SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

9,400 അക്കൗണ്ടുകൾ പൂട്ടിയ നടപടി

a

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലുള്ള പണം ഒരു ജോലിയും ചെയ്യാതെ ചില സാങ്കേതിക ചെപ്പടിവിദ്യകൾ കാട്ടി സ്വന്തം പേരിലാക്കി മാറ്റുന്ന വിദ്യയെയാണ് ആധുനിക കാലത്ത് നമ്മൾ സൈബർ തട്ടിപ്പ് എന്ന് വിളിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവരെ സംബന്ധിച്ച വാർത്തകളില്ലാത്ത ദിവസമില്ല. വിഴിഞ്ഞം തുറമുഖ കമ്പനിയായ വിസിലിന്റെ അക്കൗണ്ടിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം സംശയം തോന്നിയ ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം അവസാന നിമിഷം തടയാനായത് കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. വിസിൽ മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ആണെന്ന് പരിചയപ്പെടുത്തി എസ്.ബി.ഐ മാനേജരുമായി ചാറ്റ് ചെയ്ത് തട്ടിപ്പുസംഘം 40 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പണം രാജസ്ഥാനിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി മനസിലാക്കിയ വിസിൽ ഉദ്യോഗസ്ഥർ, ബാങ്കിൽ ഉടൻ വിവരം അറിയിച്ചതിനെത്തുടർന്ന് രാജസ്ഥാനിലെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർക്ക് പണം പിൻവലിക്കാൻ കഴിഞ്ഞില്ല.

ഗുജറാത്തിലെ കണ്ട്‌ല തുറമുഖം ഓഫീസിൽ നിന്ന് അടുത്തിടെ 40 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വലിയ കമ്പനികളെത്തന്നെ ഇങ്ങനെയൊക്കെ പറ്റിക്കാൻ കഴിയുമെങ്കിൽ പിന്നെ സാധാരണക്കാരന്റെ കാര്യം പറയാനില്ല. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു നടപടി ഇല്ലെന്ന് സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും കേന്ദ്ര ആഭ്യന്തര വകുപ്പും പലവട്ടം അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം തട്ടിപ്പുകൾക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകൾ കണ്ടെത്തി നിരോധിച്ചെന്ന് വാട്സ് ആപ്പ് കമ്പനി സുപ്രീംകോടതിയെ അറിയിച്ച നടപടി ആശ്വാസകരമാണ്. 2026 ജനുവരി മുതൽ 12 ആഴ്ചയ്ക്കുള്ളിലാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത്. കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഭൂരിഭാഗം തട്ടിപ്പ് അക്കൗണ്ടുകളും കമ്പോഡിയ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയെന്നും വാട്സ് ആപ്പ് സുപ്രീംകോടതിയെ അറിയിച്ചു.

ഡൽഹി പൊലീസ്, സി.ബി.ഐ, എ.ടി.എസ് തുടങ്ങിയ പേരുകളും ഔദ്യോഗിക ലോഗോകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ വീഴ്‌ത്തുന്നത്. അതിനാൽ,​ ഇനി മുതൽ ഇത്തരം രീതികൾ തടയുന്നതിന് എ.ഐ അധിഷ്ഠിത സംവിധാനങ്ങളും ലോഗോ മാച്ചിംഗ് ടൂളുകളും വാട്സ് ആപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ വരുമ്പോൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും അജ്ഞാത നമ്പരുകളിൽ നിന്നുള്ള കോളുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വാട്സ് ആപ്പ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. വിവിധ അന്വേഷണ ഏജൻസികളുടെയും വാട്സ് ആപ്പ്,​ എയർടെൽ, ജിയോ, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികളുടെയും ഏകോപിത നീക്കത്തിലൂടെയല്ലാതെ സൈബർ തട്ടിപ്പ് തടയാനാവില്ല. രാജ്യത്ത് ഇതുവരെ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഏതാണ്ട് 30,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WHATSAPP, CYBER SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY