
കേരളത്തിലെ സർക്കാർ സർവീസുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ സുതാരൃമായും നിഷ്പക്ഷമായും തിരഞ്ഞെടുക്കുന്നതിനായി ഭരണഘടനാപരമായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ. ഇപ്പോൾ പി.എസ്.സിയിലെ നിയമന ക്രമക്കേടുകളുടെയും ഗുരുതരമായ അഴിമതി ആരോപണങ്ങളുടെയും വാർത്തകൾ ഇല്ലാത്ത ദിവസങ്ങളില്ല. 1956 നവംബർ ഒന്നിനാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ രൂപീകൃതമാകുന്നത്. 70 വർഷം പിന്നിടുന്ന പി.എസ്.സിയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഗുരുതരമായ പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ച് തിരിഞ്ഞുനോക്കേണ്ട അവസരമാണിത്.
സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദ്ദേശപ്രകാരം ഒരു പൊലീസ് എ.ഐ.ജിയുടെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലമായി പി.എസ്.സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറിയെയും, അഡിഷണൽ സെക്രട്ടറിയേയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. പി.എസ്.സി ചെയർമാനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചെയർമാൻ അടക്കമുള്ള അംഗങ്ങളെ അറസ്റ്റുചെയ്യാൻ അനുമതി തേടിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഇതിനിടയ്ക്കാണ് സ്ഥലം മാറിപ്പോയ ഗവർണർ അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെയും പി.എസ്.സിയിലെ വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തത്. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഗവർണർ നൽകിയ ശുപാർശ സ്ഥിതിഗതികളെ ഗുരുതരവും സങ്കീർണവുമാക്കിയിരിക്കുകയാണ്.
സർക്കാർ പ്രതിജ്ഞാബദ്ധം
പി.എസ്.സിയുടെ വിശ്വാസതയും, സുതാര്യതയും വീണ്ടെടുക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു ദശകത്തിലെ ഇടതുമുന്നണിയുടെ ഇരട്ട ഭരണത്തിലെ ഇരുണ്ടകാലത്ത് പി.എസ്.സിയിൽ നടന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉത്തരവാദികളായവർക്ക് അർഹിക്കുന്ന ശിക്ഷ നൽകിയാൽ മാത്രമേ പി.എസ്.സി യുവജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി വീണ്ടും മാറുകയുള്ളൂ.
1984വരെ പി.എസ്.സി പരീക്ഷകൾക്ക് ഇന്റർവ്യൂവിന് 100 മാർക്ക് നൽകിയിരുന്നത് 1984ൽ ഡോ.കെ.ജി.അടിയോടി ചെയർമാനായപ്പോൾ 50 മാർക്കായി വെട്ടിക്കുറച്ചു. തുടർന്നുവന്ന ചെയർമാൻ പ്രൊഫ.വി.ഗോപാലകൃഷ്ണ കുറുപ്പ് അത് 20 ആയി കുറച്ചു. ഒപ്പം 20 മാർക്കിന്റെ 70ശതമാനംമാത്രം പരമാവധി നൽകിയാൽ മതി എന്ന അലിഖിത വ്യവസ്ഥയും ഉണ്ടാക്കി. അങ്ങനെ 100 മാർക്ക് 14 മാർക്കായി വെട്ടിക്കുറച്ചത് കോൺഗ്രസ് നോമിനികളായി വന്ന പി.എസ്.സി ചെയർമാൻമാരുടെ കാലത്തായിരുന്നു എന്ന് പ്രത്യേകത മറക്കാനാവില്ല. സ്വന്തക്കാർക്കും ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വളഞ്ഞ വഴിയിൽ അനർഹമായി ഒരു മാർക്കുപോലും നൽകരുത് എന്ന സന്ദേശമാണ് പൊതുസമൂഹത്തിന് നൽകിയത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിപ്ലവകരമായ ഈ തീരുമാനം ഉണ്ടായത്.
1984ൽ തന്നെയാണ് ഒരു വർഷം മാത്രം കാലാവധി ഉണ്ടായിരുന്ന പി.എസ്.സി റാങ്കു ലിസ്റ്റിന്റെ കാലാവധി മൂന്നുവർഷമായി ഉയർത്തിയത്. നിയമനങ്ങൾ നടത്താൻ ഏതെങ്കിലും തടസം വന്നാൽ ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ആദ്യം ഉത്തരവിട്ടത് യു.ഡി.എഫ് സർക്കാരാണ്. ആദ്യം ഉത്തരവിട്ടത് 2001-2004 കാലയളവിൽ എ.കെ.ആന്റണി സർക്കാരായിരുന്നു. 2011-2016ലെ ഉമ്മൻചാണ്ടി സർക്കാർ ഇത്തരത്തിൽ 11 തവണ ലിസ്റ്റുകൾ നീട്ടി നിരവധി ലക്ഷങ്ങളെ സഹായിച്ചു. പരീക്ഷയുടെ മാർക്ക് റാങ്ക് ലിസ്റ്റിൽ വെളിപ്പെടുത്താനും ആ കാലത്ത് തീരുമാനിച്ചു. ഒരേ മാർക്ക് ലഭിക്കുന്നവരെ പ്രായക്കൂടുതൽ പ്രകാരം മുൻഗണന നൽകും. അത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ റാങ്ക് ലിസ്റ്റിൽ ജനനത്തീയതി രേഖപ്പെടുത്തും.
ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച 12 പി.എസ്.സി അംഗങ്ങളുള്ള കമ്മിഷൻ 2006 മുതൽ ഇന്റർവ്യൂ മാർക്കുവരെ രേഖപ്പെടുത്തി. സുതാര്യമായ പരീക്ഷയിൽ ഉത്തരക്കടലാസിന്റെ പകർപ്പുവരെ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നു. അത്രമാത്രം സ്ഫടികംപോലുള്ള പി.എസ്.സിയെയാണ് ക്രമക്കേടുകളുടെയും പരാതികളുടെയും കേസുകളുടെയും മാലിന്യ കൂമ്പാരമായി തീർത്തിരിക്കുന്നത്. പിണറായി സർക്കാരിന്റെ കാലത്ത് നിയമിച്ച രണ്ട് പി.എസ്.സി ചെയർമാൻമാരും ഇപ്പോൾ ക്രിമിനൽ കേസിലെ പ്രതികളാകുന്ന കാഴ്ചയാണ് കാണുന്നത്.
ചെയർമാന്റെ 'ഈഗോ'
പി.എസ്.സിയെ പ്രതിക്കൂട്ടിൽ നാണംകെട്ട് നിൽക്കാൻ ഇടവരുത്തിയത് ചെയർമാന്റെ 'ഈഗോ' ഒന്നുകൊണ്ട് മാത്രം. ആസൂത്രണ ബോർഡ് ചീഫിന്റെ മൂന്ന് വ്യത്യസ്ത തസ്തികകൾക്ക് ഒരു പൊതുപരീക്ഷ ഏർപ്പെടുത്തി. 228 അപേക്ഷകൾ മാത്രമുള്ള തസ്തികയ്ക്ക് പ്രത്യേകം പ്രത്യേകം പരീക്ഷ നടത്തിയിരുന്നെങ്കിൽ ഒരോ റാങ്ക് ലിസ്റ്റ് വരുമ്പോഴും അതിന്റെ ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകാമായിരുന്നു. ഒരൊറ്റ പൊതുപരീക്ഷ ആയാൽ 3 റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചാൽ മാത്രമേ ഉത്തരക്കടലാസ് നൽകാൻ കഴിയൂ. ഇവിടെ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷമായിട്ടും ഉത്തരക്കടലാസ് കിട്ടാതെ വന്നപ്പോഴാണ് ഒരു വൃക്തി വിവരാവകാശം വഴി ആവശ്യപ്പെട്ടത്. ആദ്യം നൽകിയില്ല. പിന്നീട് ചീഫ് ഇൻഫർമേഷൻ കമ്മിഷണർ ഉത്തരവിട്ടപ്പോഴാണ് ലഭിച്ചത്.
വിവരണാത്മക പരീക്ഷയിൽ 100ന് 42 മാർക്കിന്റെ ഉത്തരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്ന ഗുരുതരമായ ക്രമക്കേട് പുറത്തായത് അപ്പോഴാണ്. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിക്കാനോ പുനർ മൂല്യനിർണയം നടത്തുമെന്ന് (പഖ്യാപിക്കാനോ പി.എസ്.സി തയ്യാറായില്ല. വിവരാവകാശ പ്രകാരം ഉത്തരക്കടലാസ് ആവശ്യപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികൾക്ക് പകർപ്പ് നൽകിയില്ല. മുഖ്യ വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടപ്പോൾ അത് പി.എസ്.സി ഹൈക്കോടതിയിൽ ചോദ്യംചെയ്തു. പക്ഷേ ഇവിടെ ഒരു മറുചോദ്യം അവശേഷിക്കുന്നു. ഒരു ഉദ്യോഗാർത്ഥിക്ക് ഉത്തരം നൽകിയത് ഇതേ വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് അനുസരിച്ചല്ലേ. പി.എസ്.സിയുടെ ഇരട്ടത്താപ്പ് ഇവിടം മുതൽ തകിടം മറിഞ്ഞു.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയ്ക്ക് ഇതിനുമുമ്പും പി.എസ്.സി ചെയർമാൻ പേരുദോഷം കേൾപ്പിച്ചു. ഇന്റർവ്യൂ മാർക്കിന്റെ 70ശതമാനമേ പരമാവധി നൽകൂ എന്ന കീഴ്വഴക്കം ലംഘിച്ച് മുൻ പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ 2019ൽ 40ൽ 36 മാർക്ക് നൽകി ക്രമക്കേട് നടത്തിയത് സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞ് തടി രക്ഷിച്ചു. അതിനുമുമ്പുള്ള ചെയർമാൻ ഗംഗാധരകുറുപ്പിന്റെ കാലത്ത് ഇന്റർവ്യൂ ചെയ്യപ്പെട്ട മൂന്നുപേരെയും 20ൽ 4 മാർക്കിൽ താഴെ നൽകി അയോഗ്യരാക്കി. ഈ ചെയർമാൻമാരെല്ലാം സി.പി.എം നോമിനികളായി വന്നവരാണെന്ന കാര്യം കേവലം യാദൃശ്ചികം അല്ല എന്ന് കരുതണമോ.
സർക്കാർ ശുപാർശ
ചെയ്യണം
ആരോപണവിധേയരായ പി.എസ്.സി ചെയർമാനും അംഗങ്ങളും തൽസ്ഥാനങ്ങളിൽ തുടരുന്നതും ഓദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതും നിയമപരമായും ധാർമ്മികമായും ന്യായീകരിക്കാനാവാത്തതാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയാണ് വേണ്ടത്. ഈ ഭരണഘടന സ്ഥാപനത്തെ രക്ഷിക്കാനും ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവാക്കളെ രക്ഷിക്കാനും സർക്കാർ അടിയന്തരമായി ഉണർന്ന് പ്രവർത്തിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |