SignIn
Kerala Kaumudi Online
Saturday, 24 October 2026 1.31 AM IST

യുവതയ്ക്കായി തൊഴിൽ ഒരുക്കാം

unemployment

കാലം ഏറെ മുന്നോട്ടുപോവുകയും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും വലിയ രീതിയിൽ വികസിക്കുകയും ചെയ്യുമ്പോഴും ഇന്ത്യ നേരിടുന്ന ഏറ്റവും സങ്കീർണമായ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളിലൊന്നാണ് തൊഴിലില്ലായ്മ. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുവജന പങ്കാളിത്തമുള്ള ഒരു രാജ്യത്ത് ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ യോഗ്യതയ്‌ക്കോ നൈപുണ്യത്തിനോ അനുയോജ്യമായ തൊഴിൽ ലഭിക്കുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു വ്യക്തിയുടെ ജീവിതനിലവാരം, സാമൂഹിക പദവി, സാമ്പത്തിക ഭദ്രത എന്നിവ നിർണയിക്കുന്നതിൽ തൊഴിലിന് നിർണായക പങ്കുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ പോലും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കാതെ അലയേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന കുതിപ്പിന് തടസമായി മാറുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ബുള്ളറ്റിൻ രാജ്യത്തെ തൊഴിൽ മേഖലയുടെ വ്യക്തമായ ചിത്രം നൽകുന്നുണ്ട്. 2026 സെപ്തംബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് അഞ്ചുശതമാനമാണ്. ഗ്രാമീണ മേഖലകളേക്കാൾ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്നതും പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഇത് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നു എന്നതും റിപ്പോർട്ട് വ്യക്തമാക്കുന്നു.


സ്ത്രീകളുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് തൊട്ടുമുൻപത്തെ മാസത്തിലെ 5.1 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ 5.2 ശതമാനമായി ഉയർന്നു. എന്നാൽ നഗരപ്രദേശങ്ങളിലേക്ക് വരുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാണ്. ഇവിടെ നഗര സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനത്തിൽ നിന്ന് 9.2 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. അതേസമയം, ഗ്രാമീണ മേഖലയിലെ സ്ത്രീകളിൽ തൊഴിലില്ലായ്മ 3.9 ശതമാനവും പുരുഷന്മാരിൽ 4.9 ശതമാനവുമാണ്. ഗ്രാമീണ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർദ്ധിച്ച് 4.4 ശതമാനമായപ്പോൾ, നഗരപ്രദേശങ്ങളിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി നേരിയ കുറവ് രേഖപ്പെടുത്തി.


തൊഴിൽ സേനയിലെ ജനപങ്കാളിത്തം അളക്കുന്ന ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് ആഗസ്റ്റിലെ 55.6 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ 55.5 ശതമാനമായി കുറഞ്ഞു. ഗ്രാമീണ മേഖലയിൽ പങ്കാളിത്ത നിരക്ക് 50.4ൽ നിന്ന് 50.7 ശതമാനമായി ചെറിയ പുരോഗതി കാണിച്ചപ്പോൾ നഗരങ്ങളിൽ ഇത് 58.2 ശതമാനത്തിൽ നിന്ന് 58 ശതമാനമായി താഴ്ന്നു. കൂടാതെ, തൊഴിലാളി ജനസംഖ്യാ അനുപാതത്തിലും കുറവുണ്ടായി. ആഗസ്റ്റിലെ 52.8 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ ഇത് 52.7 ശതമാനമായി മാറിയപ്പോൾ, ഗ്രാമീണ ജനസംഖ്യാ അനുപാതം 55.5 ശതമാനമായി കുറയുകയും നഗര ജനസംഖ്യാ അനുപാതം 47.2 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. ഈ കണക്കുകളെല്ലാം ചൂണ്ടിക്കാണിക്കുന്നത് രാജ്യത്ത് തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിന് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നാണ്.

തൊഴിലിടത്തെ വിവേചനവും വെല്ലുവിളി

തൊഴിലില്ലായ്മയുടെ ആഘാതം സ്ത്രീകളിൽ കൂടുതൽ പ്രതിഫലിക്കുന്നതിന് ഒപ്പം തന്നെ തൊഴിലെടുക്കുന്ന സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും വെല്ലുവിളിയാണ്. ഇന്നത്തെ പുതുതലമുറയിലെ പെൺകുട്ടികൾ ചൂണ്ടിക്കാണിക്കുന്നത് തങ്ങൾ ജീവിക്കുന്ന ഓരോ ഇടങ്ങളിലും അത് വീടോ, വിദ്യാലയമോ, പൊതുഇടമോ, തൊഴിലിടമോ ആകട്ടെ, ലിംഗത്തിന്റെ പേരിൽ രണ്ടാം തരക്കാരായി കാണപ്പെടുന്നു എന്നാണ്. തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കേണ്ടത് സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമാണെന്നിരിക്കെ നിലനിൽക്കുന്ന ഈ അസമത്വങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.

കടൽകടന്ന് യുവത

ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ യുവതലമുറയിലെ വലിയൊരുവിഭാഗം തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. വിദേശത്തെ ഉയർന്ന ജീവിതനിലവാരം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ എന്നിവയെല്ലാമാണ് യുവാക്കളെ വിദേശത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. സ്വന്തം നാട്ടിൽ മതിയായ യോഗ്യതയും ഉയർന്ന നൈപുണ്യവുമുള്ള യുവാക്കൾക്ക് ലഭിക്കുന്നത് തികച്ചും തുച്ഛമായ വേതനമാണ്. പല സ്വകാര്യ സ്ഥാപനങ്ങളിലും നൽകുന്ന ശമ്പളം ഇന്നത്തെ ജീവിതച്ചെലവുകൾക്കോ താമസ സൗകര്യങ്ങൾക്കോ പോലും തികയാറില്ല.

തൊഴിലിന് എത്തുന്നവർ കൂടുതൽ

ഇതിനുപുറമേ, മുൻപ് സ്ഥിരനിയമനങ്ങൾ നടന്നിരുന്ന സർക്കാർ സ്ഥാപനങ്ങളിൽ പോലും ഇന്ന് കരാർ/താത്കാലിക നിയമനങ്ങൾ വർദ്ധിച്ചുവരുന്നത് യുവാക്കളുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്നു. ഇതാണ് കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകാൻ അവരെ പ്രേരിപ്പിക്കുന്നത്. ഒരു വശത്ത് കേരളത്തിലെ യുവാക്കൾ ജോലി തേടി പുറത്തേക്ക് പോകുമ്പോൾ, മറുവശത്ത് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള വിവരങ്ങൾ അനുസരിച്ച് ഏകദേശം 40 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് തൊഴിൽ അന്വേഷിച്ച് കേരളത്തിൽ എത്തിയിട്ടുള്ളത്.


രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവരികയാണ്. പദവികളും ബിരുദങ്ങളും നേടുന്നവരുടെ എണ്ണം കൂടുമ്പോഴും അതിന് അനുസൃതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. വിപണിയുടെയും ആധുനിക കാലത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നാം ഇനിയും മുന്നേറേണ്ടതുണ്ട്.

നീതികേടിന്റെ കഥ
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി നിലനിൽക്കുമ്പോഴും പതിനായിരക്കണക്കിന് സർക്കാർ തസ്തികകൾ ഒഴിവ് വരുന്നത് യുവാക്കളോട് കാണിക്കുന്ന നീതികേടാണ്. ഒഴിവുള്ള തസ്തികകളിൽ കൃത്യസമയത്ത് നിഷ്പക്ഷമായ നിയമനങ്ങൾ നടത്തിയാൽ തന്നെ വലിയൊരു വിഭാഗം യോഗ്യരായ യുവാക്കൾക്ക് തൊഴിൽ നൽകാനും അവരുടെ ജീവിതം സുരക്ഷിതമാക്കാനുമാകും. മനുഷ്യശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന നയരൂപീകരണങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്.
നിരാശരായ യുവത്വം രാജ്യത്തിന്റെ മുന്നേറ്റത്തിന് തടസമായി മാറും. അതുകൊണ്ട് തന്നെ, പരമ്പരാഗതമായ തൊഴിൽ സങ്കൽപ്പങ്ങളിൽ നിന്ന് മാറി പുതിയ കാലത്തിനനുസരിച്ചുള്ള നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം, സുതാര്യമായ സർവീസ് നിയമനങ്ങൾ, തൊഴിലിടങ്ങളിലെ സമത്വം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNEMPLOYMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION