SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.01 AM IST

വിമാന ടിക്കറ്റ് കൊള്ള തടയാൻ പുതിയ ചട്ടം സീസണൽ നിരക്ക് വർദ്ധന കുറയും

dd
വിമാന ടിക്കറ്റ് കൊള്ള

ന്യൂ‌ഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ കൊള്ളയടി തടയാൻ കേന്ദ്രസർക്കാർ പുതിയ ചട്ടത്തിന് രൂപം നൽകി. അസാധാരണ സാഹചര്യങ്ങളിൽ പൊതുതാത്പര്യം മുൻനിറുത്തി ടിക്കറ്റ് നിരക്കിൽ ഇടപെടാനും നിരക്ക് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകാനും കേന്ദ്രത്തിന് അധികാരമുണ്ടാകും. 2027 ജനുവരി ഒന്നിന് നിലവിൽ വരും. ഇതോടെ സീസണൽ നിരക്കിന്റെ അമിതവർദ്ധനയ്ക്ക് ഒരു പരിധിവരെ തടയിടാനാവുമെന്നാണ് പ്രതീക്ഷ.

2024ൽ ഇതിനായി ഭാരതീയ വായുയാൻ അധിനിയമം പാർലമെന്റ് പാസാക്കിയെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. ഒന്നര വർഷമായിട്ടും അതു ചെയ്യാത്തതിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെയാണ് വ്യോമയാന മന്ത്രാലയം ചട്ടം തയ്യാറാക്കി വിജ്ഞാപനമിറക്കിയത്.
വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ അവരുടെ വെബ്‌സൈറ്റുകളിലും മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥചെയ്തു. സുതാര്യത ഉറപ്പാക്കാനും യാത്രക്കാർക്ക് കൃത്യം വിവരം ലഭിക്കാനുമാണിത്. അടിസ്ഥാന നിരക്ക്,നികുതികൾ,ഫീസ്,റദ്ദാക്കൽ ചാർജുകൾ,റീഫണ്ട് വ്യവസ്ഥകൾ,മറ്റ് ബാധകമായ ചാർജുകൾ എന്നിവയും പ്രസിദ്ധീകരിക്കണം. പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ നോക്കിയാകണം നിരക്ക് നിശ്ചയിക്കൽ. നിരക്കു വിവരങ്ങൾ ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ)​ കൈമാറണം. ഇത് ഡി.ജി.സി.എ നിരീക്ഷിക്കും.

'എങ്കിൽ വിമാനത്തിൽ

യാത്ര ചെയ്യേണ്ട'

ദീപാവലി സമയത്തെ തിരക്ക് മുതലെടുത്ത് ടിക്കറ്റ് നിരക്കിൽ വൻ കൊള്ളയെന്ന് ഹർജിക്കാരൻ അറിയിച്ചപ്പോൾ,​എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടെന്നാണ് സുപ്രീംകോടതി ഇന്നലെ പറഞ്ഞത്. ചൂഷണം അവസാനിപ്പിക്കണമെന്ന് കർശന നിലപാടെടുത്തിരുന്ന അതേ ജസ്റ്റിസ് വിക്രംനാഥാണ് ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയം. പൊതുപ്രവർത്തകനായ എസ്. ലക്ഷ്‌മീനാരായണൻ സമർപ്പിച്ച ഹർജി നവംബർ 16ന് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ്,​ ദീപാവലി ഉത്സവ സമയത്തെ കൊള്ളയടി ചൂണ്ടിക്കാട്ടി അദ്ദേഹം പുതിയ ഹ‌ർജി നൽകിയത്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വിമാനകമ്പനികൾ 700% വരെ നിരക്ക് വർദ്ധിപ്പിച്ചുവെന്ന് ഹർജിക്കാരൻ പറഞ്ഞപ്പോൾ,​ വിമാനത്തിൽ യാത്ര ചെയ്യേണ്ടെന്ന് ഉടൻ മറുപടി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360