
20 ലിറ്റർ ജാറുകളുടെ ലഭ്യത കൂട്ടും
ആലുവയിൽ പുതിയ പ്ളാന്റ്
കോഴിക്കോട്: കുപ്പിവെള്ള വിപണിയിൽ 20 ലിറ്റർ ജാറുകളുടെ ലഭ്യത വർദ്ധിപ്പിക്കാൻ ആലുവയിൽ മൂന്നാമത്തെ പ്ലാന്റ് ഒരുക്കി 'ഹില്ളി അക്വ' പ്രവർത്തനം വിപുലീകരിക്കുന്നു. 20 ലിറ്റർ ജാറുകൾ മാത്രം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഡിസംബറിൽ പ്രവർത്തനസജ്ജമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷന്റെ (കിഡ്ക്) നേതൃത്വത്തിലുള്ള 'ഹില്ലി അക്വ' ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കോഴിക്കോട്ടും പ്ളാന്റ് നിർമ്മിക്കുന്നുണ്ട്. പ്രതിദിനം 1.60 ലക്ഷം ലിറ്റർ വെള്ളം ഉപയോഗപ്പെടുത്താൻ ശേഷിയുള്ള ആലുവയിലെ പ്ളാന്റിൽ യന്ത്രസാമഗ്രികൾ സ്ഥാപിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പ്രത്യേക ലബോറട്ടറിയും മൈക്രോബയോളജിസ്റ്റിന്റെയും കെമിസ്റ്റിന്റെ സേവനവും ലഭ്യമാകും. പൂർണമായും ഓട്ടോമാറ്റിക് സംവിധാനമാണ്.
ജാർ 60 രൂപയ്ക്ക്
നിലവിൽ മറ്റ് കമ്പനികൾ 20 ലിറ്റർ ജാറിന് 70 മുതൽ 80 രൂപ വരെ ഈടാക്കുമ്പോൾ 60 രൂപയ്ക്ക് ഹില്ലി അക്വ ലഭ്യമാക്കും. ഓഫീസുകൾ, ഫ്ലാറ്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും വിതരണം.
പ്രവർത്തനം വിപുലീകരിക്കുന്നു
നിലവിൽ തൊടുപുഴയിലും അരുവിക്കരയിലുമാണ് പ്ലാന്റുകളുള്ളത്. ഇവിടെ കുപ്പിവെള്ളത്തിനൊപ്പമാണ് 20 ലിറ്ററിന്റെ ജാറുകളും ഉത്പാദിപ്പിക്കുന്നത്. എന്നാൽ പുതിയ പ്ലാന്റിൽ 20 ലിറ്ററിന്റെ ജാറുകൾ മാത്രമാണ് ഉത്പാദിപ്പിക്കുക. അരുവിക്കരയിൽ 60000 ലിറ്ററും തൊടുപുഴയിൽ 85000 ലിറ്ററും കുപ്പിവെള്ളമാണ് ദിവസേന ഉത്പാദിപ്പിക്കുന്നത്. അര, ഒരു ലിറ്റർ കുപ്പികളാണ് പ്രധാനമായും തയ്യാറാക്കുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഹില്ലി അക്വയുടെ വിതരണം നടക്കുന്നു.
'' പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ''-
വി. സജി
സീനിയർ ജനറൽ മാനേജർ
ഹില്ലി അക്വ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |