
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ മറ്റ് പൊതു ആവശ്യങ്ങൾക്കോ ഭൂമി ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമം നിലവിലുണ്ട്. ഒരിക്കൽ ഇത്തരം ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാൽ പ്രസ്തുത ഭൂമിയിൽ വികസനം നടന്നാലും ഇല്ലെങ്കിലും ഭൂവുടമയ്ക്കുള്ള അവകാശം പൂർണമായും ഇല്ലാതാകുന്നതാണ് നിയമത്തിലെ വ്യവസ്ഥ. ഇപ്രകാരം വിജ്ഞാപനത്തിനു കീഴിൽ വരുന്ന ഭൂമിയിൽ നിർദ്ദിഷ്ട രീതിയിലുള്ള വികസനം നടന്നാലും ഇല്ലെങ്കിലും പ്രസ്തുത ഭൂമി അങ്ങനെതന്നെ കിടക്കും. ഒരു വിധ ക്രയ വിക്രയങ്ങൾക്കും സാദ്ധ്യമല്ലാത്ത അവസ്ഥയായിരിക്കും ഫലം. ഇത്തരത്തിൽ വിജ്ഞാപനം ചെയ്യപ്പെട്ട ധാരാളം വസ്തുക്കൾ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്.
നഷ്ടപരിഹാരം നൽകിയ ശേഷമാണ് സർക്കാരുകൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത്. അതിനാൽ ഭൂവുടമയ്ക്ക് തന്റെ വസ്തുവിൽ പിന്നീട് അവകാശവാദമൊന്നും ഉന്നയിക്കാനാവില്ല. ഭൂമി ഒന്നും ചെയ്യാതെ അനാഥമായി കിടക്കുന്നതു കണ്ട് നെടുർവീർപ്പിടാനേ പഴയ ഭൂവുടമയ്ക്ക് കഴിയൂ. ഭൂവുടമകളുടെ സങ്കടം മനസിലാക്കിയിട്ടോ എന്തോ സർക്കാർ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ അഞ്ചുവർഷം നിർദ്ദിഷ്ട വികസന പദ്ധതി നടപ്പായില്ലെങ്കിൽ പ്രസ്തുത ഭൂമി തിരികെ ഉടമയ്ക്കു നൽകാനുള്ള പുതിയൊരു നിയമത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കരടു നിയമം ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകൾ പഠിച്ചുകഴിഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗത്തും ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം നിലവിലുണ്ട്. എന്നാൽ പല കാരണങ്ങളാൽ ഇവയിൽ പലതും സമയത്തിന് തുടങ്ങാനായിട്ടില്ല. അത്തരം ഭൂമി തരിശായി കിടക്കുകയാണ്.
കേരളത്തിലും പല ജില്ലകളിലും ഇതുപോലുള്ള ഭൂമിയുണ്ട്. ഉദാഹരണത്തിന് തൃപ്പൂണിത്തുറയിൽ കൊച്ചി - മധുര ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തിട്ട് 34 വർഷമായി. പദ്ധതി ഇപ്പോഴും കടലാസിലാണ്. സംസ്ഥാന സർക്കാരും ഇതുപോലെ വ്യവസായങ്ങൾ തുടങ്ങാനായി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കാടും പടർപ്പും പിടിച്ച് ഭൂമി വെറുതെ കിടക്കുന്നതല്ലാതെ വികസനമൊന്നും നടക്കുന്നില്ല. ഏറ്റെടുത്ത ഭൂമിക്ക് ഇപ്പോൾ വിപണിവില അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ടെന്നുള്ളത് സ്ഥലം ഉടമകൾക്ക് ആശ്വാസമാണ്. 2013-ലെ നിയമമാണ് സഹായകമാകുന്നത്. അതിനു മുമ്പ് സർക്കാർ തുച്ഛ വില നൽകി ഭൂമി ഏറ്റെടുക്കുകയായിരുന്നു പതിവ്. ഏറ്റെടുക്കുന്ന ഭൂമിക്ക് അധിക നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കണം! ഇതിന് ചിലപ്പോൾ ഏറെ വർഷങ്ങൾ വേണ്ടിവരും. ധാരാളം പണച്ചെലവുമുണ്ടാകും. ഭൂമി വില രാജ്യത്തെല്ലായിടത്തും ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനു വിട്ടുകൊടുക്കുന്ന ഭൂമിക്ക് എത്രയും കൂടിയ വില ലഭിക്കണമെന്ന് ഏതൊരു ഭൂവുടമയും ആഗ്രഹിക്കുക സ്വാഭാവികമാണ്.
ദേശീയപാതാ വികസനം ദ്രുതഗതിയിൽ രാജ്യത്തെല്ലായിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വിട്ടുകൊടുക്കാൻ പണ്ടത്തെപ്പോലെ ആളുകൾക്ക് ഇപ്പോൾ മടിയൊന്നുമില്ല. വിപണി വില കണക്കാക്കി നല്ലതോതിൽ നഷ്ടപരിഹാരം ലഭിക്കുന്നതുതന്നെ കാരണം. കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി, ഏറ്റെടുത്ത ഭൂമി തിരികെ നൽകുന്നത് തടഞ്ഞുകൊണ്ടുള്ളതായിരുന്നു. ഇപ്പോഴത്തെ നിയമത്തിൽ അതിനു വ്യവസ്ഥയില്ലെന്നായിരുന്നു കോടതി തീർപ്പ്. എന്നാൽ നിർദ്ദിഷ്ട ഭേദഗതി ബിൽ നിയമമാകുമ്പോൾ സുപ്രീംകോടതിയുടെ ഈ വിധി മറികടക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |