SignIn
Kerala Kaumudi Online
Thursday, 22 October 2026 11.58 PM IST

വി.സി നിയമനത്തിന് പുതിയ ചട്ടങ്ങൾ

a

രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അദ്ധ്യാപകരുടെയും അക്കാഡമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങൾ യു.ജി.സി പുറത്തിറക്കിയിരിക്കുന്നു. ഇതനുസരിച്ച് വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അദ്ധ്യക്ഷനെ ചാൻസലർ കൂടിയായ ഗവർണറായിരിക്കും നിർദ്ദേശിക്കുക. രണ്ടാമത്തെ അംഗത്തെ യു.ജി.സി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗൺസിൽ, ബോർഡ് ഒഫ് മാനേജ്‌മെന്റ് സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദ്ദേശിക്കാം. കേരളത്തിലെ സർവകലാശാലകളിലെ വി.സി നിയമനങ്ങൾ സംബന്ധിച്ച് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് ഉണ്ടായത്. ഇതിന്റെ ഫലമായി നിരവധി സർവകലാശാലകളുടെ തലപ്പത്ത് വി.സിമാരുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിലവിലുള്ള വി.സി നിയമന ചട്ടങ്ങളിലെ അവ്യക്തത നീക്കി,​ പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയത്. ഇതിനു വിരുദ്ധമായി നടത്തുന്ന വി.സി നിയമനം അസാധുവാകും.

വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ചു പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ചു വർഷത്തേക്കോ 70 വയസ് തികയുന്നതു വരെയോ ആണ് നിയമനം. പുനർ നിയമനത്തിനും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി പദ്ധതികളിൽ നിന്ന് ഒഴിവാക്കും. കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനങ്ങൾ പരമാവധി ആറുമാസത്തേക്കേ നടത്താനാവൂ. ഇവർക്ക് സ്ഥിരം അദ്ധ്യാപകർക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകുകയും വേണം. യു.ജി.സിയുടെ ചട്ടങ്ങൾ അന്തിമമാകുന്നതോടെ പിഎച്ച്.ഡി അടക്കം ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം വി.സിയാകാൻ അപേക്ഷിക്കാവുന്നതാണ്.

കേരളത്തിൽ നിലവിലെ 13 വി.സി ഒഴിവുകളിൽ ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്യുന്നത് പുതിയ റഗുലേഷൻ പ്രകാരമായിരിക്കും. കരട് ചട്ടങ്ങളിൽ പൊതുജനങ്ങളുടെയും അക്കാഡമിക് വിദഗ്ദ്ധരുടെയും അഭിപ്രായം യു.ജി.സി തേടിയിരിക്കുകയാണ്. വിയോജിപ്പുകളുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അക്കാര്യങ്ങൾ അറിയിക്കാൻ തയ്യാറാകണം. പുതിയ യു.ജി.സി മാർഗരേഖ നിലവിൽ വന്നാൽ വി.സി നിയമനങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തിയിരുന്ന മേധാവിത്വം അപ്പാടെ നഷ്ടമാകും. വി.സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും ചാൻസലറാണ് നിയമനാധികാരിയെന്നും കണ്ണൂർ സർവകലാശാലാ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ഗവർണറും സർക്കാരും വി.സി നിയമനത്തിന്റെ പേരിൽ നടത്തിയ വടം വലിയിൽ സംസ്ഥാനം പരാജയപ്പെട്ട നിലയാണ് ഉണ്ടായത്. പുതിയ ചട്ടങ്ങൾ കൂടി നിലവിൽ വരുന്നതോടെ വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളും ഇല്ലാതാകും.

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയും വി.സി നിയമനങ്ങളിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന നിലയിലും നിയമ നിർമ്മാണത്തിന് ഒരുങ്ങിയെങ്കിലും ബില്ലുകൾ രാഷ്ട്രപതി തള്ളിയതോടെ കേരളത്തിന്റെ വഴി നേരത്തേ അടഞ്ഞിരുന്നു. അക്കാഡമിക് സ്ഥാപനങ്ങളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടാകുന്നത് സർവകലാശാലകളുടെ നിലവാരം കുറയാനേ ഇടയാക്കിയിട്ടുള്ളൂ. അതിനാൽ പ്രധാന പദവികളിൽ വരുന്നവരെ നിയമിക്കുമ്പോൾ ഇത്തരം ആരോപണങ്ങൾക്ക് ഇടയാക്കുന്ന നിയമനങ്ങൾ ഒഴിവാക്കുന്നതാണ് സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും ഭാവിക്ക് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION