SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.59 AM IST

ബലിയാടാകുന്നത് വിദ്യാർത്ഥികൾ

READ ENGLISH VERSION
college-students

പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലുമുള്ള തെറ്റുകൾ വിദ്യാർത്ഥികളുടെ ഭാവിയെയാണ് തകിടം മറിക്കുന്നത്. പലപ്പോഴും ഇതിനിടയാക്കുന്നവർ ഒരിക്കലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാറില്ല. കുറ്റം മുഴുവൻ കമ്പ്യൂട്ടറിന്റെയും സോഫ്‌റ്റ്‌വെയറിന്റെയും മറ്റും മുകളിൽ ചാരി ഉത്തരവാദപ്പെട്ടവർ കൈകഴുകുകയാണ് ചെയ്തു വരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.

കേരള സർവകലാശാലയുടെ നാലുവർഷ ബിരുദത്തിന്റെ ഒന്ന്, രണ്ട് സെമസ്റ്റർ, സപ്ളിമെന്ററി പരീക്ഷാഫലം എന്നിവയിൽ വ്യാപകമായ തെറ്റുകളാണ് കടന്നുകൂടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പരീക്ഷാഫലങ്ങൾ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പേരിൽ ബലിയാടായിരിക്കുന്നത്.

സർവകലാശാലയുടെ ഡിജിറ്റൽ പ്ളാറ്റ്‌ഫോമായ കെ- റീപ് പോർട്ടലിൽ പല വിദ്യാർത്ഥികളുടെയും മാർക്ക് കാണാനില്ല. ഗ്രേഡ് നൽകിയതിലും തെറ്റ് സംഭവിച്ചു. സപ്ളിമെന്ററി പരീക്ഷ എഴുതിയവരുടെ മുൻ മാർക്കും കാണാതായിട്ടുണ്ട്. നാലുവർഷ ബിരുദക്കാർ അഞ്ചാം സെമസ്റ്ററിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷാഫലവും മാർക്ക് ലിസ്റ്റും കിട്ടാത്ത സ്ഥിതിയാണ്. കെ- റീപ് പോർട്ടലിൽ നിന്നോ ഡിജി ലോക്കറിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഡിജി ലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എസ്.എൽ.ഡി.എം പോർട്ടലിൽ നിന്ന് വിദ്യാർത്ഥികളുടെ വിവരങ്ങൾ കെ- റീപ് പോർട്ടലിലേക്ക് മാറ്റിയിരുന്നു. ഈ ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക പിഴവാണ് തെറ്റുകൾക്ക് ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്. കെ- റീപ് സോഫ്‌റ്റ്‌വെയർ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്‌ട്‌വെയർ പുനഃസ്ഥാപിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുകയാണ്.

നിലവിലില്ലാത്ത വിഷയങ്ങളുടെ ഫലം ലഭിക്കൽ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ മാർക്കുകളിൽ തിരിമറി, വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തൽ, വിജയിച്ച പലരും തോറ്റതായി രേഖപ്പെടുത്തൽ തുടങ്ങി തലതിരിഞ്ഞ തെറ്റുകൾ ഉൾപ്പെടുന്ന ഗുരുതരമായ അപാകതകളാണ് പ്രഖ്യാപിച്ച ഫലത്തിൽ കടന്നു കൂടിയിരുന്നത്. സോഫ്ട്‌വെയറിന്റെ പിഴവാണോ അത് കൈകാര്യം ചെയ്തതിന്റെ പിഴവാണോ എന്നതൊക്കെ പുറത്തുവരാൻ വിശദമായ അന്വേഷണം നടത്താൻ സർവകലാശാല തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും ചേർന്ന് നടപ്പിലാക്കുന്ന, മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എൽ കമ്പനിയുടെ ഈ സോഫ്ട‌്‌വെയറുമായി സർവകലാശാലയ്ക്ക് നേരിട്ട് ധാരണാപത്രമില്ല. ഇതുവരെ നടത്തിയ പരീക്ഷകളുടെ ഡാറ്റ പോലും സർവകലാശാലയ്ക്ക് കൈമാറിയിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്.

സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന് കെ- റീപിൽ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ ഇടപെടാനും സാധിക്കുന്നില്ല. മുൻപ് കുഴപ്പമില്ലാതെയും വിജയകരമായും പ്രവർത്തിച്ചു കൊണ്ടിരുന്ന സംവിധാനം ഉപേക്ഷിച്ചാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. മൂല്യനിർണയത്തിൽ പിഴവുകൾ സംഭവിച്ചതിന്റെ ഉത്തരവാദിത്വം വൈസ് ചാൻസലർക്കാണെന്നാണ് എ.കെ.പി.സി.ടി.എ കുറ്റപ്പെടുത്തുന്നത്. എന്നാൽ സ്വകാര്യ ഏജൻസിയെ ഉത്തരവാദിത്വം ഏൽപ്പിച്ച കഴിഞ്ഞ സർക്കാരാണ് കുറ്റക്കാർ എന്ന നിലപാടാണ് വി.സിയുടേത്. ഇവിടെ പരസ്‌പരം പഴിചാരിയതുകൊണ്ട് കാര്യമില്ല. വിദ്യാർത്ഥികളുടെ ഉപരിപഠന സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കാതെ എത്രയും വേഗം ഇതെങ്ങനെ പരിഹരിക്കാനാവും എന്നതിലാണ് സർവകലാശാല അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത്. സോഫ്ട്‌വെയറിനും ഉദ്യോഗസ്ഥർക്കുമൊന്നും ഒന്നും സംഭവിക്കാനില്ല. ഇതിന്റെയൊക്കെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കേരളത്തിൽതന്നെ നിന്നു പഠിക്കാൻ തീരുമാനിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLLEGE STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY