
'ഇത്തിരി സൗന്ദര്യം കൂടിപ്പോയത് എന്റെ കുറ്റമാണോ?'. സൗന്ദര്യ ചികിത്സയുടെ പേരിൽ നടന്ന സൈബർ ആക്രമണത്തിൽ വലഞ്ഞ ഔഷധി മുൻ ചെയർപേഴ്സൺ ശോഭനാ ജോർജ് ചോദിച്ചതായി ട്രോൾ. വെളുക്കാൻ തേച്ചത് ചിലർക്ക് പാണ്ടാവാറുണ്ട്. പക്ഷേ, മുൻ കോൺഗ്രസ് എം.എൽ.എയും, പിന്നീട് സി.പി.എം സഹയാത്രികയുമായ ശോഭനാ ജോർജ് വെളുക്കാൻ തേച്ചത് 'പാട്ടായി'. കോഴിമുട്ടയും മൂന്നുകിലോ ചെമ്പരത്തി മൊട്ടും നാരങ്ങാനീരും ചേർത്ത മിശ്രിതം ഉപയോഗിച്ച് ഔഷധിയുടെ ചെലവിൽ സൗന്ദര്യ ചികിത്സ നടത്തിയെന്നാണ് ആരോപണം. ശോഭന നിഷേധിച്ചെങ്കിലും സൈബർ പോരാളികൾ അടങ്ങുന്നില്ല. 'മുന്നൂറ് മുട്ട പുഴുങ്ങിതിന്നുകയും മൂന്നുകിലോ ചെമ്പരത്തി മൊട്ട് ചെവിയിൽ വയ്ക്കുകയും, നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തലയിൽ തളം വയ്ക്കുകയും' ചെയ്തതായാണ് നിയമസഭയിൽ
ഇതേക്കുറിച്ച് തമാശ രൂപേണ വി.പി.സജീന്ദ്രൻ പറഞ്ഞത്. സമൂഹ മാദ്ധ്യമത്തിലൂടെ ശോഭന അതിന് മറുപടി നൽകിയതും പരിഹാസ സ്വരത്തിൽ.
ശോഭനാ ജോർജ് അത്തരത്തിൽ സൗന്ദര്യ ചികിത്സ നടത്തിയെങ്കിൽ, അതിന് ഔഷധിയുടെ പണം ചെലവിട്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. കേരള കോൺഗ്രസിൽ തുടങ്ങി കോൺഗ്രസിലെത്തി എം.എൽ.എയും, കെ.കരുണാകരന്റെ വിശ്വസ്തയുമായി മാറിയ ശോഭനാ ജോർജിന് ഇത്തരം ആക്രമണങ്ങൾ പുത്തരിയല്ല.ചെങ്ങന്നൂരിൽ നിന്ന് തുടർച്ചയായി 15 വർഷം എം.എൽ.എയായി. അക്കാലത്ത് സ്വന്തം പാർട്ടിയിലെ എതിർ ഗ്രൂപ്പുകാരിൽ നിന്ന് നേരിട്ട ആക്രമണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കണക്കില്ല.സി.പി.എമ്മിന്റെ ആക്രമണങ്ങൾ മറുവശത്ത്. അന്ന് താൻ കോൺഗ്രസിനെക്കാൾ സ്നേഹിച്ചതും വിശ്വസിച്ചതും ലീഡർ കെ.കരുണാകരനെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണെന്ന് ശോഭനയുടെ സാക്ഷ്യം.
ലീഡർ പറഞ്ഞപ്പോൾ എം.എൽ.എ സ്ഥാനംപോലും രാജിവച്ച് അദ്ദേഹം രൂപീകരിച്ച ഡി.ഐ.സിയിൽ ചേർന്നു.അക്കാലത്ത് സമൂഹ മാദ്ധ്യമങ്ങൾ പ്രചാരത്തിലില്ല.ഒടുവിൽ, ലീഡറുടെ കാലശേഷം പാർട്ടിയിൽ ഒതുക്കപ്പെട്ടപ്പോഴാണ് സഹികെട്ട് സി.പി.എം ക്യാമ്പിൽ അഭയം തേടിയത്. പക്ഷേ, സഖാവിനെ പാർട്ടി കൈവിട്ടില്ല. ഒന്നാം പിണറായി സർക്കാരിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ. രണ്ടാം ഘട്ടത്തിൽ ഔഷധി ചെയർപേഴ്സൺ. ഇപ്പോൾ തനിക്കെതിരെ അപവാദ പ്രചാരണം നടക്കുമ്പോൾ, ലീഡറുടെ മകനായ മന്ത്രി കെ.മുരളീധരൻ പഴയ കാര്യങ്ങളൊക്കെ മറന്നു പോയതിലാണ് ശോഭനയ്ക്ക് പരിഭവം.
'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന' ശീലത്തിൽ നിന്ന് കേരള പൊലീസിന് മോചനമില്ല. ചെറിയ കുറ്റങ്ങളിൽപോലും സാധാരണക്കാരെ പിടികൂടി ലോക്കപ്പിലിട്ട് തല്ലിച്ചതയ്ക്കുന്ന പൊലീസ് പണവും ഭരണ സ്വാധീനവുമുള്ളവർ പ്രതികളായാൽ വിനീത വിധേയരാവുന്ന കാഴ്ചയാണ് നെടുമ്പാശേരിയിലും ചേരാനല്ലൂരിലും നടന്ന വാഹനാപകടങ്ങളിൽ ദൃശ്യമായത്. അർദ്ധരാത്രി അമിത വേഗതയിൽ മദ്യലഹരിയിൽ സമ്പന്നകുമാരൻ ഓടിച്ച ആഡംബര കാറിടിച്ച് മൂന്ന് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ പ്രതിയുടെ പേരുപോലുമില്ല. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പേരുചേർത്തത്. ജാമ്യം നിഷേധിക്കപ്പെട്ട സമ്പന്ന
കുമാരൻ ഉൾപ്പെടെ കാറിലുണ്ടായിരുന്ന, 21 വയസ് തികയാത്ത നാല് പ്രതികളെയും ഇപ്പോഴും പാർപ്പിച്ചിട്ടുള്ളത് ബോസ്റ്റൽ സ്കൂളിൽ.
ചേരാനല്ലൂരിൽ 17കാരനായ ജഡ്ജി പുത്രൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ചായിരുന്നു തട്ടുകട നടത്തി കുടുംബം പോറ്റിയിരുന്ന ജയബാലകൃഷ്ണനെന്ന പാവം മനുഷ്യന്റെ മരണം. പൊലീസ് കസ്റ്റഡിയിലെടുത്ത ജഡ്ജി പുത്രനെ മരിച്ചയാളുടെ സംസ്കാര ചടങ്ങിനിടെ കോടതിയിൽ പോലും ഹാജരാക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയതാണ്. അപകട ദൃശ്യങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തിയ തെളിവുകൾ സഹിതം നശിപ്പിക്കുന്നതിന് പൊലീസ് കൂട്ടുനിന്നതായും ആരോപണമുയർന്നു. ഒടുവിൽ, സ്റ്റേഷനിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്കതിരെ നടപടിക്കും, സിറ്റി പൊലീസ് കമ്മിഷണറുടെ മാറ്റത്തിനും സർക്കാർ നിർബന്ധിതമായി.
17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൂരകൃത്യം ചെയ്യുന്നവർക്ക് കുട്ടികളെന്ന നിയമ പരിരക്ഷ നൽകരുതെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. ഭരണാധികാരത്തിന്റെ ഹുങ്കിന് മുന്നിൽ പൊലീസ് കാഴ്ചക്കാരാവുന്നതാണ് അടൂരിൽ കണ്ടത്. യൂട്യൂബർ രാജൻ ജോസഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.സ്ഥലത്തെ കോൺഗ്രസ് നേതാവും,ജില്ലാ
പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പൊലീസ് ജീപ്പ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്നു.
തുടർന്ന്, സ്റ്റേഷനുള്ളിൽ കയറിയ കുഞ്ഞമ്മ പൊലീസ് സാന്നിദ്ധ്യത്തിൽ ലോക്കപ്പിന് മുന്നിലെത്തി ഉള്ളിലുള്ള പ്രതിയോട് 'ക്ഷേമാന്വേഷണം' നടത്തുന്നു.പൊലീസുകാർ
കണ്ടു നിൽക്കുന്നു. കഴിഞ്ഞ ജൂലായിൽ അറസ്റ്റ് ചെയ്തപ്പോഴത്തെ സി.സി ടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നത് വിവരാവകാശ നിയത്തിന്റെ പിൻബലത്തിൽ. പൊലീസിന് ഇരട്ട നീതി.അധികാരത്തിന്റെ ധാർഷ്ട്യത്തിൽ നിയമം കൈയിലെടുത്ത് ഭരണകക്ഷിക്കാർ!.
ഏതോ അദൃശ്യ ശക്തിയുടെ ആക്രമണത്തിലാണ് തന്റെ കഴുത്തുളുക്കിയതെന്നാണ് 'മീശ മാധവനിൽ' ജഗതിയുടെ കഥാപാത്രം പറയുന്നത്. അതുപോലെ,മുൻ മന്ത്രിയും സി.പി.എം നേതാവുമായ വീണാ ജോർജിന്റെ കഴുത്തുളുക്കലിന് പിന്നിലും 'ഏതോ അദൃശ്യ ശക്തി'യുടെ കരങ്ങൾ ഉണ്ടായിരിക്കാമത്രെ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കതിരെ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടെയാണ് തന്റെ കഴുത്തിന് പരിക്കേറ്റതെന്നാണ് മന്ത്രിയായിരിക്കെ വീണാ ജോർജ് പറഞ്ഞത്.മന്ത്രിയുടെ ഗൺമാനും അതു ശരിവച്ചാണ് പൊലീസിന് മൊഴി നൽകിയത്. ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വീണാ ജോർജ് ഡിസ്ചാർജ് പോലും വാങ്ങാതെ വെളുപ്പിന് കാറിൽ പത്തനംതിട്ടയിലെ വീട്ടിലെത്തി!
മന്ത്രിയുടെ നേർക്ക് നടന്നതായി പറയുന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.കരിങ്കൊടി പ്രകടനക്കാരെ പൊലീസ് തടഞ്ഞതിനാൽ അവർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മന്ത്രിയുടെ 15 മീറ്റർ അകലെ മാത്രം എത്താൻ കഴിഞ്ഞ യൂത്ത് കോൺഗ്രസുകാർ മന്ത്രിയെ ആക്രമിച്ചിട്ടില്ല. ആക്രമിക്കാൻ ഉപയോഗിച്ചതായി പറയുന്ന ആയുധവും കണ്ടെത്താനായില്ല. എങ്കിൽ, എങ്ങനെ വീണയുടെ കഴുത്തുളുക്കി?. മന്ത്രി പറഞ്ഞത് കേട്ടാണ് താനും പറഞ്ഞതെന്നാണ് ഗൺമാന്റെ പുതിയ മൊഴി .'അദൃശ്യ ശക്തി' തന്നെ!.
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |