SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.35 AM IST

ഇന്ത്യയുടെ ഭാവി രൂപകല്പനയും നിർണായക ധാതുക്കളുടെ പങ്കും

a

നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോൺ ഒരു ചെറിയ ഉപകരണമായി തോന്നുമെങ്കിലും അതിനുള്ളിൽ അൻപതിലധികം വ്യത്യസ്ത മൂലകങ്ങളുണ്ട്. ബാറ്ററിയിൽ ലിഥിയവും കോബാൾട്ടും, സ്പീക്കറിലും വൈബ്രേഷൻ മോട്ടോറിലും അപൂർവ ഭൗമ മൂലകങ്ങൾ, ഡിസ്‌പ്ലേയിൽ ഇൻഡിയം. ഇവയിൽ ഒന്നെങ്കിലും കിട്ടാതായാൽ ആ ഫോൺ ഉണ്ടാക്കാനാവില്ല. ഇലക്ട്രിക് സ്‌കൂട്ടറിനും സോളാർ പാനലിനും കാറ്റാടിയന്ത്രത്തിനും മിസൈലിനും യുദ്ധവിമാനത്തിനും ഇതേ കഥയാണ്.


ഇത്തരം ലോഹങ്ങളും ധാതുക്കളുമാണ് 'നിർണായക ധാതുക്കൾ'. ഇവയുടെ ലഭ്യതയും നിയന്ത്രണവും ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും എന്നപോലെ ഇന്ത്യയുടെയും വികസനസ്വപ്നങ്ങളുടെ അടിത്തറയാണ്. ഇന്ത്യയുടെ അടുത്ത ദശകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളികളിലൊന്ന് ധാതുസുരക്ഷയാണ്. പക്ഷേ ഇപ്പോഴും നമ്മുടെ പൊതുചർച്ചയിൽ അതിന് അർഹമായ സ്ഥാനം കിട്ടിയിട്ടില്ല. എല്ലാ ധാതുക്കളും ഒരുപോലെ പ്രധാനമല്ല. രണ്ട് ഘടകങ്ങൾ ഒരുമിക്കുമ്പോഴാണ് ഒരു ധാതു 'നിർണായക'മാകുന്നത്. ഒന്ന്, സമ്പദ്‌‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും അത് അത്യാവശ്യമാണ്. രണ്ട്, അതിന്റെ വിതരണം ചുരുക്കം ചില രാജ്യങ്ങളുടെയോ കമ്പനികളുടെയോ കൈകളിലാണ്. അതുകൊണ്ട് മുടങ്ങാനുള്ള സാദ്ധ്യതയും കൂടുതലാണ്.


ഇന്ത്യ 2023​ൽ 30 ധാതുക്കളെ നിർണായക പട്ടികയിൽ (Critical Mineral List) ഉൾപ്പെടുത്തി. ലിഥിയം, കോബാൾട്ട്, നിക്കൽ, ഗ്രാഫൈറ്റ്, അപൂർവ എർത്ത് മൂലകങ്ങൾ, ടൈറ്റാനിയം, വനേഡിയം തുടങ്ങിയവ ഇതിലുണ്ട്. 2070​ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുമെന്നും (Net-zero emissions) 2030​ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 500 ഗിഗാവാട്ട് വൈദ്യുതി ഉണ്ടാക്കുമെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം.

എന്നാൽ ഒന്ന് മനസിലാക്കേണ്ടതുണ്ട്. പെട്രോൾ കാറിനെ അപേക്ഷിച്ച് ഒരു ഇലക്ട്രിക് കാറിൽ ആറിരട്ടിയോളം ധാതുക്കൾ വേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക്. കാറ്റാടി വൈദ്യുത നിലയങ്ങൾ ഗ്യാസ് നിലയങ്ങളേക്കാൾ പലമടങ്ങ് ധാതുക്കൾ ആവശ്യപ്പെടുന്നു. അതായത് ശുദ്ധ ഊർജത്തിലേക്കുള്ള യാത്ര എണ്ണക്കിണറുകളിൽ നിന്ന് ഖനികളിലേക്കുള്ള യാത്രയാണ്. എണ്ണയ്ക്കായി മറ്റുള്ളവരെ ആശ്രയിച്ച ഇന്ത്യ ധാതുക്കൾക്കായും അതു ആവർത്തിക്കുമോ എന്നതാണ് ചോദ്യം.


കഴിഞ്ഞ അഞ്ചാറ് ദശകത്തിൽ ചൈന ഇതേ വ്യക്തമായി മനസിലാക്കി. ആഗോള നിർണായക ധാതുക്കളുടെ ശുദ്ധീകരണത്തിന്റെ ഏകദേശം 90 ശതമാനവും ചൈനയിലാണ് അല്ലെങ്കിൽ ചൈനയുടെ അധീനതയിലുള്ള മറ്റ് രാജ്യങ്ങളിലാണ്. ഇന്ത്യയുടെ സ്ഥിതി എന്താണ്? ലിഥിയം, കോബാൾട്ട്, നിക്കൽ തുടങ്ങിയ പല പ്രധാന ധാതുക്കളും ഇന്ത്യ ഏതാണ്ട് പൂർണമായും ഇറക്കുമതി ചെയ്യുന്നു. സ്ഥിരകാന്തങ്ങളുടെ കാര്യത്തിൽ ആവശ്യത്തിന്റെ മിക്കവാറും മുഴുവനും വിദേശത്തുനിന്നു വരുന്നു, അതിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ്.

ഇന്ത്യയിൽ ധാതുക്കൾ

ഇല്ലാത്തതല്ല പ്രശ്നം

ഇന്ത്യയിൽ ധാതുക്കൾ ഇല്ലാത്തതല്ല പ്രശ്നം. ലോകത്തെ ഏറ്റവും വലിയ അപൂർവ എർത്ത് നിക്ഷേപങ്ങളിൽ ഒന്ന് നമുക്കുണ്ട്. ബോക്‌സൈറ്റ്, ഇരുമ്പയിര്, മാംഗനീസ്, ഗ്രാഫൈറ്റ് തുടങ്ങിയവയുടെ ശേഖരവുമുണ്ട്. പക്ഷേ ഖനിയിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുവിലേക്കുള്ള പാതയിൽ നമ്മൾ പിന്നിലാണ്.


പ്രശ്നം മൂന്ന് തലത്തിലാണ്: ഒന്ന്, പര്യവേക്ഷണം. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ വലിയൊരു ഭാഗത്ത് ആഴത്തിലുള്ള ധാതുപര്യവേക്ഷണം നടന്നിട്ടില്ല. ഉപരിതലത്തിനടുത്തുള്ള നിക്ഷേപങ്ങളാണ് നാം ഇതുവരെ കൂടുതലും കണ്ടെത്തിയത്. ജമ്മു​കാശ്മീരിലെ ലിഥിയം കണ്ടെത്തൽ വലിയ വാർത്തയായെങ്കിലും, ഇത്തരം കണ്ടെത്തലുകൾ വാണിജ്യ ഖനനത്തിലേക്ക് എത്താൻ വർഷങ്ങൾ വേണ്ടിവരും.


രണ്ട്, സംസ്‌കരണം. ഇന്ത്യയിൽ ഖനനം ചെയ്യുന്ന ധാതുക്കൾപോലും ശുദ്ധീകരിക്കാൻ കഴിയാതെ പലപ്പോഴും വിദേശത്തേക്ക് അയയ്ക്കേണ്ടിവരുന്നു. അസംസ്‌കൃത വസ്തു വിറ്റ് സംസ്‌കരിച്ച വസ്തു വിലകൊടുത്തു വാങ്ങുന്ന പഴയ കൊളോണിയൽ കച്ചവടരീതിയുടെ പുതിയ രൂപമാണിത്.


മൂന്ന്, ഏകോപനം. ഖനി മന്ത്രാലയം, ഊർജ മന്ത്രാലയം, വ്യവസായ വകുപ്പ്, പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ എന്നിങ്ങനെ പലതും ഇതിൽ ഉൾപ്പെടുന്നു. അനുമതികൾ വൈകുന്നു, നയങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നില്ല.


ഭാരത സർക്കാർ ഈ വിഷയം ഗൗരവമായി എടുത്തുതുടങ്ങിയെന്നത് സത്യമാണ്. 2025​ൽ ദേശീയ നിർണായക ധാതു ദൗത്യമടക്കം അംഗീകരിച്ചു. ഈ നീക്കങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ ഒരുകാര്യം മറക്കരുത്: ഒരു ഖനി ലേലം ചെയ്ത് ഉത്പാദനം തുടങ്ങാൻ ശരാശരി പത്തു വർഷത്തിലേറെ എടുക്കാം. അതിനാൽ ഇപ്പോഴത്തെ ഉത്സാഹം മാസങ്ങൾ കഴിഞ്ഞ് മങ്ങിപ്പോകാതെ, രാഷ്ട്രീയ ഭേദമില്ലാതെ ദീർഘകാലം തുടരേണ്ട ദേശീയ പ്രതിബദ്ധതയായി മാറണം.

ധാതുസുരക്ഷ

ഒരു സമഗ്ര തന്ത്രം
ധാതുസുരക്ഷ എന്നാൽ കൂടുതൽ കുഴിക്കൽ എന്നല്ല അർത്ഥം. അതൊരു സമഗ്ര തന്ത്രമാണ്, നാല് പ്രത്യേക തലങ്ങളിലാണ് അതിനെ വിലയിരുത്തേണ്ടത്: സ്വന്തം മണ്ണിൽ കണ്ടെത്തുക. ഇവിടെത്തന്നെ സംസ്‌കരിക്കുക. പുനരുപയോഗ സാദ്ധ്യത കൂട്ടുക. (പഴയ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ബാറ്ററികളിലും ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിലും ധാതുക്കളുണ്ട്. അതിനെ പുനരുപയോഗിക്കാൻ വേണ്ടി സംസ്‌കരിക്കുക. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന ബാറ്ററികൾ വൻതോതിൽ ഉപയോഗം കഴിഞ്ഞ് പുറത്തുവരും. അവയിൽ നിന്ന് ലിഥിയവും കോബാൾട്ടും നിക്കലും വീണ്ടെടുത്താൽ ഇറക്കുമതി ആശ്രയത്വം ഗണ്യമായി കുറയ്ക്കാം). വിദേശത്ത് പങ്കാളികളെയും ആസ്തികളെയും നേടുക.

ധാതു സംസ്‌കരണത്തിന്റെ സാങ്കേതികവിദ്യ ഇന്ന് ചുരുക്കം രാജ്യങ്ങളുടെ കൈയിലാണ്. ഇത് വിലകൊടുത്തു വാങ്ങിയാൽ പോരാ, സ്വയം വികസിപ്പിക്കണം. പണത്തിന്റെ കാര്യത്തിൽ, സർക്കാർ ബഡ്ജറ്റ് മാത്രം പോരാ. ധാതുമേഖലയിലെ നിക്ഷേപം ദീർഘകാല, ഉയർന്ന റിസ്‌കുള്ള ഒന്നാണ്. സ്വകാര്യ കമ്പനികൾ, ബാങ്കുകൾ, ആഗോള നിക്ഷേപകർ എന്നിവർ മുന്നോട്ടുവരണമെങ്കിൽ നയത്തിൽ സ്ഥിരത വേണം.

കേരളത്തിന്റെ

കടലോരം
കേരളത്തിലെ തീരദേശ കരിമണലിൽ ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, മോണസൈറ്റ് തുടങ്ങിയ ധാതുക്കളുണ്ട്. അതേസമയം ഈ ഖനനത്തിന്റെ മറുപുറവും നമുക്കറിയാം. ആലപ്പാട് പോലുള്ള തീരഗ്രാമങ്ങൾ കടലെടുക്കുന്നു, ഉപജീവനം ഇല്ലാതാകുന്നു. ജനങ്ങൾ സമരത്തിലേക്ക് വരാനിടയാകും. രാജ്യത്തിന്റെ ധാതുസുരക്ഷയ്ക്കുവേണ്ടി ഒരു പ്രദേശത്തെ ജനങ്ങൾ മാത്രം ഭാരം ചുമക്കേണ്ടിവരുന്നത് നീതിയല്ല.


പരിസ്ഥിതിയും സാമൂഹികനീതിയും ഒരേപോലെ പ്രധാന്യമാർഹിക്കുന്നതും വിട്ടുവീഴ്ചയില്ലാത്തതുമായ കാര്യങ്ങളാണ്. ഹരിത ഊർജത്തിനായുള്ള ഖനനം ഹരിതവിരുദ്ധമാകാൻ പാടില്ല. അതിനാൽ താഴെപ്പറയുന്നവ നയത്തിന്റെ ഭാഗമായി ഉറപ്പാക്കണം:
ഖനനത്തിന് മുൻപ് പ്രദേശവാസികളുമായി തുറന്ന കൂടിയാലോചനയും അവരുടെ സമ്മതവും.
ഖനന റോയൽറ്റിയുടെ ഒരു പങ്ക് ആ പ്രദേശത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി പുനഃസ്ഥാപനം എന്നിവയ്ക്കായി നീക്കിവയ്ക്കൽ.
സ്വതന്ത്രമായ പരിസ്ഥിതി നിരീക്ഷണവും വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാക്കലും.
ജലം കുറച്ചുപയോഗിക്കുന്നതും മാലിന്യം കുറയ്ക്കുന്നതുമായ ആധുനിക സംസ്‌കരണ രീതികൾ നിർബന്ധമാക്കൽ.

(ജി7 രാജ്യങ്ങളിലെ നയഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ

T 7​ന്റെ 'നിർണായക ധാതുക്കൾ'ക്കായുള്ള (Critical Minerals) 2026ലെ ടാസ്‌ക് ഫോഴ്സ് അംഗവും, ‌ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ അദ്ധ്യാപകനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION