SignIn
Kerala Kaumudi Online
Saturday, 24 October 2026 10.49 AM IST

ലൈസൻസ് രാജിന്റെ ബാക്കിപത്രം

READ ENGLISH VERSION
licence-raj

സ്വാതന്ത്ര്യം ലഭിച്ച് ദശാബ്ദങ്ങളോളം ഇന്ത്യയുടെ വികസനത്തെ മന്ദീഭവിപ്പിച്ചതിന് ലൈസൻസ് രാജ് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതുതായി ഏതു സംരംഭം തുടങ്ങണമെങ്കിലും ഉദ്യോഗസ്ഥരുടെ സമ്മതപത്രം വാങ്ങിയേ മതിയാകൂ. ഒരു ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് പോരാ; നിങ്ങൾ തുടങ്ങുന്ന സംരംഭം ഏതൊക്കെ വകുപ്പുകളുമായി ബന്ധപ്പെട്ടതാണോ,​, ആ വകുപ്പുകളുടെയെല്ലാം അനുമതി പ്രത്യേകം വാങ്ങണമെന്നായിരുന്നു നിയമം. ബിസിനസുമായി പുലബന്ധം പോലുമില്ലാത്ത ഉദ്യോഗസ്ഥർ അനാവശ്യമായ നിബന്ധനകളാവും മുന്നോട്ടു വയ്ക്കുക. അതെല്ലാം അക്ഷരംപ്രതി പാലിച്ച് ആർക്കും ഒരു സ്ഥാപനവും ഒരിക്കലും തുടങ്ങാനാവില്ല. നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന ഉദ്യോഗസ്ഥർക്കും ഇതറിയാം. ഒടുവിൽ സമ്മതപത്രം കിട്ടാൻ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരും. ഇവരാകട്ടെ ഒരിക്കലും ലഭിക്കില്ലെന്നു കരുതിയ സർട്ടിഫിക്കറ്റ് നിമിഷനേരം കൊണ്ട് സംഘടിപ്പിച്ചു നൽകുകയും ചെയ്യും!

രാജ്യം മുഴുവൻ കൈക്കൂലി വ്യാപകമാകാൻ ലൈസൻസ് രാജ് വഹിച്ച പങ്ക് ഒരു വലിയ ഗവേഷണ വിഷയമായി പഠിക്കേണ്ടതാണ്. ഇന്ത്യയിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഉദാരവത്‌കരണ നടപടികളുടെ ഭാഗമായി ലൈസൻസ് രാജ് ഒഴിവാക്കുന്ന നടപടികൾ തുടങ്ങിവച്ചത്. ലൈസൻസ് നൽകുന്നതിന് ഏകജാലക സംവിധാനമൊക്കെ അങ്ങനെയാണ് നിലവിൽ വന്നതെങ്കിലും,​ ഇപ്പോഴും അത് പൂർണമായി ഇന്ത്യയിൽ മാറിയിട്ടില്ല. അതിന്റെ ബാക്കിപത്രങ്ങൾ പല രീതിയിൽ പുനരവതരിക്കാറുണ്ട്. സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് പുതുക്കലിന് പ്രതിസന്ധിയായി തുടരുന്ന 'നിലനിറുത്തൽ സർട്ടിഫിക്കറ്റി"നെയും ഈ ലൈസൻസ് രാജിന്റെ ഭാഗമായി വേണം വീക്ഷിക്കേണ്ടത്. യഥാർത്ഥത്തിൽ നിയമത്തിലില്ലാത്ത ഒരു സർട്ടിഫിക്കറ്റാണ് ഇതെന്ന് 'ഫാർമസി ലൈസൻസ് പുതുക്കാൻ നെട്ടോട്ടം" എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ലൈസൻസ് നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയെയും നോക്കുകുത്തിയാക്കിയാണ് ഈ അലിഖിത രീതി തുടരുന്നത്. ഫാർമസി സ്ഥാപനം നടത്താനുള്ള ലൈസൻസ് നേടിയ വ്യക്തി അഞ്ചു വർഷത്തിലൊരിക്കൽ നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് പുതുക്കിയതായി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ഡ്രഗ്‌സ് കൺട്രോൾ നിയമപ്രകാരമുള്ള ഈ വ്യവസ്ഥ നിലനിൽക്കെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ആഭ്യന്തരമായി പരിശോധന നടത്തി മറ്റൊരു സർട്ടിഫിക്കറ്റ് നൽകുന്നു. 'നിലനിറുത്തൽ സർട്ടിഫിക്കറ്റ്' എന്നാണ് ഇതിന്റെ പേര്. ഇത് പുതിയ അഴിമതിക്ക് വഴിതുറക്കാനേ ഇടയാക്കൂ. കച്ചവടം നടത്തുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഈ സർട്ടിഫിക്കറ്റ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം എത്രയും പെട്ടെന്ന് വേണ്ടെന്നു വയ്ക്കേണ്ടതാണ്.

നിയമവിരുദ്ധമായി മെഡിക്കൽ സ്ഥാപനങ്ങൾ നടത്തുകയും ചട്ടങ്ങൾ ലംഘിച്ച് മരുന്നു കച്ചവടം നടത്തുകയും ചെയ്യുന്നത് തടയാൻ പ്രത്യേക നിയമ വ്യവസ്ഥ നിലവിലുള്ളപ്പോൾ അധികപ്പറ്റായി ഇത്തരമൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എന്തിനും ഏതിനും ഇടങ്കോലിടുക എന്നു മാത്രം ചിന്തിക്കുന്ന ചില ബ്യൂറോക്രാറ്റുകളുടെ തലയിലുദിച്ച ഈ പരിഷ്കാരം സർക്കാർ ഇടപെട്ട് എത്രയും വേഗം പിൻവലിക്കേണ്ടതാണ്. കാലം മാറുന്നതനുസരിച്ച് ബിസിനസ് നടത്തുന്ന പ്രക്രിയയും സുലളിതമാക്കാനുള്ള നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. സങ്കീർണമായ ഏതൊരു നടപടിയും കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവരെ വലയ്ക്കുന്നതിനേ ഉപകരിക്കൂ. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന് ഇപ്പോൾത്തന്നെ ആവശ്യത്തിലധികം ജോലികളുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണവും കുറവാണ്. അതിനൊപ്പം,​ നിയമപ്രകാരം വേണ്ടാത്ത സർട്ടിഫിക്കറ്റ് കൂടി നൽകാൻ സമയം പാഴാക്കുന്നത് വൃഥാ വ്യായാമമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION