SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.35 AM IST

കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതി

READ ENGLISH VERSION
a

പ്രിയദർശിനി സർവീസുകൾ നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല തിരിച്ചടികൾ നേരിടുന്നു എന്നത് ഒരു വസ്തുതയാണ്. നൂറുകണക്കിന് ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ആശ്രയിക്കുന്ന സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടേണ്ടവയാണ്. ഇതിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഉന്നയിച്ചും പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും അവർ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം ഗതാഗതമന്ത്രി സി.പി.ജോണുമായി നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചത് ആശ്വാസകരമാണ്. സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി, സ്വകാര്യ ബസുകൾ വാടകയ്ക്ക് (വെറ്റ് ലീസ്) എടുത്തു സർവീസ് നടത്താൻ സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് പ്രധാനമായും അവർ സമരം പിൻവലിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ 1000 സ്വകാര്യ ബസുകളാകും ഏറ്റെടുക്കുക. ഇവ ഓർഡിനറി സർവീസ് ആണെങ്കിലും പ്രിയദർശിനിയുടെ ഗണത്തിൽ വരില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഘട്ടങ്ങളായി എല്ലാ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയുടെ ഭാഗമാക്കാനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് നീക്കം. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്ക്കെടുക്കും. ഡ്രൈവർമാരെ ഉടമകളും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നൽകും. ഡീസൽ, അറ്റകുറ്റപ്പണി ചെലവുകൾ ബസ് ഉടമകൾ നിർവഹിക്കണം. വാടകത്തുകയിലാണ് ഇപ്പോൾ തർക്കമുള്ളത്. കിലോമീറ്ററിന് 55 രൂപ വാടക വേണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. 50 രൂപ നൽകാമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനമായാലുടൻ പദ്ധതി നടപ്പിൽ വരും. സ്വകാര്യ ബസുടമകൾക്കും കെ.എസ്.ആർ.ടി.സിക്കും ഒരേപോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി എന്നാണ് വിലയിരുത്തപ്പെടുന്നത്.

സർക്കാരിന് പുതിയ ബസുകൾ വാങ്ങാതെ കൂടുതൽ സർവീസുകൾ നടത്താം. ആ തുക ലാഭിക്കുന്നതിനൊപ്പം ചാർജ് വർദ്ധന, വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ നിരക്ക് എന്നിവയിൽ ന്യായമായ തീരുമാനമെടുക്കാം. അതോടൊപ്പം സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടവും തമ്മിലടിയും അപകടങ്ങളും ഒഴിവാക്കാനുമാവും. കൊവിഡ് കാലത്ത് നിറുത്തലാക്കിയ പല സർവീസുകളും കെ.എസ്.ആർ.ടി.സി ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ബസുകളുടെ കുറവാണ് സർവീസുകൾ പുനരാരംഭിക്കുന്നതിന് പ്രധാന തടസമായി പറയുന്നത്. സ്വകാര്യ ബസുകൾ ലഭ്യമായാൽ കൊവിഡിന് മുമ്പ് നടത്തിയിരുന്നതും അവസാനിപ്പിച്ചതുമായ സർവീസുകൾ പുനരാരംഭിക്കാം.

പ്രിയദർശിനി സർവീസുകൾ ആരംഭിച്ചത് പൊതുവേ കെ.എസ്.ആർ.ടി.സിയോടുള്ള സമീപനം തന്നെ മാറാൻ പ്രേരിപ്പിച്ചിട്ടുള്ള ഒരു സംഗതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര കൂടുതൽ വിപുലപ്പെടുത്തുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ ഇവിടെ പ്രിയദർശിനി സർവീസുകൾ കൂട്ടുന്നതിൽ തീരുമാനം എടുത്തിട്ടില്ല.

ദീർഘദൂര ബസുകളിലും വനിതകൾക്ക് സൗജന്യ യാത്ര നൽകണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിലും സർക്കാർ അനുഭാവപൂർണമായ തീരുമാനം എടുക്കേണ്ടതാണ്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ബസുകളുടെ സർവീസ് കാലാവധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പദ്മകുമാർ കമ്മിഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അതുപോലെ ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായി. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കാനുള്ള തീരുമാനവും ഉചിതമാണ്. പുതിയ തീരുമാനങ്ങളും പദ്ധതികളും കെ.എസ്.ആർ.ടി.സിയെ കൂടുതൽ സ്വീകാര്യമാക്കി മാറ്റാൻ ഉതകുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION