SignIn
Kerala Kaumudi Online
Friday, 23 October 2026 3.41 AM IST

സഞ്ജു സാംസണെ സങ്കടത്തിലാക്കരുത്

READ ENGLISH VERSION
sanju-samson

ഇന്ത്യൻ ക്രിക്കറ്റിന് കേരളം സംഭാവന ചെയ്ത ഏറ്റവും പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു സാംസൺ.പക്ഷേ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഇന്ത്യൻ ടീം സെലക്ഷനിലെ ഒഴിവാക്കലിന്റെ പേരിലാണ് പലപ്പോഴും സഞ്ജു ചർച്ചചെയ്യപ്പെടുന്നത്. ഏതൊരു കളിക്കാരനെ സംബന്ധിച്ചും നിർഭാഗ്യകരമാണിത്. ഇംഗ്ളണ്ടിനെതിരെ ഈ മാസം നടക്കുന്ന മൂന്ന് ഏകദിന പരമ്പരകളിലേക്കും അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിലേക്കുമുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നതാണ് ഇപ്പോൾ ചർച്ചയായത്. അതേസമയം,​ ഇന്നലെ തുടങ്ങിയ ഇംഗ്ളണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവുണ്ട്.

2014-ൽ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയ സഞ്ജു ഇംഗ്ളണ്ട് പര്യടനത്തിൽ ഒരുമത്സരംപോലും കളിക്കാനാവാതെയാണ് നാട്ടിലേക്കു മടങ്ങിയത്. അടുത്തവർഷം നടന്ന സിംബാബ്‌വേ പര്യടനത്തിൽ ട്വന്റി-20 ഫോർമാറ്റിൽ അരങ്ങേറിയെങ്കിലും ശരാശരിക്കപ്പുറത്തേക്ക് മുന്നേറാനായില്ല. പത്തുവർഷത്തോളം ഇന്ത്യൻ ടീമിൽ ഇടയ്ക്കും മുറയ്ക്കും വന്നുപോയെങ്കിലും ഒരു ഫോർമാറ്റിലും സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്ന സഞ്ജു,​ കഴിഞ്ഞ വർഷം ട്വന്റി-20 ഫോർമാറ്റിൽ പുറത്തെടുത്ത അതിഗംഭീര പ്രകടനം ആരാധകരുടെ മനസു നിറച്ചു. ട്വന്റി-20 ലോകകപ്പിൽ ടീമംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽപ്പോലും കളിക്കാതിരുന്ന സഞ്ജുവിന് ലോകകപ്പിനു ശേഷം സൂര്യകുമാർ യാദവ് ക്യാപ്ടനായപ്പോൾ തുടർച്ചയായി അവസരങ്ങൾ ലഭിക്കുകയായിരുന്നു. 2024-ൽ സഞ്ജു കളിച്ച 13 ട്വന്റി-20കളിൽ മൂന്ന് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയുമാണ് നേടിയത്. ഒരു കലണ്ടർവർഷം ട്വന്റി-20യിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്ററായും സഞ്ജു ചരിത്രം കുറിച്ചു. ഈ തിളക്കത്തിൽ നിൽക്കുമ്പോഴും ഏകദിന ഫോർമാറ്റിലെ ചാമ്പ്യൻസ് ട്രോഫി പോലൊരു വലിയ ടൂർണമെന്റിൽ സഞ്ജുവിന് സ്ഥാനമില്ലാത്തതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്.

സ്ഥിരത കാട്ടാതിരിക്കുമ്പോഴും സ്ഥിരത കാട്ടുമ്പോഴും ഒരുപോലെ സഞ്ജു മന:പൂവം തഴയപ്പെടുന്നു എന്ന ചിന്താഗതി അദ്ദേഹത്തിന്റെ ആരാധകർക്കിടയിലുണ്ട്. ദേശീയ ടീം തിരഞ്ഞെടുപ്പുകളിലെ മുൻകാല ലോബിയിംഗ് കഥകൾ ‌ ഈ രീതിയിൽ ചിന്തിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. സഞ്ജുവിന്റെ മാതൃ സംഘടനയായ കേരള ക്രിക്കറ്റ് അസോസിയേഷൻ അദ്ദേഹത്തെ വിജയ് ഹസാരേ ട്രോഫി ഏകദിന ആഭ്യന്തര ടൂർണമെന്റിൽ കളിപ്പിക്കാൻ തയ്യാറായില്ല എന്നതും വിവാദമായിട്ടുണ്ട്. ഈ ടൂർണമെന്റിൽ താൻ കളിക്കാനുണ്ടാവില്ല എന്ന് അറിയിച്ച് ക്യാമ്പിൽ വരാതിരുന്ന സഞ്ജു യുവതാരങ്ങളെ ഉൾപ്പെടുത്തി മറ്റൊരു ടീം പ്രഖ്യാപിച്ചു കഴിഞ്ഞാണ് വരാമെന്ന് അറിയിച്ചതെന്ന് കെ.സി.എ പറയുന്നു. പക്ഷേ ഇതാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ സ്ഥാനം ലഭിക്കാത്തതിനു കാരണമെന്ന് പറയാനാവില്ല. കാരണം,​ വിജയ് ഹസാരെയിൽ സെഞ്ച്വറികൾ അടിച്ചുകൂട്ടിയ കരുൺ നായരെ സെലക്ഷൻ കമ്മറ്റി കണ്ടതേയില്ല.

തന്നെ ചുറ്റിപ്പറ്റി എല്ലാക്കാലത്തും ഈ രീതിയിൽ വിവാദങ്ങൾ ഉണ്ടാകുന്നത് കളിക്കാരനെന്ന നിലയിൽ സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുമെന്നത് ഉറപ്പാണ്. ട്വന്റി-20യിൽ സമയം വരുന്നതുവരെ കാത്തിരുന്ന് മികവുകാട്ടിയ സഞ്ജുവിനെത്തേടി ഏകദിനത്തിലും ടെസ്റ്റിലുമൊക്കെ അവസരം വരികതന്നെ ചെയ്യും. ഏറ്റവും മികച്ചവരെന്ന് പറയാവുന്നവരെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി എടുത്തിരിക്കുന്നത്. ഈ ടീമിലെ സീനിയേഴ്സായ വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും കരിയർ അവസാനഘട്ടത്തിലാണ്. ട്വന്റി-20 ലോകകപ്പിനു ശേഷം ഇവർ വിരമിച്ചപ്പോഴാണ് ആ ഫോർമാറ്റിൽ സഞ്ജു സ്ഥിരമായത്. ഏകദിനത്തിലും ഇവരുടെ ഒഴിവിലേക്കുള്ള സ്വാഭാവിക ചോയ്സാണ് സഞ്ജു. കളിക്കാരൻ സെലക്ടർമാരോട് കാര്യങ്ങൾ പറയുന്നത് പന്തും ബാറ്റും കൊണ്ടാണ്. സഞ്ജു അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്ന ട്വന്റി-20 ഫോർമാറ്റിൽ മികവു പുലർത്തുന്നതിൽ മാത്രമാകട്ടെ സഞ്ജുവിന്റെ ശ്രദ്ധ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സഞ്ജുവിനെ സങ്കടപ്പെടുത്താതിരിക്കുന്നതിലാവട്ടെ,​ ആരാധകരുടെ ശ്രദ്ധ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION