SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.00 AM IST

മൃഗശാല മാറ്റാം സംരക്ഷിതമാക്കാം

1

മൃഗശാല തിരുവനന്തപുരത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണ്. വർഷങ്ങൾക്കു മുമ്പുതന്നെ മ്യൂസിയം- മൃഗശാല വകുപ്പ് ഇക്കാര്യം സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. അന്ന് സർക്കാർ അതിനു മുതിർന്നില്ല. ജനങ്ങളുടെ എതിർപ്പ് അന്നും വലുതായിട്ടുണ്ടായി. മൃഗശാല മാറുന്നതിനേക്കാൾ അവർ ഭയന്നിരുന്നത് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മൃഗശാലാ പ്രദേശം കോൺക്രീറ്റ് കാടാക്കി മാറ്റുമോ എന്നായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായതാണ് തിരുവനന്തപുരം മൃഗശാല. അത് സ്ഥിതിചെയ്യുന്നത് അതിമനോഹരമായ ലാൻഡ്‌സ്‌കേപ്പ് ചെയ്‌തെടുത്ത സ്ഥലത്തായതിനാൽ സന്ദർശകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ സത്യമാണെങ്കിലും മൃഗങ്ങളുടെ സ്വൈരജീവിതത്തിന് ഒട്ടും പര്യാപ്തമല്ല നമ്മുടെ മൃഗശാല. വിസ്‌തൃതിയുടെ അപര്യാപ്തത തന്നെയാണ് മുഖ്യപ്രശ്നം. കേവലം 50 ഏക്കറിനു താഴെ മാത്രമാണ് തിരുവനന്തപുരം മൃഗശാലയുടെ വിസ്‌തൃതി.

ഇന്ത്യൻ സൂ അതോറിട്ടിയുടെ നിർദ്ദേശം അനുസരിച്ചാണെങ്കിൽ പക്ഷിമൃഗാദികളെ അവയുടെ സ്വാഭാവിക ജീവിത പശ്ചാത്തലം കൃത്രിമമായി സൃഷ്ടിച്ചുവേണം പാർപ്പിക്കേണ്ടതെന്നാണ്. അങ്ങനെ സാദ്ധ്യമായാൽ മാത്രമേ കുറച്ചെങ്കിലും അവയ്ക്ക് ജീവിതസ്വാതന്ത്ര്യം ലഭിക്കുകയുള്ളു. തിരുവനന്തപുരം മൃഗശാലയിൽ അപ്രകാരം കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കുകയാണെങ്കിൽ എട്ടോ പത്തോ ഇനം മൃഗങ്ങളെ മാത്രമേ പാർപ്പിക്കാനാവുകയുള്ളു. ഇവിടെ, മൃഗശാലയിൽ പക്ഷികളുൾപ്പെടെ ആയിരത്തോളം ജീവികളുണ്ട്.

സൂ അതോറിട്ടിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി തിരുവനന്തപുരം മൃഗശാല ആധുനികവത്കരിക്കപ്പെട്ടെങ്കിലും സ്ഥലദൗർലഭ്യംമൂലം അതിനു സമഗ്രത ലഭിച്ചിട്ടില്ല. കാലത്തിന്റെ മാറ്റമനുസരിച്ച് മൃഗങ്ങളോടുള്ള മനുഷ്യന്റെ സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. ചെറിയ മാറ്റം വരുന്നുണ്ടെന്നത് മറക്കുന്നില്ല. രാജാക്കൻമാർ നാടുവാണിരുന്ന കാലത്ത് വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടുമായിരുന്നു. അവയെ കൂട്ടിലടച്ച് പ്രദർശനവസ്തുവുമാക്കിയിരുന്നു. മൃഗശാല എന്ന ആശയംതന്നെ സ്വേച്ഛാധിപതികളുടെ ഇത്തരം ക്രൂരമായ വിനോദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായതാണല്ലോ. ഇനിയും പുതിയ മൃഗശാല സ്ഥാപിക്കുക എന്നത് പ്രാകൃതമായ ആശയത്തിന്റെ പുനരാവിഷ്കാരമാകില്ലേ?

ഒരു സംസ്ഥാനത്തിനു ഒരു മൃഗശാല എന്നതാണ് കേന്ദ്ര സർക്കാർ നയം. ചെറിയ സംസ്ഥാനമായ കേരളത്തിന് ഒന്നിൽക്കൂടുതൽ മൃഗശാലകൾ ആവശ്യമില്ല. ഇപ്പോൾ തൃശൂരിലെ പുത്തൂർ എന്ന സ്ഥലത്ത് വനമേഖലയിൽ 350 ഏക്കർ വിസ്തൃതിയുള്ള മൃഗശാല പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ടു മാറ്റിയാൽ ആ സ്ഥാപനം ഇന്ത്യയിലെ മികച്ച മൃഗശാലകളിൽ ഒന്നാക്കിത്തീർക്കാം. പുതിയ മൃഗശാല സ്ഥാപിക്കുമ്പോൾ ഉണ്ടാകാവുന്ന വമ്പിച്ച സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുകയും ചെയ്യാം. ഒഴിക്കപ്പെടുന്ന മൃഗശാലാ പ്രദേശം ഒരു നിശബ്ദ താഴ‌്‌വരയായി മാറും. ഇത് മറ്റൊന്നിനും ഉപയോഗിക്കാതെ ജനങ്ങൾക്കുവേണ്ടി തുറന്നുകൊടുക്കണം.

സംരക്ഷിത പ്രദേശമാക്കണം

നേപ്പിയർ മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്ക് തിരുവനന്തപുരം കോർപ്പറേഷൻ ജനസംഖ്യ പതിനായിരം മാത്രമായിരുന്നപ്പോൾ ഉണ്ടാക്കിയതാണ്. ഇപ്പോൾ ജനസംഖ്യ 12 ലക്ഷത്തോളമായിട്ടുണ്ട്. പാർക്കിൽ സ്വസ്ഥത കെടുത്തുന്ന വലിയ തിരക്കാണിന്ന്. തിരുവനന്തപുരം നിവാസികൾക്ക് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പട്ടണത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് അല്പനേരം വിശ്രമിക്കാനൊരു തുറസ്സായ സ്ഥലമില്ല. മൃഗശാല ഇവിടെ നിന്നുമൊഴിഞ്ഞു കിട്ടിയാൽ മൃഗങ്ങളുടെ ദീനരോദനങ്ങൾക്കുപകരം മനുഷ്യമനസിന്റെ സന്തോഷ സ്പന്ദനങ്ങൾ കേൾക്കാനാകും.

മൃഗങ്ങൾക്കും മനുഷ്യനും സ്വസ്ഥതയാണാവശ്യം. അതിനുള്ള വേദിയൊരുക്കുകയാണ് വേണ്ടത്. സർക്കാർ ഉടമസ്ഥതയിൽ തന്നെ ഈസ്ഥലം നിലനിറുത്തി വൃക്ഷസമ്പത്ത് നശിപ്പിക്കാതെയും അവശ്യംവേണ്ട പരിഷ്കാരങ്ങൾ മാത്രം ചെയ്തും സംരക്ഷിത പ്രദേശമായി മാറ്റിത്തീർക്കണമെന്നാണ് സർക്കാരിനോടപേക്ഷിക്കാനുള്ളത്. നേപ്പിയർ മ്യൂസിയം കെട്ടിടം മനോഹരമായ ഒരു പ്രദർശനവസ്തുവാണ്.

അത് സംരക്ഷിച്ചു നിലനിറുത്തുന്നതിനുപുറമേ അതിനുള്ളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കവും വിലമതിക്കാനാവാത്തതുമായ വസ്തുക്കൾ സുരക്ഷിതമായിരിക്കണമെങ്കിൽ അനുയോജ്യമായ മറ്റൊരു കെട്ടിടം പണിത് അതിലേക്കു മാറ്റണമെന്ന് വളരെനാൾ മുമ്പേ കേന്ദ്ര മ്യൂസിയം വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്. ആർട്ടുഗ്യാലറിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും വികസിപ്പിക്കേണ്ടതുണ്ട്. ഇതിനെല്ലാം തടസമായി നിൽക്കുന്നത് സ്ഥലലഭ്യതയില്ലായ്മയാണ്. മൃഗശാല മാറുകയാണെങ്കിൽ വേണ്ടത്ര സ്ഥലം ലഭ്യമാകും. വികസനത്തിനു വഴി തുറന്നുകിട്ടും.

(മുൻ മ്യൂസിയം ആൻഡ് മൃഗശാല മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ: 9447101177)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION