
സംസ്ഥാനത്തൊട്ടാകെ ലഹരിവസ്തുക്കളുടെ ഉപയോഗവും ലഭ്യതയും വലിയ തോതിൽ കുറഞ്ഞു. എക്സൈസിനൊപ്പം പൊലീസ് കൂടി പരിശോധന ഊർജ്ജിതമാക്കിയതോടെ 'ഓപ്പറേഷൻ തൂഫാൻ" ഗുണകരമായെന്ന് രാഷ്ട്രീയഭേദമന്യേ അഭിപ്രായമുണ്ട്. മയക്കുമരുന്ന് സ്‌കൂളിൽ പോലും എത്തിയതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ഭയപ്പാടിലായിരുന്നു. അല്പമൊന്നു പത്തി താഴ്‌ത്തിയെങ്കിലും മയക്കുമരുന്നും ലഹരിവസ്തുക്കളും പൂർണമായും നാടു കടത്തപ്പെട്ടിട്ടില്ല. കേരളകൗമുദിയുടെ 'ബോധപൗർണമി" ഉൾപ്പെടെ പല സന്നദ്ധ സംഘടനകളും ലഹരിവിരുദ്ധ പ്രചാരണം സംഘടിപ്പിക്കുന്നതും ബോധവത്കരണ സംരംഭങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ലഹരിയെന്ന പിശാചിനെ തുരത്താൻ ഈ പ്രവർത്തനങ്ങളെല്ലാം തുടരേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ ബാഗ്, ദേഹപരിശോധന അദ്ധ്യാപകർക്ക് നടത്താമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഈ പശ്ചാത്തലത്തിൽ സ്വാഗതാർഹമാണ്. ലഹരി, മയക്കുമരുന്ന്, മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണിതെന്ന് കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പുറമേ ശാന്തമായിത്തുടങ്ങിയെന്ന് തോന്നുമെങ്കിലും മയക്കുമരുന്നു മാഫിയയുടെ വേരുകളെല്ലാം അറുത്തുമാറ്റപ്പെട്ടിട്ടില്ല. ചെറിയമീനുകൾ ധാരാളമായി കുടുങ്ങുന്നുണ്ടെങ്കിലും വല മുറിച്ച് പായുന്നവയും വലയെത്തന്നെ വിഴുങ്ങുന്നവയുമായ വമ്പൻസ്രാവുകൾക്ക് വലിയ നാശമൊന്നും സംഭവിച്ചിട്ടില്ല. കൊച്ചി എളമക്കരയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാളിൽ നിന്ന് 32 ഗ്രാം എം.ഡി.എം.എ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. പറവൂർ മൂത്തകുന്നം സ്വദേശി പ്രതീഷ് പി. പ്രകാശ് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഡാൻസാഫ് സംഘം പ്രതിയുടെ കാറിനെ പിന്തുടർന്നു. എളമക്കര പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് തടഞ്ഞെങ്കിലും ഇയാൾ കാർ പിന്നോട്ടെടുത്ത് പൊലീസുകാരായ മധുസൂദനനും ജയരാജും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നീട് പ്രതിയെ ഇവർ കീഴ്‌പ്പെടുത്തി.
വിദ്യാലയങ്ങൾക്ക് മുന്നിൽ മയക്കുമരുന്ന് എത്തിക്കുന്നത് തടയാൻ പൊലീസ് പല രീതിയിൽ ശ്രമിക്കുന്നുണ്ട്. എങ്കിലും എല്ലാ പഴുതുമടച്ചെന്ന് പറയാനാവില്ല. അവിടെയാണ് വിദ്യാർത്ഥികളുടെ ബാഗ്, ദേഹപരിശോധന നടത്താൻ അദ്ധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ അനുമതി നൽകിയത്. ഇതു ഓപ്പറേഷൻ തൂഫാന് വലിയ സഹായകമാകും. പൊലീസുകാരുടെ കണ്ണിൽപെടാതെ പോകാൻ വിദ്യാർത്ഥികൾക്ക് ചിലപ്പോൾ കഴിഞ്ഞേക്കും. എന്നാൽ ബാഗും ശരീരവും അദ്ധ്യാപകർ പരിശോധിക്കുമെന്ന് വന്നാൽ ലഹരിവസ്തുക്കൾ കിട്ടിയാലും ഒളിച്ചുവയ്ക്കാൻ ബുദ്ധിമുട്ടാകും. വിദ്യാർത്ഥികൾക്കിടയിൽ എത്തുന്ന ആരോഗ്യത്തിന് ഹാനികരമായ നിരവധി വസ്തുക്കളുണ്ട്. മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഉപയോഗം, മുടി വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങളും സ്‌കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും പരിശോധിച്ചാണ് നടപടി. പ്രത്യേക ആവശ്യങ്ങൾക്ക് രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്‌കൂൾ സമയം കഴിയും വരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. കുട്ടികളുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലാകണം പരിശോധനയെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിൽ കുട്ടികൾ സഹകരിക്കണം. മുടി വളർത്തുന്നത് അവകാശമാണെങ്കിലും ചട്ടങ്ങൾക്ക് വിധേയമാകണം. യൂണിഫോം, മുടിവെട്ടി ഒതുക്കൽ എന്നിവയിൽ ഏകീകൃത മാനദണ്ഡം പാലിക്കണം. ലിപ്‌സ്റ്റിക് ഉൾപ്പെടെയുള്ള ആഡംബര / സൗന്ദര്യവസ്തുക്കളുടെ അമിതഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും പല രോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും കുട്ടികളെ ധരിപ്പിക്കണം. ഇതിനായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ബോധവത്കരണം സംഘടിപ്പിക്കണം. കമ്മിഷന്റെ ഇത്തരം നിർദ്ദേശം പാലിക്കാൻ അദ്ധ്യാപകർ മനസുവച്ചാൽ വലിയ മാറ്റമുണ്ടാകും. സർക്കാരും പൂർണപിന്തുണ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |