നമ്മൾ ഇതു സാദ്ധ്യമാക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം ഇതിനെ രേഖപ്പെടുത്തും!

ആരോടൊക്കെ നന്ദി പറയേണ്ടതുണ്ട്! നമ്മുടെ ജനങ്ങൾ. അവരിൽ വലിയ വിഭാഗം നിത്യജീവിതത്തിനു മാറ്റിവച്ച തുകയുടെ ഓഹരി ഇതിലേക്കു സംഭാവന ചെയ്തു. പട്ടിണിക്കാർ മുതൽ നമ്മുടെ പ്രവാസി സമൂഹം വരെ. എല്ലാ വൈഷമ്യങ്ങളിലും നമുക്കൊപ്പം നിന്നിട്ടുള്ളവരാണ് പ്രവാസി സഹോദരങ്ങൾ. അവരും അവരുടെ സംഘടനകളും മുതൽ വ്യവസായ സ്ഥാപനങ്ങളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും വരെ സഹായിച്ചു. കുടുക്ക പൊട്ടിച്ച് ചില്ലറത്തുട്ടുകൾ തന്ന കുട്ടികൾ മുതൽ യാചനയിലൂടെ കിട്ടിയ തന്റെ ഓഹരി തന്ന പാവങ്ങൾ വരെയുണ്ട്....

അവരോടൊക്കെയുള്ള നന്ദി പറഞ്ഞു തീർക്കാനാവില്ല. എല്ലാം ഏകോപിപ്പിച്ച് ഫലവത്താക്കാൻ കഴിഞ്ഞതിലുള്ള അഭിമാനം ഈ സർക്കാരിനുണ്ട് എന്നുകൂടി അറിയിക്കട്ടെ. ജനങ്ങൾ ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാദ്ധ്യമല്ല. ഒരു വെല്ലുവിളിയും മറികടക്കാനാവാത്തതല്ല. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാവില്ല. എല്ലാ വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ മനസുകളുടെ ഒരുമയും ഐക്യദാർഢ്യവും മനുഷ്യത്വബോധവും കൊണ്ട് നാം എന്തിനെയും അതിജീവിക്കും. അതാണ് ഈ പുനരധിവാസം നൽകുന്ന സന്ദേശം - മഹാസന്ദേശം!

ദുരന്തബാധിതർക്ക് ഇതുവരെ 25.64 കോടി രൂപയാണ് സർക്കാർ പണമായി നൽകിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാ സഹായം, മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നൽകിയ തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദിവസം 300 രൂപവീതം നൽകുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയായാണ് ഈ തുക നൽകിയത്. രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട ഏഴു കുട്ടികൾക്ക് പത്തുലക്ഷം രൂപ വീതം നൽകിക്കഴിഞ്ഞു. മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ചുലക്ഷം രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. സി.എസ്.ആർ ഫണ്ടുകളിലൂടെ പ്രാഥമിക ആവശ്യങ്ങൾക്കായി രണ്ടര ലക്ഷം രൂപയും നൽകി.

റേഷൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടമായ ദുരന്ത ഭൂമിയിലെ മനുഷ്യരിൽ 878 പേർക്കായി 1,162 അവശ്യ സേവന രേഖകളാണ് ദിവസങ്ങൾക്കകം സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. 32-ാം ദിവസം മേപ്പാടി സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു. ദുരിതബാധിതരുടെ കേരള ബാങ്കിലെ മുഴുവൻ വായ്പയും എഴുതിത്തള്ളി. ചൂരൽമലയിലെ ദുരന്തബാധിതരുടെ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളണം എന്ന ആവശ്യത്തിന്മേൽ സംസ്ഥാന സർക്കാർ ഇടപെടലുകൾ തുടരുകയാണ്.

പുനരധിവാസത്തിന്റെ ഈ ഘട്ടത്തിലും കേരളം ദുരിതബാധിതർക്കൊപ്പമാണ്. അതുകൊണ്ടുതന്നെയാണ് കേവലം എട്ടുമാസംകൊണ്ട് ഈ ടൗൺഷിപ്പിന് നമ്മൾ ആരംഭം കുറിക്കുന്നത്. പുതുവർഷ ദിനത്തിലാണ് കേരളം പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത്. അതിന്റെ സാഫല്യമാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ തുടക്കം. വാഗ്ദാനം എന്തായാലും, എന്തുവിലകൊടുത്തും അത് നിറവേറ്റുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ രീതി. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മേപ്പാടിയിലെ ടൗൺഷിപ്പ്.

ഏഴു സെന്റിൽ

ഒരു വീട്

നഗരപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ ഏഴുസെന്റിൽ ഒരു വീട് എന്ന നിലയിലാണ് സർക്കാർ ഭവനനിർമ്മാണം യാഥാർത്ഥ്യമാക്കുന്നത്. രണ്ട് കിടപ്പുമുറികൾ, പ്രധാന മുറി, സിറ്റൗട്ട്, ലിവിംഗ് റൂം, പഠനമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവയെല്ലാം ഉറപ്പാക്കും. ഒരു ക്ലസ്റ്ററിൽ 20 വീടുകൾ. 1,000 ചതുരശ്രയടിയിൽ ഭാവിയിൽ ഇരുനില നിർമിക്കാൻ കഴിയുന്ന അടിത്തറ ഒരുക്കിയാണ് വീടുകൾ ഉയരുക. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധത്തിലാണ് വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നത്.

വൈദുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്‌പോർട്‌സ് ക്ലബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങിയവയാണ് ഇവിടത്തെ അനുബന്ധ സൗകര്യങ്ങൾ. ആകെ 64.4 ഹെക്ടർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. വീടുകൾ നിർമ്മിക്കുന്നതുകൊണ്ടു മാത്രം ദുരന്തനിവാരണം അവസാനിക്കുന്നില്ല. തുടർപദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION