SignIn
Kerala Kaumudi Online
Friday, 18 September 2026 1.57 AM IST

ആഗോള ബ്രാൻഡാകാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റി

vj

ആഗോള ബ്രാൻഡാകാൻ
ഊരാളുങ്കൽ ലേബർ സൊസൈറ്റി

പുതിയ മേഖലകളിൽ സാദ്ധ്യത തേടും

കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദൻ കൊളുത്തിയ ജ്വാലയാണ് എക്കാലത്തും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ(യു.എൽ.സി.സി.എസ്) മുന്നോട്ട് നയിച്ചത്. പാലേരി രമേശനായിരുന്നു കഴിഞ്ഞ കാലങ്ങളിൽ യു.എൽ.സി.സി.എസിന്റെ മുഖം. പാലേരിയുടെ ആകസ്മിക വേർപാട് വലിയ ആഘാതമായെങ്കിലും പതറാതെ പുതിയ ചെയർമാൻ എസ്. ഷാജുവിലൂടെ മുന്നേറാനാണ് സൊസൈറ്റിയുടെ തീരുമാനം. ചെയർമാനായി ചുമതലയേറ്റ എസ്.ഷാജു ഭാവി പരിപാടികളെ കുറിച്ച് കേരളകൗമുദിയുമായി സംസാരിക്കുന്നു.

പാലേരിക്ക് പിൻഗാമിയായി ഷാജു എത്തുന്നു. എന്താണ് വിഷൻ...?

ഇതൊരു തുടർച്ചയാണ്. രമേശൻ പാലേരി സ്വപ്നം കണ്ട വികസന സങ്കൽപ്പങ്ങൾക്ക് തുടർച്ച നൽകുന്നതിനൊപ്പം യു.എൽ.സി.സി.എസിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യം. നിർമ്മാണ, അടിസ്ഥാനസൗകര്യ മേഖലയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിനൊപ്പം ദേശീയ, രാജ്യാന്തര തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. ഐ.ടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും. പുതിയ സാങ്കേതികവിദ്യകളിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്താനും അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കാനും മുൻഗണന നൽകും.

കേരളത്തിന് പുറത്ത് കൂടുതൽ പ്രോജക്ടുകൾ...?

കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രോജക്ടുകൾ വന്നിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തു. കെട്ടിടനിർമാണങ്ങളാണ് കൂടുതലും.

രമേശൻ പാലേരിയുടെ സ്വപ്‌നപദ്ധതിയായിരുന്നു വിഷൻ ഡോക്യുമെന്റ്...?

പത്തുവർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ചാണ് അദ്ദേഹം പോയത്. 2035വരെ സൊസൈറ്റി സഞ്ചരിക്കാനുള്ള വഴികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. അതുമായി മുന്നോട്ട് പോകും.

ഊരാളുങ്കലിൽ ക്ലർക്കായി തുടങ്ങിയതാണ്

ഔദ്യോഗിക ജീവിതം...?

ക്ലർക്കായിട്ടാണ് തുടക്കം. 1997ലാണ് യു.എൽ.സി.സി.എസിൽ ക്ലർക്കായി എത്തിയത്. പിന്നീട് വിവിധ ചുമതലകൾ ഏറ്റെടുത്തു. 2009 മുതൽ 17 വർഷത്തോളം സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനവും വളർച്ചയുടെ ഓരോ ഘട്ടവും നേരിട്ടറിഞ്ഞിട്ടുണ്ട്. രമേശൻ പാലേരിയുമായി അടുത്തുനിന്ന് പ്രവർത്തിച്ച വർഷങ്ങളിലെ അനുഭവമാണ് കരുത്ത്.

 കുടുംബ പാരമ്പര്യവും ഇവിടെയുണ്ട്...?

സൊസൈറ്റിയുമായി ഉറ്റബന്ധമുണ്ട് എന്നത് വസ്തുതയാണ്. മുത്തച്ഛൻ എസ്. കണാരനും അദ്ദേഹത്തിന്റെ പിതാവ്

എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നൽകിയ 14അംഗ പ്രമോട്ടിംഗ് കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു. അവർ സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവർത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ഡയറക്ടറും ആയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OORALUNGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360