കൊച്ചി: മട്ടാഞ്ചേരിയിലെ ബാറിൽ വച്ച് യുവാവിനെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് പൊലീസിന്റെ പിടിയിലായത്. ഷമീർ എന്നയാളെയാണ് ഷിബു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ ഷമീറും പ്രതിയും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ബിൽ കൗണ്ടറിന് മുന്നിൽ വച്ച് ഷിബു ഷമീറിനെ കഴുത്തിന് പിടിച്ച് തള്ളി. ശേഷം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും അടിക്കുകയുമായിരുന്നു. ഷിബുവിനൊപ്പമുണ്ടായിരുന്ന ഷിഹാബ്, ഷമീറിനെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ ഷമീർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ ലഹരിവിരുദ്ധ പരിപാടിയിൽ 'ഓപ്പറേഷൻ തൂഫാന്' ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തയാളാണ് ഷിബു. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തത് നഗരത്തിലെ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന ആരോപണത്തിന് പിന്നാലെയാണ് അറസ്റ്റ്.
ജൂൺ 18നാണ് സുധാകരന്റെ ലഹരിവിരുദ്ധ പരിപാടി നടന്നത്. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസ് പ്രതികളും ഗുണ്ടകളും ഉണ്ടായിരുന്നു എന്ന വിവരം പിന്നീട് പുറത്തുവന്നു. വയോധികയെ മർദിച്ച ഗുണ്ട, തോക്ക് കേസിലെ പ്രതി, ബ്യൂട്ടിപാർലർ വെടിവയ്‌പ്പ് കേസിലെ പ്രതി എന്നിങ്ങനെ പരിപാടിയിൽ പങ്കെടുത്ത നിരവധി ഗുണ്ടകളുടെ പേര് ഉൾപ്പെടെ നേരത്തേ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |