
ഡോ. പൽപ്പുവിന്റെ 163-ാം ജന്മവാർഷിക
ദിനമാണ് ഇന്ന്
...............................................................
നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലുകളും ചാതുർവർണ്യവും മൂലം കാലങ്ങളോളം പാർശ്വവത്കരിക്കപ്പെട്ട ഈഴവരുൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനായി അക്ഷീണം പടപൊരുതിയ മഹാത്യാഗിയാണ് ഡോ.പി.പൽപ്പു. കേരളീയ നവോത്ഥാന ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ നവോത്ഥാന നായകനായ ഡോ.പൽപ്പുവിന്റെ 163-ാം ജന്മവാർഷിക ദിനമാണ് നവംബർ 2. കേരളത്തിൽ നിലനിന്ന ജാതിവ്യവസ്ഥയ്ക്കും അനാചാരത്തിനും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ ശ്രീനാരായണ ഗുരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനത്തിന്റെ ഫലമായി ഉയർന്നുവന്ന നേതാക്കളിൽ പ്രമുഖസ്ഥാനീയനാണ് ഡോ.പൽപ്പു.
അഗ്നിപാതകൾ താണ്ടി പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി സാമൂഹിക സമത്വം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ.പൽപ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. ഈഴവരായി ജനിച്ചതു കൊണ്ടുമാത്രം അവസരസമത്വം നിഷേധിക്കപ്പെട്ട ഈഴവ കുടുംബങ്ങളിലൊന്നായിരുന്നു പൽപ്പുവിന്റേത്. അവഗണനയും അസ്പർശ്യതയും ജാതിവിവേചനവും വേണ്ടു
അമ്മയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റും കടംവാങ്ങിയും മദ്രാസിലെത്തിയ പൽപ്പു 1888ൽ എൽ.എം.എസ് എന്ന മെഡിക്കൽ ബിരുദം നേടി. തിരുവിതാംകൂറിൽ തിരിച്ചെത്തി ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. റസിഡന്റിന് നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് മദ്രാസിലും പിന്നീട് 1891ൽ മൈസൂരിലും മെഡിക്കൽ സർവീസിൽ ഉദ്യാഗസ്ഥനായി. 1898ൽ മൈസൂരിൽ ഭീകരമായി പടർന്ന പ്ലേഗ് രോഗത്തെ നേരിടാൻ മരണപത്രം എഴുതിവച്ചശേഷം പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായി രാപകൽ വിശ്രമരഹിതമായി ജോലി ചെയ്തു. പ്ലേഗ് ഡ്യൂട്ടി സ്തുത്യർഹമായി നിർവഹിച്ച ഡോ.പല്പുവിനെ മൈസൂർ സർക്കാർ ഉപരിപഠനത്തിനായി യൂറോപ്പിലേക്കയച്ചു.
കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് സി.പി.എച്ച്, ലണ്ടനിൽ നിന്ന് എഫ്.ആർ.സി.പി ബഹുമതികൾ നേടി മടങ്ങിയെത്തി വിവിധ തസ്തികകളിൽ 1920വരെ സേവനമനുഷ്ഠിച്ചു. ഇതിനിടെ മൈസൂർ നഗരത്തിലുണ്ടായ വിഷൂചിക ബാധയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ ഡോക്ടറായിരുന്നു പല്പു. ഉപരിപഠനം കഴിഞ്ഞെത്തിയതോടെ പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. ആരോഗ്യരംഗത്ത് സജീവമായി നിൽക്കുമ്പോഴും പിന്നാക്ക സമുദായത്തിൽ പിറന്നു എന്ന ഏകകാരണത്താൽ ജന്മനാട്ടിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പല്പുവിനെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു.
ജനിച്ച മണ്ണിലെ പോരാട്ടം
ബുദ്ധിയും കർമ്മശേഷിയും തൊഴിൽ നൈപുണ്യവും ബൗദ്ധ പാരമ്പര്യവും ഉണ്ടായിട്ടും ഈഴവർക്ക് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ അഞ്ചു രൂപയ്ക്കുമേൽ ശമ്പളമുള്ള ഒരു ജോലിയും അക്കാലത്ത് ലഭിക്കില്ലായിരുന്നു. ഡോക്ടർ ബിരുദം നേടിയിട്ടും പല്പുവിന്റെ ജോലി സാദ്ധ്യത അങ്ങനെയാണ് ഇല്ലാതായത്. ജനിച്ച മണ്ണിൽ തന്നോടും സമുദായത്തോടും കാട്ടിയ അനീതിക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം മുന്നണി പോരാളിയായി. ഗുരുവിനെ പിന്തുടർന്ന് ഈഴവരെ സംഘടനയിലൂടെ ശക്തരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഈഴവർക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിനിടെ അപ്രതീക്ഷിതമായി സ്വാമി വിവേകാനന്ദനെ 1891ൽ മൈസൂരിൽവച്ച് കാണാനിടയായതും തന്റെ അതിഥിയായി താമസിപ്പിച്ചതും വഴിത്തിരിവായി.
'നിങ്ങളുടെ നാട്ടിൽ നിന്നുതന്നെ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാകും ഫലപ്രദം' എന്ന സ്വാമി വിവേകാനന്ദന്റെ ഉപദേശമാണ് അദ്ദേഹത്തെ ശ്രീനാരായണഗുരു സവിധത്തിലെത്തിച്ചത്. പല്പുവിന്റെ ആശയങ്ങളും കർമ്മപരിപാടികളും ഗുരുവിന് ഇഷ്ടമായതിനൊപ്പം ഗുരുവിന്റെ അഭൗമചൈതന്യം പൽപ്പുവിനെയും സ്വാധീനിച്ചു. സാമൂഹികനീതി ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി 1903ജനുവരി ഒന്നിന് ഗുരുവിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും അരുവിപ്പുറത്ത് ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജന്മമെടുത്തു. അതേവർഷം മേയ് 15ന് എസ്.എൻ.ഡി.പി യോഗത്തിന് രജിസ്ട്രേഷൻ ലഭിച്ചു. കേരളത്തിലെ ഏറ്റവും വലുതും വിപ്ളവകരവുമായ ചരിത്ര സംഭവമാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപനം.
സാമുദായിക സമത്വത്തിനായുള്ള സംഘടിതയജ്ഞം കേരളത്തിലാദ്യമായുണ്ടാകുന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഡോ.പല്പുവിന്റേതടക്കമുള്ളവരുടെ പരിശ്രമഫലമായാണ് പിന്നാക്കസംവരണം ഭാഗികമായെങ്കിലും നേടാനായത്. അടിച്ചമർത്തപ്പെട്ട പിന്നാക്കക്കാരുടെ അവകാശങ്ങൾ സന്ധിയില്ലാ സമരത്തിലൂടെ നേടിയെടുക്കാനിറങ്ങിയ ഡോ.പൽപ്പു, ലക്ഷ്യസാദ്ധ്യത്തിനായി ഏതറ്റം വരെ പോകാനും മടികാട്ടാത്ത കർമ്മയോഗിയായിരുന്നു. സാമൂഹിക അസമത്വത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ട കാലത്ത് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ ഈഴവസമുദായത്തിൽപെട്ട ഒരാൾക്കുപോലും പ്രാതിനിദ്ധ്യം ഉണ്ടായിരുന്നില്ല. നായർ സമുദായത്തിൽപെട്ട 800പേർ സർവീസിലുളളപ്പോൾ പരദേശി ബ്രാഹ്മണർ 13,000ത്തോളമുണ്ടായിരുന്നു.
ഇക്കാര്യത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ.പൽപ്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമർപ്പിച്ച 'മലയാളി മെമ്മോറിയൽ' എന്ന നിവേദന സമരത്തിന്റെ പ്രയോജനം സിദ്ധിച്ചത് നായർ വിഭാഗത്തിനായിരുന്നു. കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് തിരുവിതാംകൂർ മഹാരാജാവിന് 1891ൽ സമർപ്പിച്ച 'മലയാളി മെമ്മോറിയൽ' സാമൂഹിക നീതി ലഭ്യമാക്കാനുള്ള ശക്തമായ മുന്നേറ്റമായി. ഡോ.പല്പു മൂന്നാമനായി ഒപ്പുവച്ച് സമർപ്പിച്ച ഹർജിക്ക് 1891 ഏപ്രിൽ 21ന് സർക്കാർ നൽകിയ മറുപടിയും അനുകൂലമായിരുന്നില്ല.
ഭൂരിപക്ഷം ജനങ്ങളോടുമുള്ള സർക്കാരിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഒഴിവാക്കാനുള്ള ഏകവഴി സംഘടിത പ്രതിഷേധമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു ഭീമഹർജി തന്നെ സർക്കാരിനു സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തി. 1896 സെപ്തംബർ 3ന് സമർപ്പിച്ച 13,176 പേർ ഒപ്പിട്ട ഭീമഹർജിയാണ് ചരിത്രത്തിലിടം നേടിയ 'ഈഴവ മെമ്മോറിയൽ'.
സാമൂഹിക നീതി
ഇന്നും അകലെ
സംവരണവിഷയത്തിൽ കഴിഞ്ഞകാലങ്ങളിൽ നിലനിന്ന നിയമങ്ങൾ പിന്നാക്കക്കാരന് അനുകൂലമെന്ന് ഫലത്തിൽ തോന്നാമെങ്കിലും ദീർഘകാലം ജാതിസംവരണം ലഭിച്ചിട്ടും ഇന്നും പിന്നാക്കക്കാർക്ക് സർക്കാർ സർവീസിൽ അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലെന്നത് സാമൂഹികനീതിക്ക് നിരക്കാത്തതാണ്. മതന്യൂനപക്ഷങ്ങൾ അടക്കമുളളവർ ഇക്കാര്യത്തിൽ ബഹുദൂരം മുന്നേറിയപ്പോൾ പിന്നാക്കവിഭാഗങ്ങളുടെ സ്ഥിതി ഇന്നും അതിദയനീയമായി തുടരുന്നു. പിന്നാക്കക്കാർ എല്ലാം നേടിക്കഴിഞ്ഞുവെന്നും ജാതിസംവരണം ഇനി ആവശ്യമില്ലെന്നുമുള്ള മട്ടിൽ ചിലർ ഇപ്പോഴും കുപ്രചാരണം അഴിച്ചുവിടുകയാണ്.
ബോധപൂർവമായ അജണ്ടയുടെ അടിസ്ഥാനത്തിൽ ചിലർ നടത്തുന്ന കരുനീക്കങ്ങളായി വേണം ഇതിനെ കാണേണ്ടത്.
കേരളസംസ്ഥാനം രൂപീകൃതമായി 7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികനീതി പൂർണമായും ഉറപ്പാക്കാനും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടാനും മാറിമാറി വന്ന സർക്കാരുകൾക്ക് കഴിയുന്നില്ല. മുന്നാക്കവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ 10ശതമാനം സാമ്പത്തിക സംവരണം സാമൂഹിക നീതി അട്ടിമറിച്ച നടപടിയാണ്. ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ നടത്തിയ സമാനതകളില്ലാത്ത പോരാട്ടം ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാല അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും നമ്മെ നയിക്കുന്നത്.
എല്ലാവിഭാഗം ജനങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കുംവിധം സാമൂഹികനീതി നടപ്പാക്കണമെന്നാണ് എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുന്നത്. ഡോ.പൽപ്പു മുന്നോട്ടുവച്ച വാദഗതിയും ഇതുതന്നെയായിരുന്നു. 1947ൽ രാജ്യം സ്വതന്ത്രമായി ഇത്രയും കാലമായിട്ടും ഡോ.പല്പു പോരാടി ഇല്ലാതാക്കാൻ ശ്രമിച്ച അസമത്വവും വിവേചനവും ഇന്നും തുടരുന്നതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട്. പിന്നാക്ക, അധഃസ്ഥിത സമൂഹത്തോടുള്ള അസഹിഷ്ണുത ഇന്നും തുടരുകയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
സാമൂഹിക നീതിക്കായുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ പോരാട്ടത്തെ വർഗീയതയെന്നും വിദ്വേഷ പ്രചാരമെന്നും പറഞ്ഞ് തകർക്കാനുള്ള ശ്രമം ഇനിയും വിലപ്പോവില്ല. ജീവിതത്തിലുടനീളം അസാധാരണ തന്റേടവും സാഹസികതയും പാവങ്ങളോട് ദീനാനുകമ്പയും പുലർത്തിയ പൽപ്പുവിന്റെ ജീവിതം കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |