
മനുഷ്യന്റെ മനസിനെ വൈകാരികമായി സ്വാധീനിക്കാൻ പ്രതീകങ്ങൾക്കു കഴിയും. നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് ദേശീയ പതാക. അപൂർവമായ നേട്ടങ്ങളുടെയും അതീവ സന്തോഷങ്ങളുടെയും നിമിഷങ്ങളിൽ നമ്മൾ ദേശീയ പതാക ആകാശത്തേക്ക് ഉയർത്തിവീശുന്നു. അതുപോലെ തന്നെ, രാജ്യത്തിന്റെ ദുഃഖം രേഖപ്പെടുത്താൻ ഭരണ സിരാകേന്ദ്രങ്ങൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടുന്നു. ഒരു പതാക പകുതി താഴ്‌ത്തിക്കെട്ടിയാൽ ദുഃഖമാകുമോ എന്ന വിതണ്ഡവാദമൊന്നും ഇവിടെ വിലപ്പോകില്ല. കാരണം, അത്രമാത്രം പ്രാധാന്യമാണ് ഓരോ പ്രതീകത്തിനും മനുഷ്യർ നൽകുന്നത്. ഒരു ദേശത്തിന്റെയോ പാർട്ടിയുടെയോ പതാകയെ അവഹേളിക്കുന്നത് ആ ദേശത്തെയും പാർട്ടിയെയും അപമാനിക്കുന്നതിനു തുല്യമായാണ് കണക്കാക്കപ്പെടുന്നത്.
എല്ലാ പ്രതീകങ്ങൾക്കും വാക്കുകളിലൂടെയല്ലാതെ ജനങ്ങളോടു പറയാൻ ഒരുപിടി സന്ദേശം ഉണ്ടായിരിക്കും. ആ സന്ദേശത്തിന്റെ അർത്ഥസമ്പുഷ്ടതയാണ് പ്രതീകത്തിന്റെ മൂല്യമായി വിലയിരുത്തപ്പെടുന്നത്. നീതിദേവതയുടെ ചിത്രം പ്രധാനമായും പകരുന്ന സന്ദേശം നീതിനിർവഹണത്തിലെ സമഭാവനയാണ്. കേസിലെ രണ്ടു കക്ഷികൾക്കും തുല്യ പരിഗണന നൽകി നീതി നടപ്പാക്കണം. തെളിവുകൾ ത്രാസുകളിൽ തൂക്കിനോക്കി ന്യായം ആരുടെ ഭാഗത്താണെന്നു കണ്ടെത്തി വേണം വിധി പറയാൻ. നീതിയുടെ മുന്നിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അതിശക്തനെന്നോ ദുർബലനെന്നോ ഉള്ള ഭേദം ഉണ്ടാകരുത്. നിഷ്‌പക്ഷമായും മുഖം നോക്കാതെയുമായിരിക്കണം തീർപ്പു കൽപ്പിക്കേണ്ടത്. ഇത് സൂചിപ്പിക്കുന്നതിനാണ് നീതിദേവതയുടെ കണ്ണുകൾ കെട്ടിയിരുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും പ്രതീകങ്ങൾക്കുമൊക്കെ രൂപം നൽകിയത് ബ്രിട്ടീഷുകാരായിരുന്നു. നീതിദേവതയുടെ കൈയിലെ വാൾ, നീതി നടപ്പാക്കാനുള്ള അധികാരത്തിന്റെ സന്ദേശമാണ് പകരുന്നത്. ഒരു പ്രതീകത്തിൽ ഏറ്റവും പ്രധാനം തുല്യനിലയിൽ നിൽക്കുന്ന ത്രാസുകളാണ്.
നീതിദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതു ശരിയല്ലെന്ന് സ്വാതന്ത്ര്യത്തിനുശേഷം പല പ്രമുഖരും ചൂണ്ടിക്കാട്ടിയിരുന്നു. അന്ധമായ നീതി എന്ന ദുർവ്യാഖ്യാനം അതിന് ഉണ്ടാകുമെന്നതാണ് ആ കണ്ണുകളിലെ കെട്ടഴിക്കണമെന്ന വാദത്തിന് അനുകൂലമായവർ പറഞ്ഞിരുന്നത്. നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ച് സുപ്രീംകോടതി ചരിത്രം കുറിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്. ഇടതു കൈയിൽ വാളിനു പകരം ഇന്ത്യൻ ഭരണഘടന വയ്ക്കുകയും ചെയ്തു. കണ്ണിലെ കെട്ടഴിച്ചതിനേക്കാൾ വലിയ മാറ്റം അതാണ്. വാൾ പലപ്പോഴും നിർദ്ദയത്വത്തിന്റെ പ്രതീകം കൂടിയാണ്. ഭീതിയിൽ നിന്നുള്ള ആദരവാണ് അത് ഉയർത്തുന്നത്. എന്നാൽ ഭരണഘടന ഉയർത്തുന്നത് അവകാശങ്ങളോടുള്ള ബഹുമാനമാണ്. നീതിപീഠത്തെ ഭയക്കാനുള്ളതല്ല, ആശ്രയിക്കാനുള്ളതാണ് എന്ന സന്ദേശമാണ് അതു പകരുന്നത്. ഈ മാറ്റങ്ങൾ വരുത്തിയ വെങ്കല പ്രതിമ സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതീകത്തിന്റെ ഈ മാറ്റം നീതിനിർവഹണ വീഥിയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കട്ടെ എന്ന് ആശംസിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |