ന്യൂഡൽഹി: ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുണ്ടായിരുന്ന പദവിയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന് അർഹതയുണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മറ്റൊരു മതത്തിലേക്ക് മതം മാറിയ ഒരാളുടെ സാമൂഹിക പിന്നാക്കാവസ്ഥ, ഹിന്ദു സാമൂഹിക വ്യവസ്ഥയിൽ നിന്ന് മറ്റൊരു മതപരമായ സാമൂഹിക വ്യവസ്ഥയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ലെന്ന് ബെഞ്ച് വിധിച്ചു.
ഇസ്ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് മതം മാറിയെന്ന കാരണത്താൽ മാത്രം 'പിന്നോക്ക വിഭാഗം (മുസ്ലിം)' എന്ന വിഭാഗത്തിൽ സംവരണത്തിന് അവകാശവാദമുന്നയിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഹിന്ദു അല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയിലേക്ക് മാറുന്നത് കൊണ്ട് മാത്രം ഒരാൾക്ക് ഏതെങ്കിലും പ്രത്യേക പിന്നാക്ക ജാതി വിഭാഗത്തിൽ അംഗത്വം ലഭിക്കുന്നില്ല. മതം മാറുന്നതിന് മുൻപ് ഒരാൾക്കുണ്ടായിരുന്ന ജാതിയോ സാമൂഹിക പദവിയോ, മതം മാറിയതിന് ശേഷമുള്ള സാമൂഹിക വ്യവസ്ഥയിൽ, സർക്കാർ വിജ്ഞാപനം ചെയ്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തിലേക്ക് നേരിട്ട് മാറ്റപ്പെടുകയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മതം മാറിയ മുസ്ലീങ്ങൾക്ക് സംവരണം നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് മതം മാറുന്നതിന്റെ പേരിൽ സംവരണ ആനുകൂല്യം നഷ്ടപ്പെടാൻ ഇടയാകരുതെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ വാദം.
The Supreme Court has ruled that converting to Islam does not automatically entitle a person to reservation benefits under backward-class categories based on their previous social status. Dismissing the Tamil Nadu government’s appeal, the court upheld the Madras High Court’s decision cancelling the state’s notification granting reservation to converted Muslims under a backward-class category.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |