SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

തരൂരിന്റെ പുകഴ്ത്തിപ്പാട്ടും കോൺഗ്രസിന്റെ വെട്ടിവിയർക്കലും

tharoor

വിശ്വപൗരനായ ഡോ.ശശി തരൂരിന്റെ പടപ്പുറപ്പാട് ഇതെന്തിനുള്ളതാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല, കുറഞ്ഞപക്ഷം കോൺഗ്രസ് നേതൃത്വത്തിനെങ്കിലും. ആംഗലേയ ഭാഷയിലുള്ള തന്റെ വിശ്വവിഖ്യാത പാണ്ഡിത്യം കൊണ്ടും ലോകത്തെക്കുറിച്ചുള്ള അറിവുകൊണ്ടും വൈവിദ്ധ്യമാർന്ന വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൊണ്ടും എന്തിനെയും വിമർശനബുദ്ധ്യാ കാണാനുള്ള വിശാലമനസ്കത കൊണ്ടും എപ്പോഴും ശ്രദ്ധേയനാവാറുള്ള തരൂരിന്റെ പുതിയ ചില നീക്കങ്ങൾ ആകെ 'ഇന്ത്രാളിഫിക്കേഷനാ"ണ് (വാക്കിന്റെ അർത്ഥം തെരഞ്ഞു മെനക്കെടേണ്ട) സൃഷ്ടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രശംസ ചൊരിഞ്ഞും സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നേട്ടങ്ങളെ പുകഴ്ത്തിയും തരൂർ എഴുതിയ ലേഖനങ്ങളാണ് അങ്ങ് ഹൈക്കമാൻഡ് കോർട്ടിൽ വരെ എത്തിയത്. യഥാർത്ഥത്തിൽ തരൂരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടോ. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് വ്യവസായത്തിന്റെ വളർച്ചയെക്കുറിച്ചാണ് അദ്ദേഹം ഒരു പ്രശംസ നടത്തിയത്. മോദിയെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുകഴ്ത്തിയതും അത് മോദിയുടെ മഹത്വമാണെന്നുമുള്ളതായിരുന്നു വിവാദത്തിലേക്ക് നയിച്ച മറ്റൊരു പ്രശംസ. നല്ല കാര്യങ്ങൾ കണ്ടാൽ അത് നല്ലതാണെന്ന് പറയുന്നതല്ലേ യഥാർത്ഥ മഹത്വം. വികസനത്തിലും രാജ്യപുരോഗതിക്ക് ഉതകുന്ന കാര്യങ്ങളിലും രാഷ്ട്രീയം നോക്കാതിരിക്കുകയല്ലേ വേണ്ടത്. ഈ നിലപാടാണ് ശശിതരൂർ സ്വീകരിച്ചതും പുലിവാൽ പിടിച്ചതും. ​

പാലിക്കേണ്ട

പാർട്ടി മര്യാദകൾ

യു.എൻ. അണ്ടർസെക്രട്ടറി പദംവരെ അലങ്കരിച്ച രാഷ്ട്രതന്ത്രജ്ഞത വച്ച് അദ്ദേഹത്തിന് ഏതു കാര്യത്തിലും അഭിപ്രായം പറയാനും നിലപാടെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അങ്ങനൊരാൾ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ ചതുരക്കളത്തിലേക്ക് എത്തപ്പെടുകയും അതിന്റെ തുടർച്ചയായി ജനപ്രതിനിധിയാവുകയും ചെയ്യുമ്പോൾ അതിന്റേതായ മാന്യത പുലർത്താൻകൂടി ബാദ്ധ്യസ്ഥനാണ്. എല്ലാവരും ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങളും എല്ലാവരും പാടി പുകഴ്ത്തുകയും സ്വീകരിക്കുകയും ചെയ്യാനാണെങ്കിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമില്ലല്ലോ. അഭിപ്രായ ഭിന്നതകളില്ലെങ്കിൽ ജനാധിപത്യ സമ്പ്രദായം ഇന്നത്തെ അവസ്ഥയിൽ തുടരേണ്ടതുമില്ലല്ലോ. എപ്പോഴും നന്മയ്ക്കൊപ്പം അല്ലെങ്കിൽ പുരോഗമന ആശയങ്ങൾക്കൊപ്പം മാത്രം നിൽക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുങ്ങാനാവും. അങ്ങനെ ഒതുങ്ങാനാവുന്നില്ലെങ്കിൽ ആ വ്യക്തി എങ്ങനെ ആ പാർട്ടിയുടെ വ്യക്താവാകും. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഉൾപ്പാർട്ടി ജനാധിപത്യം കുറച്ചെങ്കിലുമുണ്ടെങ്കിൽ ഇത്തരം വ്യക്തിപരമായ നിലപാടുകളും അഭിപ്രായങ്ങളും അവിടെ പ്രകടിപ്പിക്കുകയും പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാക്കുകയുമല്ലേ വേണ്ടത്.

ഒരു മുന്നണിയുടെ പിൻബലത്തിൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക, പാർലമെന്റിലെത്തുക, ജനപ്രതിനിധി എന്ന നിലയ്ക്ക് പറ്റാവുന്ന ആനുകൂല്യങ്ങൾ ഒരു ലോപവും കൂടാതെ കൈപ്പറ്റുക. എന്നിട്ട് മാറിയിരുന്നു കൊഞ്ഞനം കുത്തുക. ഇതെന്തു നിലപാട്. എ.സി കാറിൽ ജനത്തെ നോക്കി ചിരിച്ചുകൊണ്ട് തെക്കുവടക്കു പായുമ്പോൾ കാറിന് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന എം.പി എന്ന ബോർഡ് സമ്മാനിച്ചത്, തന്റെ പാണ്ഡിത്യവും വ്യക്തിത്വവും നിലപാടുതറയും മാത്രമല്ലെന്നും ഒരു പാർട്ടിയെയും അതുൾക്കൊള്ളുന്ന മുന്നണിയെയും ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ജനങ്ങളുടെ വോട്ടുകൾ കൂടിയാണെന്നും തിരിച്ചറിയണം. തിരഞ്ഞെടുപ്പ് കാലത്ത് ബാനർ കെട്ടാനും ചുവരെഴുതാനും പോസ്റ്രർ പതിക്കാനും പ്രകടനം നടത്താനുമൊക്കെ വെയിലും ചൂടും മറന്ന് പണിയെടുത്ത കുറെ പാവങ്ങളുടെ നിലപാടുകളെ കൂടി ഓർക്കണം. അല്ലെങ്കിൽ കാറിലെ ആ ബോർഡ് അങ്ങ് അഴിച്ചു വയ്ക്കാനുള്ള സാമാന്യ മര്യാദ കാട്ടണം. അതല്ലെ പ്രതിബദ്ധത. അല്ലാതുള്ള സമീപനം രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിൽക്കുന്ന ഒരാൾക്ക് യോജിച്ചതോ എന്നതാണ് വിഷയം. ഒരു മുന്നണിയെയും കൂസാതെ, കൃത്യമായ ഒരു വിഷയമുന്നയിച്ച് തിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലെത്തിയ സാമാജികരുണ്ടായിട്ടുള്ള നാടാണ് കേരളം.

കോൺഗ്രസിന്

'കൂനിന്മേൽ കുരു"

മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഊണിലും ഉറക്കത്തിലും നമശിവായ ജപിച്ചു കഴിയുന്ന കുറെ നേതാക്കളാണ് ഇവിടെ കോൺഗ്രസിലുള്ളതെന്നത് മറ്റൊരു അനുഗ്രഹമായി. ഇത്തരം ഘട്ടങ്ങളിൽ മുഖം കറുത്ത് കമാന്നൊരുക്ഷരം ഉരിയാടാൻ അവർക്കുമാവില്ല. കാരണം അതിന്റെ പേരിൽ പിണങ്ങിപ്പോയാൽ തങ്ങളുടെ സ്വപ്നങ്ങൾ എങ്ങനെ ചിതറുമെന്ന ആശങ്കയാണ് അവർക്ക്. തോണ്ടിയും മണ്ണ് നുള്ളിയിട്ടുമൊക്കെയാണ് അവർ പ്രതിഷേധിച്ചത്. തീരെ സഹിക്ക വയ്യാത്ത ചിലർ ഹൈക്കമാൻഡിനെ നോക്കി വിതുമ്പി. കൂട്ടക്കരച്ചിൽ പതിവായിട്ടുള്ള അവിടെ ഈ വിതുമ്പൽ ആര് കാണാൻ. മാത്രമല്ല, സ്വന്തം നിലയ്ക്ക് തരൂർ എന്ന നേതാവ് ഉണ്ടാക്കിയിട്ടുള്ള ഇമേജിനെക്കുറിച്ചും തങ്ങൾക്ക് അതു വേണ്ടുവോളമില്ലാത്തതിനെപ്പറ്റിയും നല്ല ബോദ്ധ്യമുള്ളവരാണ് ഇവിടുത്തെ പല നേതാക്കളും. മൗനം വിദ്വാന് ഭൂഷണം എന്ന പ്രമാണത്തെ അവർ അങ്ങ് വാരിപ്പുണർന്നു പോയി.

പക്ഷെ ദോഷം പറയരുതല്ലോ, ആരെ കിട്ടിയാലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നല്ല ബോദ്ധ്യമാണ് ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന്. തങ്ങളുടെ വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തിയ തരൂരിനെ അവർക്ക് മറക്കാനാവുമോ, കൈവിടാനാവുമോ. പാലക്കാട്ട് ഡോ. സരിനോടും ഇതേ വാത്സല്യമല്ലേ കാട്ടിയത്. ഇവിടെയും സി.പി.എം കൈയ്യടിച്ചു തന്നെ പ്രോത്സാഹിപ്പിച്ചു. അതാ തൊട്ടു പിന്നാലെ ഡി.വൈ.എഫ്.ഐയുടെ ഒരു പ്രധാന നേതാവ് ഓടുന്നു തരൂരിന്റെ അടുത്തേക്ക്. സ്റ്റാർട്ട് അപ്പ് ഫെസ്റ്രിവലിലേക്ക് ക്ഷണിക്കാൻ. മറ്റു സമരങ്ങളൊന്നുമില്ലാത്തതിനാൽ യുവജന സംഘടനയ്ക്ക് ഇപ്പോൾ വ്യവസായ ഫെസ്റ്റിവലോ ഫിലിം ഫെസ്റ്റിവലോ ഒക്കെ സൗകര്യം പോലെ നടത്താമല്ലോ. സൂറത്തിൽ എന്തോ പരിപാടിയുള്ളതിനാൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച തരൂർ, ഫെസ്റ്രിവലിന് എല്ലാ ആശംസയും നേർന്നു. അപ്പോഴാണ് ഇവിടുത്തെ കോൺഗ്രസുകാർക്ക് ശ്വാസം നേരെ വീണത്. കാരണം ഫെസ്റ്റിവൽ വേദിയിൽ കയറിയിരുന്നു കുറച്ചു കൂടി പുകഴ്ത്തൽ നടത്തിയാൽ അവരുടെ കാര്യമാണല്ലോ കഷ്ടത്തിലാവുക.

അല്ലെങ്കിലും ഈ കോൺഗ്രസുകാർ തൊട്ടാവാടികളാണ്. നിസാരകാര്യം മതി ക്ഷീണിക്കാൻ. മുഖ്യമന്ത്രി വിവാദവും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലെ സൗന്ദര്യ പിണക്കവും നേതൃമാറ്റവുമൊക്കെ ചേർന്ന് ആകെ കുഴഞ്ഞു നിൽക്കുമ്പോഴാണ് കൂനിന്മേൽ കുരുപോലെ ഒരു ലേഖനവുമായി തരൂരിന്റെ ഇറക്കവും. ഒന്നു കരയാൻ പോലും വയ്യാതെ, എങ്ങനെ പിടിച്ചു നിൽക്കാനാവും.

 ഇതു കൂടി കേൾക്കണേ

നല്ല കാര്യങ്ങൾ കണ്ടാൽ നല്ലതെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല, അത് മാന്യതയുമാണ്. പക്ഷെ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമ്പോൾ തന്നെ പോറ്റുന്ന പാർട്ടിയുടെ അഭിപ്രായത്തിന് കൂടി ഒരു വിലയൊക്കെ കൊടുക്കേണ്ടേ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION