
നമ്മുടെ വനം വകുപ്പിന് ഇതെന്താണ് സംഭവിക്കുന്നത്?.പൊതു ശ്രദ്ധ ആകർഷിക്കുകയും മാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഗൗരവമേറിയ കുറ്റകൃത്യങ്ങളും നിയമ പോരാട്ടങ്ങളിലും വനം വകുപ്പിന് കാലിടറുകയാണ്.കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ വനം വകുപ്പ് ഹാജരാക്കിയ കുറ്റപത്രം തള്ളിയതാണ് ഇവിടെ വിഷയം.അത് മാത്രമല്ല,അടുത്തടുത്ത ദിവസങ്ങളിലായി കോടതിയിൽ ഹാജരാക്കിയ രണ്ട് കേസുകളിലാണ് വനം വകുപ്പിന് പ്രാഥമിക തിരിച്ചടിയുണ്ടായിരിക്കുന്നത്.
വിവാദമായ മുട്ടിൽ മരം മുറികേസിലും ആനകൊമ്പ് പിടികൂടിയ കേസിലുമാണ് വനം വകുപ്പിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ഒരു സംശയമുണ്ട്. നിയമം അറിയാതെയാണോ വനംവകുപ്പ് കോടതിയിൽ കുറ്റപത്രവും റിമാന്റ് റിപ്പോർട്ടും സമർപ്പിക്കുന്നതെന്ന്.
തിരുവനന്തപൂരം ഫോറസ്റ്റ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെതുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കൽപ്പറ്റ വിജിലൻസ് റെയിഞ്ച്, കുറിച്ച്യാട് റെയിഞ്ച് , കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ആനകൊമ്പുമായി ആറ് പേരെ സാഹസികമായി പിടികൂടി. രണ്ട് വലിയ കൊമ്പും ഒരു കൊമ്പിന്റെ കഷണവുമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ആറാം മൈലിലുള്ള ഒരു ഹോം സ്റ്റേയിൽനിന്ന് കൊമ്പുമായി രണ്ട് പേർ ആദ്യം പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റ് നാല് പേർകൂടി പിടിയിലാകുന്നത്.പിടിയിലായ തൊണ്ടി സാധനവും ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം ബുധനാഴ്ച പ്രതികളെ റിമാന്റ് റിപ്പോർട്ടുമായി കോടതിയിൽ ഹാജരാക്കി.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ആനകൊമ്പ് കച്ചവടം ചെയ്യുന്ന മറ്റ് സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാമെന്ന് കരുതിയ വനം വകുപ്പിന് ഞെട്ടലും മുന്നറിയിപ്പും നൽകിയാണ് കേസിലെ പ്രതികളെ കോടതി വിട്ടയച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി ആറ് പേരെയും കോടതി വിട്ടയച്ചു.പിടിയിലായവരിൽ നാല് പേർ ഗോത്രവർഗ്ഗക്കാരാണ്.
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെയാണ് ആറ് പേരെയും അറസ്റ്റ് ചെയ്തതെന്നാണ് കോടതിയുടെ നിരീക്ഷണം. പിടിയിലായവരെയും ഇവരുടെ ബന്ധുക്കളെയും അറസ്റ്റും അതിനുള്ള കാരണങ്ങളും ബോധ്യപ്പെടുത്തിയിട്ടില്ലെന്ന കാരണം കാണിച്ചാണ് കോടതി എല്ലാവരെയും വിട്ടയച്ചത്. കേസ് നിലനിൽക്കുന്നതിനാൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങി മാനദണ്ഡങ്ങൾ പാലിച്ചു വനംവകുപ്പിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം.
വനം വകുപ്പ് പിടികൂടിയ ആറ് പേരെയും കോടതി വിട്ടയക്കാനുണ്ടായ സാഹചര്യം നിയമങ്ങൾ വനംവകുപ്പ് കൃത്യമായി പാലിച്ചില്ലെന്നതാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇനിയും തെറ്റ് വരാതിരിക്കാൻ വളരെ സൂക്ഷമായി പഠിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നത്. അതിനിടെ വിട്ടയക്കപ്പെട്ട ആറ് പേരെയും ഇനി എങ്ങനെ പിടികൂടുമെന്നതിനെപ്പറ്റിയാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ ആലോചന. നിയമം കൃത്യമായി പാലിച്ച് നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ വനം വകുപ്പിന് കോടതിയിൽ നിന്ന് തല ഉയർത്തി തന്നെ പുറത്ത് കടക്കാമായിരുന്നുവെന്നാണ് നിയമജ്ഞർപോലും പറയുന്നത്.
#
മുട്ടിൽ മരംമുറി കേസിലും നാണക്കേട്
ആനകൊമ്പ് പിടികൂടിയ കേസിൽ വനംവകുപ്പിനേറ്റ തിരിച്ചടിയ്ക്ക് പിന്നാലെയാണ് വിവാദമായ മുട്ടിൽ മരംമുറി കേസിലും ഉണ്ടായത്. മുട്ടിൽ മരം മുറിയിലെ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെയുളള കുറ്റപത്രം കോടതി തിരിച്ചയച്ച സംഭവവും വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കി.വനം വകുപ്പിന് സംഭവിച്ച സാങ്കേതിക പിഴവുകളിലാണ് കുറ്റപത്രം തിരിച്ചയക്കാനിടയാക്കിയത്. തിരിക്കിട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോഴുണ്ടായ പിഴവാണ് സംഭവിച്ചതെന്ന് വനംവകുപ്പ്. എന്നാൽ കാര്യങ്ങൾ പഠിച്ച് ശ്രദ്ധയോടെ തൊട്ടടുത്ത ദിവസം തന്നെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറ്റപത്രം വനം വകുപ്പ് ഫയൽ ചെയ്തു.
കോടതി കുറ്റപത്രം മടക്കിയതിന് കാരണമായി പറയുന്നത് അഞ്ച് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇത്രയും കാലം വൈകിയതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നാണ്.കുറ്റപത്രത്തിൽ മതിയായ രേഖകളും വിശദാംശങ്ങളുമില്ല.മരങ്ങൾ വനഭൂമിയിൽ നിന്നാണോ റവന്യു ഭൂമിയിൽ നിന്നാണോ മുറിച്ചതെന്ന് വ്യക്തമല്ല. സിആർപിസി 94 വകുപ്പ് പ്രകാരം മുതലുകൾ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഇവ ഇ-ഫയൽ ചെയ്തിട്ടില്ല. ഇങ്ങനെയുളള കുറെ കുറവുകൾ ചൂട്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്.വനം വകുപ്പിന് മാത്രമല്ല,എല്ലാ വകുപ്പുകൾക്കും ഇതൊരു പാഠമാണ്.
2021 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് അഗസ്റ്റിൻ സഹോദരൻമാർ മുറിച്ച് കടത്തിയ വീട്ടിത്തടികൾ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കസ്റ്റഡിയിലെടുത്ത കേസാണ് അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2021-ൽ തന്നെ കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ കോടതിയുടെ നിർദ്ദേശമില്ലാതെ കുറ്റപത്രം സമപ്പിക്കരുതെന്ന നിർദ്ദേശം കോടതി നൽകിയിരുന്നു. ഈ വിലക്ക് കഴിഞ്ഞ 8-ന് കോടതി ഒഴിവാക്കി. അതിനിടെ ചോറ്റാനിക്കര കോടതിയിലെ കേസ് നടപടികൾ മുട്ടിൽ കേസിൽ കുറ്റപത്രം നൽകുന്നത് വരെ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് തിടുക്കത്തിൽ കുറ്റപത്രം നൽകിയത്.
ആനകൊമ്പ് കേസിലും മുട്ടിൽ മരം മുറി കേസിലും വനം വകുപ്പ് ആവർത്തിക്കുന്ന കാര്യം തിടുക്കപ്പെട്ട് കുറ്റപത്രം നൽകിയപ്പോഴുണ്ടായ പിഴവ് എന്നാണ്. എന്നാൽ നിയമം വ്യക്തമായി അറിയാവുന്നവർ ആവർത്തിച്ച് പിഴവ് വരുത്തുന്നത് ന്യായികരിക്കത്തക്കതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇനി കുറ്റപത്രവുമായി കോടതിയുടെ പടികൾ കയറുമ്പോൾ ഇവരുടെ, പ്രത്യേകിച്ച് വനം വകുപ്പിന്റെ കാലൊന്ന് വിറക്കും.പണി കിട്ടുമോ എന്ന് ഭയന്ന്.എന്ത് കേട്ട് വിധി പറയാനുളളതല്ല കോടതികൾ എന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകണം. കേസുകൾ പഠിച്ചാണ് വിധി പറയുന്നത്. തിടുക്കപ്പെട്ട് കുറ്റപത്രം തയ്യാറാക്കുമ്പോൾ ഇങ്ങനെയൊക്ക സംഭവിക്കും.കുറ്റപത്രം തയ്യാറാക്കുന്നവർക്ക് സാമാന്യ വിവരമെങ്കിലും ഉണ്ടായിരിക്കണം. അതില്ലാതെ പോകുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ ഇട വരുത്തരുത്. കുറ്റപത്രങ്ങൾ തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ എപ്പോഴും ശ്രദ്ധയിൽ ഉണ്ടാകുന്നതും നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |