SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.06 AM IST

രാമായണാമൃതം: ധർമ്മ ചിന്തയിലൂന്നിയ ജ്ഞാനവാഹിനി

a

കേരളീയ ജീവിതത്തിന്റെ ആത്മീയമായ ഉയർച്ചയ്ക്കും ഭൗതികമായ വളർച്ചയ്ക്കും രാമായണം നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയമാണ്. സ്വാർത്ഥതയുടെ നീഡത്തിൽ അടയിരിക്കുന്ന മനുഷ്യൻ അവന്റെ ജീവിതത്തിന്റെ സഹജമായ അനുഭവങ്ങളുടെ -സഹജഭാവങ്ങളുടെ സമ്യക്‌രൂപമായ ശ്രീരാമചരിതം നമ്മെ, വിവർണവും അവ്യക്തവും അന്ധകാര ജഡിലവുമായ അജ്ഞതയിൽ നിന്നും, വർണമോഹനവും സുവ്യക്തവും പ്രകാശ സമ്പൂർണവുമായ അറിവിലേക്ക് ക്ഷണിക്കുന്നു. വിഭ്രമജനകമായ ജീവിതത്തിന്റെ വിഹ്വലതകളിൽ നിന്നും വിമലമായ ആത്മാനുഭൂതിയുടെ സവിശേഷതകളിലേക്കു രാമന്റെ അയനം രാമായണം നമ്മെ ക്ഷണിച്ചു കൊണ്ടുപോകുന്നു. ശ്രീരാമന്റെ -സീതയുടെയും കഥ മനുഷ്യജീവിതത്തിന്റെ ഊഷരമായ ഗതി പതനങ്ങളിൽ നിന്നും , ധർമ്മചിന്തയിലൂന്നിയ കർമ്മസമൃദ്ധിയുടെ ഊഷ്മളമായ ഗതിസുഷമയിലേക്ക്- ജീവിതത്തിന്റെ ഗരിമയിലേക്ക് നമ്മെ ആനയിക്കുന്നു; ജാതി മത വേഷഭാഷാന്തരങ്ങളൊന്നുമില്ലാതെ. അതുകൊണ്ടുതന്നെ കാലാതിവർത്തിയായ ആദർശ കഥാവാഹിനി തന്നെയാണ് വിരിഞ്ചവിരചിതമായ ശ്രീരാമായണം. കർക്കടകത്തിന്റെ ദുർഘടങ്ങളിൽ നിന്നും മനുഷ്യമനോവ്യഥകളെ നിർമുക്തമാക്കുവാൻ ധർമ്മപരിപാലകനായിരുന്ന, മാതൃകകൾക്കും മാതൃകയായ ഒരു ഭരണാധികാരിയുടെ കഥപറയുന്ന ശ്രീരാമകഥ എഴുത്തച്ഛനിലൂടെ പുനരാവിഷ്കരിക്കപ്പെട്ടിട്ടുള്ള അദ്ധ്യാത്മരാമായണം അതിമോഹനവും മനുഷ്യ കഥാനുഗായിയുമാണ്. ഈ രാമകഥ ലോകത്തിന്റെതന്നെ തനതായ ചിത്രമാണ് അനാവരണം ചെയ്തിരിക്കുന്നത്. അദ്ധ്യാത്മ പ്രദീപകവും അത്യന്തം രഹസ്യവുമായ അദ്ധ്യാത്മ രാമായണം മൃത്യശാസന പ്രോക്തമാണെന്നു മാത്രമല്ല, അദ്ധ്യയനംചെയ്യുന്തോറും മർത്യജന്മികൾക്കെല്ലാമീ ജന്മംതന്നെ മുക്തി സിദ്ധിക്കുമെന്നത് അസന്നിഗ്ദ്ധമാണ് എന്ന് രാമായണകർത്താവു തന്നെ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആത്മീയതയെ ശ്രദ്ധായുക്തരായി, സദാചാരസിദ്ധരായി ഭൗതികമുക്തരായി, ഭക്തിനിലീനരായി പുൽകുക എന്നത് സുകൃതികൾക്കേ കഴിയൂ. ഭ്രാന്തമായ ഭൗതികതയുടെ വിലക്ഷണതയിൽ മുങ്ങിത്താഴുന്ന മനുഷ്യന് ജീവിതത്തിന്റെ സുകൃതമറിയുവാൻ, സത്യാന്വേഷണം നടത്തുവാൻ,ആത്മപരിശോധന ചെയ്യു വാൻ അദ്ധ്യാത്മ രാമായണത്തിന്റെ അന്തർധാര നമ്മെ നിരന്തരം ഉദ്ബോധി പ്പിക്കുന്നു. രാമായണം എന്ന ദിവ്യഔഷധം അദ്ധ്യയനം ചെയ്യുന്നവർക്ക് മുക്തി സിദ്ധിക്കുമെന്നാണ് !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY