
കാലം കനിവോടെ നീട്ടുന്ന ചെറുപുഷ്പങ്ങളാണ് പിറന്നാളുകൾ. വ്യക്തിക്കായാലും ദേശത്തിനായാലും അത് സന്തോഷസുദിനങ്ങളാണ്. കേരളം എഴുപതാം പിറന്നാളാഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ അതിരറ്റ ആഹ്ളാദത്തിലും അഭിമാനത്തിലും പങ്കുചേരുന്നു. കാരണം കേരളം അവർക്ക് ജന്മനാടെന്നതിനപ്പുറം വാക്കിലൊതുങ്ങാത്ത വികാരമാണ്. മനസ് നിറഞ്ഞുതുളുമ്പുന്ന മധുരം. മലനിരകളുടെയും കടൽത്തിരകളുടെയും നടുക്ക് ഒരു കൊച്ചുസംസ്ഥാനം. പറയാൻ ഭൂവിസ്തൃതിയുടെ വലിപ്പമൊന്നുമില്ല. അംബരചുംബികളായ ശതനില കെട്ടിടങ്ങളില്ല. ലോകത്തെ കിടുകിടാ വിറപ്പിച്ച ചക്രവർത്തിമാരുടെ കൊടിയടയാളങ്ങളില്ല.
യുദ്ധക്കൊതിയടങ്ങാത്ത രാജവംശങ്ങളുടെ പടയോട്ടങ്ങളില്ല. എന്നിട്ടും ലോകം കേരളത്തിന്റെ കാലൊച്ചകൾക്കായി പലപ്പോഴും കാതോർത്തു. മാനവരാശിക്ക് മാതൃകയായ മഹത്തായ സന്ദേശങ്ങളും വിളംബരങ്ങളും ഇവിടെ പിറന്നതുകണ്ട് അതിശയിച്ചു. ഏകതയുടെ പര്യായമായ അദ്വൈതസിദ്ധാന്തം പ്രചരിപ്പിച്ചത് പെരിയാർ തീരത്തെ കാലടി ഗ്രാമത്തിൽ ജനിച്ച ശങ്കരാചാര്യർ. കേരള മഹിമയുടെ ദിഗ്വിജയമാണത്.
ആയുധ നിർമ്മാണത്തിലും യുദ്ധതന്ത്രങ്ങളിലും ഇന്ന് ലോക രാജ്യങ്ങൾ ഒന്നിനൊന്ന് മത്സരിക്കുന്നു. ഒരേ ദൈവത്തിന്റെ മക്കളായി പിറന്നിട്ടും പല തട്ടിലായി മരണഭയത്തോടെ ജീവിക്കേണ്ടിവരുന്ന നിസഹായരായ മനുഷ്യരാണ് പലേടത്തും. അവിടെയാണ് കേരളപ്പഴമയുടെ മാഹാത്മ്യം ഉയർന്നുനിൽക്കുന്നത്. കേരള മണ്ണിൽ വിളഞ്ഞ ഓണമെന്ന സമത്വോത്സവം ലോകത്തിന് സംഭാവന ചെയ്തത് 'മനുഷ്യരെല്ലാരുമൊന്നുപോലെ" എന്ന മഹനീയ സന്ദേശമായിരുന്നു.
സ്വാർത്ഥതയുടെയും സങ്കുചിതത്വത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത മാവേലിത്തമ്പുരാനൊപ്പം വയ്ക്കാൻ രാജഭരണത്തിലും ജനായത്ത ഭരണത്തിലും നമുക്കധികം പേരില്ല. മാവേലി വിഭാവനം ചെയ്ത സമഭാവനയുടെ ചിന്താലോകം കീഴടക്കിവന്ന മറക്കുട പിടിച്ച ചില അല്പജ്ഞാനികൾ ജാത്യാചാരങ്ങളോടെ കോട്ടകൾ കെട്ടി. അയിത്തത്തിന്റെ മുൾമരങ്ങൾ നട്ടുപിടിപ്പിച്ചു. അവിടെയും നവോത്ഥാനത്തിന്റെ സൂര്യോദയം പോലെ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യൻകാളിയും പ്രത്യക്ഷമായി.
എല്ലാ സമുദായങ്ങളിലും നിലനിന്ന അനാചാരങ്ങൾക്കെതിരെയും മാറ്റത്തിന്റെ എത്രയോ നക്ഷത്രങ്ങളുദിച്ചുവന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന മഹാഗുരുവിന്റെ മഹദ് വചനം ലോകത്തിനാകെ പ്രകാശം പരത്തി. വിശ്വസാഹോദര്യത്തിന്റെ പ്രതീകമായ ഗുരുദേവന്റെ ദൈവദശകം നൂറിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് വിവിധ രാജ്യങ്ങളിലെ ഇരുപത്തഞ്ചുലക്ഷത്തിലധികം പേർ ഒരേ സമയം ദൈവദശകം ചൊല്ലിയത്. അങ്ങനെ ഏതെല്ലാം രീതിയിലാണ് നമ്മുടെ കൊച്ചുകേരളം ലോകജാലകങ്ങളിൽ പടർന്ന് പൂത്തുലയുന്നത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന ഭൂപ്രദേശങ്ങൾ 1956 നവംബർ ഒന്നിന് കേരളമായി മാറി. കേരളത്തിന്റെ ജാതകത്തിൽ ജനനത്തീയതി അതാണ്. എന്നാൽ അതിനും നാലരപ്പതിറ്റാണ്ടുമുമ്പേ 'കേരളം" എന്ന പേര് ഒരു പത്രത്തിന്റെ പേരിനൊപ്പം നിലാവുപോലെ ഉദിച്ചു. 1911ൽ ഗുരുദേവാനുഗ്രഹത്തോടെ സി.വി. കുഞ്ഞുരാമൻ കേരളകൗമുദി സ്ഥാപിച്ചതിലൂടെ. കേരളത്തിന്റെ നവോത്ഥാന സംരംഭങ്ങൾക്ക് കേരളകൗമുദി പിന്നീട് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കേരളീയർക്കെല്ലാം ആരോപിക്കപ്പെടുന്ന രണ്ടു സ്വഭാവങ്ങളുണ്ട്. ഒന്ന് എവിടെച്ചെന്നാലുമുള്ള തലപ്പൊക്കം. ഇതു കേരളത്തിന് അതിരിടുന്ന മലകൾ പകർന്നുകൊടുത്തതാകാം.
മറ്റൊന്ന് ചോരയിൽ തിളയ്ക്കുന്ന സമരവീര്യം. ഇതു തിരയടങ്ങാത്ത അറബിക്കടലിന്റെ സംഭാവനയാകാം. ഗുണദോഷ സമ്മിശ്രമായ ഈ സ്വഭാവ വൈശിഷ്ട്യം കൊണ്ടാകാം മലയാളികൾ ലോകത്തെങ്ങും എത്തിയത്. കഠിനാദ്ധ്വാനത്തിലൂടെ സ്വയം വളർന്നത്. ശാസ്ത്രം എത്തുന്നതിന് മുമ്പേ ഏതു ഗ്രഹത്തിലും ആദ്യം മലയാളി എത്തിയിരിക്കും എന്ന നുറുങ്ങ് ഫലിതം പ്രചരിച്ചതും അങ്ങനെയാകാം. ആ ചൊല്ലിലും നിറഞ്ഞത് കേരളീയരുടെ ദീർഘവീക്ഷണവും കഠിനാദ്ധ്വാനവുമല്ലേ?
ലോകത്തെ അതിശയിപ്പിച്ച പല രാഷ്ട്രീയ - സാമൂഹ്യ പരീക്ഷണങ്ങളും അരങ്ങേറിയത് കേരളത്തിലാണ്. 1957ൽ ബാലറ്റ് പേപ്പറിലൂടെ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ലോകത്താദ്യമായി അധികാരത്തിൽ വന്നു. മാർക്സും ഏംഗൽസും പോലും ചിന്തിച്ചിരിക്കാനിടയില്ലാത്ത ഒരതിശയം. അതുപോലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളത്തിന്റെ പുരോഗതി വിസ്മയമായിരുന്നു. സമ്പൂർണ സാക്ഷരത എന്നതും കേരളം കൈവരിച്ച മികച്ച നേട്ടങ്ങളിൽ പെടുന്നു. വനിതാ ശാക്തീകരണത്തിന് ഊർജ്ജം പകർന്ന കുടുംബശ്രീയും കേരളത്തിന്റെ അഭിമാനമാണ്.
കൈത്തറിയിലെ കസവുതിളക്കം, കയർപിരിയിലെ സുവർണശോഭ, ആയുർവേദത്തിന്റെ ചികിത്സാ മഹിമ, കശുഅണ്ടിയുടെയും മലഞ്ചരക്ക് ഉത്പന്നങ്ങളുടെയും സുഗന്ധം എന്നിവ നൂറ്റാണ്ടുകൾക്കുമുമ്പേ കടൽ കടന്നുപോയ കേരളത്തിന്റെ കീർത്തിമുദ്രകളാണ്. ഇലക്ട്രോണിക് വിപ്ളവാരംഭത്തിൽത്തന്നെ കേരളവും അതിന്റെ സജീവ ഭാഗമായി. ഐ.ടി മേഖലയിലും സാങ്കേതിക മേഖലയിലും പല ആഗോള സ്ഥാപനങ്ങളുടെയും ഒന്നാം നിരയിൽ ഇപ്പോൾ നിരവധി മലയാളികളുണ്ട്.
ദൈവത്തിന്റെ നാടാണു കേരളമെന്ന് ചിലപ്പോൾ ഉചിതമായും മറ്റു ചിലപ്പോൾ അനുചിതമായും നാം പറയാറുണ്ട്. എന്നാൽ ദൈവത്തിന് നിരക്കാത്തതും മനുഷ്യത്വഹീനവുമായ നിരവധി സംഭവങ്ങൾ അരങ്ങേറുന്നുവെന്നത് നിർഭാഗ്യകരമാണ്. അതെല്ലാം തിരുത്തപ്പെടേണ്ടതാണ്. അതുപോലെ സഹനവും സമരവീര്യവും വലിച്ചെറിയാതെ വികസനത്തിന്റെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന തിരിച്ചറിവും കേരളീയർക്കുണ്ടായിട്ടുണ്ട്. അത് ഈ സപ്തതിയാഘോഷത്തിന് കരുത്തേകുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം നദികളുള്ളത് ഈ കൊച്ചു കേരളത്തിലാണ്. ധാതുമണലിന്റെ രൂപത്തിൽ ഏറ്റവുമധികം സമ്പത്ത് ഒളിഞ്ഞിരിക്കുന്നതും കേരള തീരത്താണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യവും സമ്പത്തും ആവോളമുള്ള കേരളം കുബേര സൗഭാഗ്യമുള്ള സംസ്ഥാനമാണ്.
അവിടെ കുചേലന്മാരെപ്പോലെ ജീവിക്കേണ്ടവരല്ല കേരളീയർ. കേരളം എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ അതിനുള്ള യത്നങ്ങളാണ് തുടരേണ്ടത്. പ്രകൃതിദത്തമായ അമൂല്യനിധികൾ സംരക്ഷിക്കുകയും വേണ്ടവണ്ണം വിനിയോഗിക്കുകയുമാണ് ഇനി വേണ്ടത്. അതിന് ഇപ്പോഴത്തെ ശീലങ്ങളിലും ശൈലിയിലും ചെറിയ മാറ്റം അനിവാര്യമാണ്. പത്തരമാറ്റുള്ള സ്വർണശേഖരം കൈയിലുണ്ടായിട്ടും മുക്കുപണ്ടങ്ങളിൽ ഭ്രമിക്കുന്ന ദുരവസ്ഥ മാറിയേ തീരൂ. കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പ്രസരിപ്പിക്കുന്ന ദീപസ്തംഭമാണ് വിഴിഞ്ഞം തുറമുഖം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇതിന്റെ സാദ്ധ്യതകൾ വിദേശികളടക്കം തിരിച്ചറിഞ്ഞിരുന്നു. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് വിഴിഞ്ഞം.
ലോകത്തിന്റെ കടൽമാർഗമുള്ള ചരക്കുനീക്കത്തിന്റെ സുവർണ കവാടമായി മാറുകയാണ് വിഴിഞ്ഞം. കേരളത്തിന്റെ വികസനക്കുതിപ്പിന്റെ ഇന്ധനമായി അതിനെ മാറ്റിയെടുക്കാനുള്ള ചുമതല ഭരണാധികാരികൾക്കാണ്. ക്രാന്തദർശികളും പുരോഗമന കാംക്ഷികളുമായ മുൻഗാമികളുടെ പ്രയത്നഫലമാണ് കേരളം അനുഭവിച്ചുവരുന്നത്. പുതുതലമുറയുടെ പക്കൽ കുന്നോളം പുത്തനറിവും കടലോളം വികസന സങ്കല്പങ്ങളുമുണ്ട്. അതെല്ലാം ഭാവികേരളത്തിന് സ്വന്തമാകണം.
മുമ്പേ പറക്കുന്ന പക്ഷികളാണ് സ്വപ്നങ്ങൾ. അതിനും മുമ്പേ പറക്കാനുള്ള ഇച്ഛാശക്തിയും ഒത്തൊരുമയുമാണ് നമുക്കിനി വേണ്ടത്. കല്പവൃക്ഷ സമൃദ്ധമായ കേരളത്തിന്, കേരളം പിറക്കുന്നതിന് മുമ്പേ ജനിച്ച കേരളകൗമുദിയുടെ
വികസന സമൃദ്ധമായ പിറന്നാൾ ആശംസകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |