SignIn
Kerala Kaumudi Online
Sunday, 19 July 2026 6.02 AM IST

തലവന്മാരെ സിസ്റ്റം തേടിച്ചെല്ലുമ്പോൾ

1

വഴിവിട്ട സഹായത്തിനുള്ള പ്രത്യുപകാരമായിട്ടാണ് വിരമിച്ച സർക്കാരിലെ ഉന്നതരുടെ പുനർനിയമനം പലപ്പോഴും സംഭവിക്കാറ്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ (ഐ.എ.എസ്) തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം. അദ്ദേഹത്തിന്റെ കഴിവും പ്രവർത്തന പാരമ്പര്യവും, ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസവും ബോർഡിന്റെ മാനം കാക്കൽ നടപടികളുമെല്ലാമായതോടെ, ഒരു നിർണായക ഘട്ടത്തിൽ ആ പദവി അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. മുന്നണി മാറ്റം സംഭവിച്ച്, പുതിയ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴും പല ബോർഡുകളിലും കോർപ്പറേഷനുകളിലും എം.ഡി സ്ഥാനത്തേക്ക് എത്തിപ്പെടുന്നത് ഒരേ മുഖമായിരിക്കുമെന്നത് തന്നെ അഴിമതിയുടെ അന്തർധാരയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആഭ്യന്തര വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത സംരംഭമായ 'ഓപ്പറേഷൻ തൂഫാൻ" പേരു പോലെ ഒരു കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചു വരുന്നു.

എക്സൈസ് വകുപ്പിന് കൂടി തുല്യ പ്രാധാന്യമുള്ള ഈ ഓപ്പറേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വമ്പൻ തുറുമുഖങ്ങളെയും തുറസായ കടൽ തീരങ്ങളെയും കൊണ്ട് സമ്പന്നമായ കേരളം രാജ്യാന്തര മയക്കു മരുന്നു മാഫിയയുടെ വേരോട്ടമുള്ള മണ്ണായി മാറിയെന്നതാണ് വസ്തുത. ഇത്തരക്കാരെ സംരക്ഷിക്കുന്ന വമ്പൻ സ്രാവുകളെ കൂച്ചുവിലങ്ങിടാൻ, ഈ മേഖലയിൽ ആഴത്തിലുള്ള പരിജ്ഞാനവും അനുഭവ സമ്പത്തും കൈമുതലായുള്ളവരുടെ സേവനം അത്യന്താപേക്ഷിതമാണ്.

എക്സൈസ് കമ്മിഷണർ, കെ.എസ്.ഇ.ബി വിജിലൻസ് ഓഫീസർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ, സി.ബി.ഐ ജോയിന്റ് ഡയറക്ടർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പുതിയ അദ്ധ്യായങ്ങൾ എഴുതി ചേർത്ത മുൻ ഡി.ജി.പി ഋഷിരാജ് സിംഗിനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മാത്രമല്ല മയക്കുമരുന്നു മാഫിയയെ വേരോടെ പിഴുതെറിയാനുമത് സഹായിക്കും.

രാജസ്ഥാനിലെ ബിക്കാനീർ എന്ന ചെറുഗ്രാമത്തിൽ ജനിച്ചു ,കേരളത്തിലെത്തി മലയാളത്തെയും മലയാളിയെയും ഒരു പോലെ സ്നേഹിക്കുകയും കുട്ടികളിൽ ലഹരിയുടെ ആസക്തി വർദ്ധിച്ചുവരുന്നുവെന്ന് കണ്ടെത്തി എക്സൈസ് കമ്മിഷണറായിരിക്കെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് നാന്ദി കുറിക്കുകയും ചെയ്തിരുന്നു. എകദേശം ആയിരത്തോളം വരുന്ന സ്കൂളുകളിലും കോളേജുകളിലും നടത്തിയ ബോധവത്കരണ ക്ലാസിലും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമായി നടത്തിയ സംവാദങ്ങളിലും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ കോർത്തിണക്കി " വൈകും മുമ്പേ" എന്ന ഒരു പുസ്തകത്തിനും രൂപം നൽകി.

കേരള കൗമുദി " വൈകും മുമ്പേ" എന്ന പുസ്തകത്തിന്റെ കാതലായ ഉള്ളടക്കം മനസിലാക്കി, ഹൈസ്കൂൾ തലത്തിൽ സാമൂഹ്യ പാഠത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സെക്രട്ടറി തലത്തിൽ ശ്രമം നടത്തിയെങ്കിലും അത് ചുവപ്പ് നാടയിൽ കുരുങ്ങിയെന്ന് വേണം അനുമാനിക്കാൻ. മയക്കുമരുന്നിന്റെ കരാള ഹസ്തത്തിൽ പെട്ടുഴലുന്ന യുവതലമുറയെ വാരിപ്പുണരാൻ, ശിഷ്ട ജീവിതം മലയാളക്കരയിൽ മതിയെന്ന തീരുമാനവുമായി 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ, കാറ്റോ കാമിനിയോ " എന്ന മൂളിപ്പാട്ടുമായി മലയാളിയുടെ വികാരമായി മാറിയ കാക്കിക്കുള്ളിലെ ആ നൈർമല്യ ഭാവത്തെ, നിലപാടുകളുടെ രാജകുമാരനെ ചേർത്ത് പിടിക്കുമെന്ന് പ്രത്യാശിക്കാം.

(ലേഖകന്റെ ഫോൺ : 9847862420)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION