
നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിൽ അടുത്തകാലത്ത് സർക്കാർ കൊണ്ടുവന്ന ഇളവുകൾ ഈ നിയമക്കുരുക്കിൽ പെട്ടുപോയ സാധാരണക്കാരെ സഹായിക്കാൻ ഉദ്ദേശിച്ചായിരുന്നു. പണ്ടെന്നോ നെല്ലുവിതച്ചിരുന്ന പതിനായിരക്കണക്കിനേക്കർ വരുന്ന ചെറുതും വലുതുമായ പാടങ്ങൾ കാലാന്തരത്തിൽ കരഭൂമിയായി മാറുകയുണ്ടായി. സർക്കാർ രേഖകളിൽ അവ ഇപ്പോഴും നെൽവയലുകളായിത്തന്നെ കിടക്കുകയാണ്. കൃഷി ചെയ്യാനോ വീടുനിർമ്മാണം ഉൾപ്പെടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ആകാത്തവിധം രേഖകളിൽ അവ നെൽവയലുകളായിത്തന്നെ തുടരുന്നതു കാരണം തുണ്ടുഭൂമി മാത്രം കൈമുതലായ സാധാരണക്കാരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. നെൽവയൽ - തണ്ണീർത്തട നിയമത്തിന്റെ കാർക്കശ്യത്താൽ ഇത്തരത്തിൽപ്പെടുന്ന പഴയ നെൽവയലുകൾ യാതൊന്നും ചെയ്യാനാവാതെ ഉടമകൾക്കു ഭാരമായി കിടപ്പുണ്ട്. ഏറെക്കാലത്തെ നിവേദനങ്ങളും അപേക്ഷകളും കണക്കിലെടുത്താണ് സർക്കാർ ഒടുവിൽ നിയമത്തിൽ ഇളവുകൾ വരുത്തിയത്. 25 സെന്റിൽ താഴെ പഴയ നെൽവയൽ കൈവശമുള്ളവർക്ക് വീടുവയ്ക്കാനും അതുപോലുള്ള മറ്റാവശ്യങ്ങൾക്കുമായി തരം മാറ്റിയെടുക്കാൻ അനുവാദം നൽകുന്നതാണ് നിയമഭേദഗതി. 25 സെന്റ് വരെയുള്ള തരം മാറ്റത്തിന് ഫീസും നൽകേണ്ടതില്ല.
ഭേദഗതി പ്രാബല്യത്തിലായതോടെ ലക്ഷക്കണക്കിന് അപേക്ഷകളാണ് റവന്യൂ ഓഫീസുകളിലെത്തിയത്. റവന്യൂ ഓഫീസുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളി തന്നെയായി മാറി. കുന്നുകൂടിയ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയാതായതോടെ അതിനായി പ്രത്യേക അദാലത്തുകൾ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. ഇതൊക്കെയായിട്ടും നിലവിൽ 2.76 ലക്ഷം അപേക്ഷകൾ ആർ.ഡി.ഒമാരുടെയും ഡെപ്യൂട്ടി കളക്ടർമാരുടെയും ഓഫീസുകളിൽ തീരുമാനം കാത്ത് കെട്ടിക്കിടക്കുകയാണ്. അദാലത്തുകൾ സ്ഥിരം സംവിധാനമാക്കി കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനെക്കുറിച്ചാണ് റവന്യൂ വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്. തരം മാറ്റം വീടുവയ്ക്കാൻ വേണ്ടിയാണെങ്കിൽ അപേക്ഷകളിൽ വേഗം അനുമതി നൽകാനും ആലോചനയുണ്ട്. കിടപ്പാടത്തിനു ഭൂമി ലഭിക്കാതെ ഉഴലുന്ന ആയിരങ്ങൾ സംസ്ഥാനത്തുണ്ട്. കൈവശമുള്ള ഒരു തുണ്ടുഭൂമി വയൽ - തണ്ണീർത്തട പട്ടികയിൽ ഉൾപ്പെടുന്നതാണെങ്കിൽ വീടുനിർമ്മാണത്തിന് അനുമതി ലഭിക്കില്ല. വീടുനിർമ്മാണമെന്നല്ല കൃഷിക്കല്ലാതെ മറ്റൊന്നിനും അനുമതി കിട്ടുകയില്ല.
സാധാരണക്കാർ നേരിടുന്ന ഈ ദുരിതാവസ്ഥ ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റൽ വീടുനിർമ്മാണ ആവശ്യത്തിനു വേണ്ടിയാണെന്നു ബോദ്ധ്യപ്പെടുത്തിയാൽ വേഗം അനുമതി നൽകാൻ ആലോചിക്കുന്നത്. സ്വാഗതാർഹമായ തീരുമാനമാണിത്. സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ടുവന്ന നിയമഭേദഗതി അവരെ വട്ടം ചുറ്റിക്കുന്നതാണെങ്കിൽ അതിൽ ആവശ്യമായ മാറ്റം വരുത്താൻ മടികാണിക്കേണ്ടതില്ല. റവന്യൂ ഓഫീസുകളിൽ കുന്നുകൂടിയ അപേക്ഷകളാകും ഒരു വീണ്ടുവിചാരത്തിന് സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുക.
തരംമാറ്റത്തിനുള്ള അപേക്ഷകൾ അനന്തമായി വച്ചു താമസിപ്പിക്കേണ്ട കാര്യമൊന്നുമില്ല. കൃത്യമായ പരിശോധനയും രേഖകളുമുണ്ടെങ്കിൽ അനുമതി നൽകാവുന്നതേയുള്ളൂ. വസ്തു പരിശോധന നടത്തിയാൽത്തന്നെ കാര്യങ്ങൾ ബോദ്ധ്യപ്പെടും. പട്ടികയിൽ ആവശ്യമായ തിരുത്തൽ വരുത്തിയാൽ മതിയാകും. സംസ്ഥാനത്ത് രണ്ടുമൂന്നു പതിറ്റാണ്ടുമുൻപ് ഒൻപതു ദശലക്ഷം ഹെക്ടർ നെൽവയലുകളുണ്ടായിരുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. അതു ചുരുങ്ങിച്ചുരുങ്ങി ഇപ്പോൾ അത് കഷ്ടിച്ച് രണ്ടു ദശലക്ഷം ഹെക്ടറായിട്ടുണ്ട്. മറ്റു വിളകൾക്കൊപ്പം സംസ്ഥാനത്ത് നെൽകൃഷിയും അന്യം വന്ന മട്ടാണ്. അങ്ങിങ്ങ് പഴയപോലെ വിസ്തൃതമായ വയലുകളിൽ ഇപ്പോഴും കൃഷി നടക്കുന്നുണ്ട്. എന്നാൽ വയലുകളിൽ ഭൂരിഭാഗവും കരഭൂമിയായി മാറിക്കഴിഞ്ഞു. ജനസംഖ്യയും വിഭജിക്കപ്പെടുന്ന കുടുംബങ്ങളും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർപ്പിടാവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കിയേ മതിയാകൂ. വർഷങ്ങളായി തരിശായി കിടക്കുന്ന പഴയ വയലുകൾ കരഭൂമിയായി പരിഗണിച്ച് വീടുനിർമ്മാണം ഉൾപ്പെടെയുള്ള മനുഷ്യാവശ്യങ്ങൾക്കു പ്രയോജനപ്പെടുത്താൻ മടികാണിക്കേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |