
സ്വാതന്ത്ര്യത്തിന് മുമ്പ് കോൺഗ്രസിനെ വിമർശിക്കുന്നത് ജന്മദേശത്തിനു വേണ്ടിയുള്ള പോരാട്ടത്തെ വിമർശിക്കുന്നതിന് തുല്യമായിട്ടായിരുന്നു വീക്ഷിച്ചിരുന്നത്. ഡോ. ബി.ആർ. അംബേദ്‌ക്കർ കോൺഗ്രസിന്റെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു. 1931-ലാണ് അംബേദ്‌ക്കർ ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. അംബേദ്‌ക്കറിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടിനെ ഗാന്ധിജി ചോദ്യം ചെയ്‌തപ്പോൾ അംബേദ്‌ക്കർ നൽകിയ മറുപടി ജാതിവ്യവസ്ഥയുടെ നീചത്വം തുറന്നുകാട്ടുന്നതായിരുന്നു. 'ഗാന്ധിജി, എനിക്ക് ഒരു ജന്മദേശമില്ല. ഒരു തൊട്ടുകൂടാത്തവനും അവൻ ജനിച്ച നാടിനെക്കുറിച്ച് അഭിമാനിക്കാനാവില്ല." സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾ പല രംഗങ്ങളിലും കൊടി പറപ്പിച്ച് തന്നെയാണ് ഇപ്പോഴും വാഴുന്നത് എന്നത് യാഥാർത്ഥ്യമാണ്. ഭരണഘടന എല്ലാവർക്കും തുല്യ അവസരം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഭരണപരമായ കാര്യങ്ങൾ നടത്തുന്ന സമിതികൾ പലതും അടക്കി ഭരിക്കുന്നത് ഇന്നും സവർണ സമൂഹങ്ങളിൽ നിന്നുള്ളവരാണ്. അവർ ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ നടപ്പാക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുന്നത്.
നമ്മുടെ സർവകലാശാലകളുടെ ഭരണ സംവിധാനങ്ങളും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവർ ജാതിവിവേചനം കാട്ടുന്നത് അജ്ഞത മൂലമാണെന്ന് കണക്കാക്കാനാവില്ല. ജാതിവിവേചനത്തിന് ഇരയായ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥി രോഹിത് വെമുലയും ജാതി പീഡനത്തെത്തുടർന്ന് മുംബയിൽ ആദിവാസി ഡോക്ടർ പായൽ തഡ്‌വിയും ജീവനൊടുക്കിയ സംഭവങ്ങൾ ഇന്ത്യയൊട്ടാകെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിരുന്നതാണ്. ഈ രണ്ടുപേരുടെയും അമ്മമാർ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിച്ചുകൊണ്ട് സർക്കാർ, സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനവും അതിൽ ഇതുവരെ സ്വീകരിച്ച നടപടികളും അറിയിക്കാൻ സുപ്രീംകോടതി യു.ജി.സിയോട് നിർദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ 820 സർവകലാശാലകളിൽ എത്രയിടത്ത് തുല്യാവകാശം ഉറപ്പാക്കുന്ന സെല്ലുകൾ സ്ഥാപിച്ചു; രൂപീകരിച്ചെങ്കിൽ അവയുടെ ഘടന എന്താണ്, 2012-ലെ ചട്ടം നടപ്പാക്കുന്ന കാര്യം യു.ജി.സി എങ്ങനെയാണ് നടപ്പാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഹർജിക്കാർ ആരാഞ്ഞത്. ഇവയെല്ലാം ഉൾപ്പെടുത്തി നാലാഴ്ചയ്ക്കകം സത്യവാങ്‌മൂലം ഫയൽ ചെയ്യാനാണ് ജഡ്‌ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച്
നിർദ്ദേശിച്ചത്.
സർവകലാശാലകളിൽ രൂപീകരിക്കുന്ന സെല്ലുകളിൽ ദളിത്, പിന്നാക്ക ജാതികളിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പ്രാതിനിദ്ധ്യം കുറവാണെങ്കിൽ ഇത്തരം സെല്ലുകൾക്കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല. പല യൂണിവേഴ്സിറ്റികളിലെയും നിയമനങ്ങളിൽ പോലും സംവരണം അട്ടിമറിച്ച് പിന്നാക്കക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ ഞങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ പലപ്പോഴായി പരിഹരിക്കപ്പെടുന്നതുപോലും ഉയർന്ന കോടതികളുടെ ഇടപെടൽ ഉണ്ടാകുമ്പോഴാണ്. അപ്പോൾ പോലും ജാതിയുടെ പേരിൽ ഇത്തരം നിയമവിരുദ്ധമായ നടപടികൾ നടത്തിയ സർവകലാശാലകളിലെ ഉന്നത കസേരകളിൽ ഇരിക്കുന്നവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാറില്ല. ജാതിയുടെ പേരിൽ പിഎച്ച്.ഡി തീസിസിനും മറ്റും ഇടങ്കോലിടുന്നവർ തന്നെ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് പൊട്ടത്തെറ്റുകൾ എഴുതിവച്ചിട്ടുള്ള പ്രബന്ധങ്ങൾക്ക് അംഗീകാരം നൽകിയിട്ടുള്ളതിനുള്ള ഉദാഹരണങ്ങൾ കേരളത്തിൽ തന്നെ പലതും ചൂണ്ടിക്കാണിക്കാനാവും. ഇത്തരം തെറ്റായ പ്രവണതകളെല്ലാം അവസാനിപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ സർവകലാശാലകളിൽ രൂപീകരിക്കുന്ന വിദഗ്ദ്ധർ അടങ്ങിയ സെല്ലുകൾക്ക് കഴിയണം. ദളിത്, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട അക്കാഡമിക് വിദഗ്ദ്ധർക്ക് ഈ സെല്ലുകളിൽ മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകേണ്ടതും അനിവാര്യമാണ്.
2004 മുതൽ 2024 വരെ രാജ്യത്തെ ഐ.ഐ.ടികളിൽ മാത്രം 115 ആത്മഹത്യകൾ ഉണ്ടായിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം നടത്താനും ഉത്തരവിടുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |