SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

ജയചന്ദ്രൻ തൂകിയ ഗാനപൗർണമി

p-jayachandran

ഏറ്റവും പ്രിയപ്പെട്ട മധുരമായ സ്വരം വീണ്ടും വീണ്ടും കേൾക്കാനാണ് ദൈവം കുയിലിനെയും ഗായകരെയും സൃഷ്ടിച്ചതെന്ന് പറയാറുണ്ട്. ശോകമൂകമായ അന്തരീക്ഷത്തെയും കാലത്തെയും അവ സംഗീതസാന്ദ്രമാക്കുന്നു. അനുഗ്രഹിക്കപ്പെട്ട സ്വരമാധുരിയാൽ തലമുറകളുടെ മനസിനെ ചക്കരപ്പന്തലാക്കിയ ഭാവഗായകനായിരുന്നു പി. ജയചന്ദ്രൻ. പുതുവർഷത്തിൽ അദ്ദേഹത്തിന്റെ ജീവസംഗീതം നിലയ്ക്കുമ്പോൾ സുവർണഗീതങ്ങളുടെ ഒരു യുഗം അസ്‌തമിക്കുകയാണ്.

മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, അഞ്ചുവട്ടം സംസ്ഥാന പുരസ്‌കാരം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ. തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡിനു പുറമേ തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ കലൈമാമണി പുരസ്‌കാരവും മലയാളത്തനിമ വാക്കിലും സ്വരത്തിലും പെരുമാറ്റത്തിലും പുലർത്തിയ ഈ മഹാഗായകന് ലഭിച്ചിട്ടുണ്ട്. സ്വരലയ പുരസ്‌കാരം, ജെ.സി. ഡാനിയേൽ അവാർഡ് എന്നിവ നൽകി ജന്മനാടും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

പാടിയ ഗാനങ്ങളുടെ എണ്ണം കൊണ്ടല്ല ജയചന്ദ്രൻ ആസ്വാദകരെ വിസ്‌മയിപ്പിച്ചത്. ഓരോഗാനവും ഭാവാത്മകമായിരുന്നു. അധികമാർക്കും എളുപ്പത്തിൽ അനുകരിക്കാൻ പറ്റാത്ത സുതാര്യസുന്ദരമായ നാദം കൊണ്ട് അവ വേറിട്ടുനിൽക്കുന്നു. ഏതു തലമുറയിലേയും മലയാളി എക്കാലവും ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ഗാനശേഖരത്തിൽ നിശ്ചയമായും ജയചന്ദ്രന്റെ എണ്ണമറ്റ ഗാനങ്ങളുണ്ടാകും.

ജയചന്ദ്രനെന്ന ഗായകന്റെ ജീവിതത്തിലുടനീളം ചന്ദ്രനും ചന്ദ്രികയുമുണ്ട്. പേരിൽത്തന്നെ ജയവും ചന്ദ്രനും ചേർന്നിരിക്കുന്നു. 1958ലെ സംസ്ഥാന കലോത്സവത്തിൽ മികച്ച ക്ളാസിക്കൽ ഗാനത്തിന് യേശുദാസ് പുരസ്കാരം നേടിയപ്പോൾ മൃദംഗത്തിൽ ജയചന്ദ്രനായിരുന്നു ജയം. അവിടം മുതൽ അനുഗൃഹീതരായ ഈ രണ്ടു ഗായകരും ചേർന്ന് മലയാള സിനിമാസംഗീത സാമ്രാജ്യം ഭരിക്കുകയായിരുന്നു. യേശുദാസ് ഗാനഗന്ധർവനായപ്പോൾ ഭാവഗായകനെന്ന ദിവ്യവിശേഷണം ലഭിച്ചത് ജയചന്ദ്രനായിരുന്നു. കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ധനുമാസചന്ദ്രികയിലാണ് ആ സ്വരമുദ്ര വെട്ടിത്തിളങ്ങിയത്. ദേവരാജൻമാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച 'കളിത്തോഴൻ" എന്ന ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു എന്ന അനശ്വര ഗാനത്തോടൊപ്പം ആത്മഭാവം ഗാനത്തിലേക്ക് പകരുന്ന ഗായകനും ഉദിച്ചുവന്നു. മഞ്ഞും കുളിരും നിലാവും ആ ഗാനം കേൾക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നു. നിൻമണിയറയിലെ നിർമ്മലശയ്യയിലെ എന്ന നാദത്തിൽ എന്തൊരു നൈർമ്മല്യവും അനുഭൂതിയുമാണ്. റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ എന്ന പാട്ടിൽ ചന്ദ്രനും നിശാഗന്ധിയും വിടരുന്ന അനുഭൂതി. ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം ജയചന്ദ്രന്റെ സ്വരം ചെത്തിമിനുക്കിയെടുത്തു തരുന്ന നാദശില്പം തന്നെയാണ്. എം.എസ്. ബാബുരാജ് സംഗീതം നൽകിയ 'ഉദ്യോഗസ്ഥ"യിലെ അനുരാഗ ഗാനം പോലെ എന്ന ജയചന്ദ്രസംഗീതം ചൊല്ലാത്ത കാമുകഹൃദയങ്ങളുണ്ടാവില്ല.

ജയചന്ദ്രന്റെ ഗാനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യമുദിക്കുന്നതിലൊന്ന് സുപ്രഭാതം, സുപ്രഭാതം തന്നെ. നീലഗിരിയുടെ സഖികൾക്കും ജ്വാലാമുഖികൾക്കും മാത്രമല്ല ശ്രോതാവിനും ആ സ്വരം സുപ്രഭാതം ആശംസിക്കുന്നു. മലയാള ഭാഷതൻ മാദകഭംഗിയുടെ എഴുന്നള്ളത്തും ആ സ്വരഭംഗിയിലൂടെയായിരുന്നു. പുതുതലമുറയ്ക്കുവേണ്ടി പാടിയ പ്രായം നമ്മിൽ മോഹം നൽകി, ഓലഞ്ഞാലിക്കുരുവി, ശാരദാംബരം എന്നിവ പ്രായം ലവലേശം സ്പർശിക്കാത്ത ഗാനങ്ങളായിരുന്നു.

ദക്ഷിണേന്ത്യയുടെ പ്രിയഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചില സ്വഭാവ സവിശേഷതകൾ ജയചന്ദ്രനും ഉണ്ടായിരുന്നു. സംഗീതത്തെ മുഖ്യമായി ഉപാസിക്കുമ്പോഴും സാധാരണ ജീവിതശൈലികളിൽ നിന്ന് ഇരുവരും പുറംതിരിഞ്ഞു നിന്നില്ല. പാട്ടിനെ പാട്ടിന്റെ വഴിക്കും ജീവിതത്തെ ജീവിതത്തിന്റെ വഴിക്കും അവർ മേയാൻ വിട്ടു. നഖക്ഷതങ്ങൾ എന്ന സിനിമയിലെ സംഗീതജ്ഞനെ എത്ര അനായാസമാണ് ജയചന്ദ്രൻ അവിസ്മസരണീയമാക്കിയത്. ഭാവഗാനത്തിൽ മാത്രമല്ല ഭാവപ്രകടനത്തിലും താൻ പിന്നിലല്ലെന്ന് ആ വേഷം തെളിയിച്ചു.

വടക്കുംനാഥ ഭക്തൻ കൂടിയായ ജയചന്ദ്രന്റെ ഭക്തിഗാനങ്ങളും മലയാളത്തിന് മുതൽക്കൂട്ടാണ്.

കേരളം ജന്മം നൽകിയ ഏറ്റവും മികച്ച രണ്ടു ഗായകർക്കും യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ വരികൾ ആലപിക്കാൻ സൗഭാഗ്യം ലഭിച്ചു. അത് പ്രകൃതിയുടെ ഒരു നിയോഗമാകാം. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും" എന്ന ഗുരുസൂക്തം ആലപിച്ചായിരുന്നു യേശുദാസിന്റെ തുടക്കം. ദേവരാജൻ മാഷിന്റെ സംഗീതത്തിൽ ഗുരുദേവന്റെ ശിവപ്രസാദപഞ്ചകം ജയചന്ദ്രനും ആലപിക്കുകയുണ്ടായി.

മലയാളികളെപ്പോലെ തമിഴരും ജയചന്ദ്രഗീതങ്ങൾ നെഞ്ചിലേറ്റി. പലതവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം ജയചന്ദ്രന് ലഭിക്കുകയുണ്ടായി. പ്രതിഭാശാലികളായ നിരവധി സംഗീതസംവിധായകരുമായി പ്രവർത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. എം.എസ്.ബാബുരാജ്, ജി. ദേവരാജൻ, ഇളയരാജ, ആർ.കെ. ശേഖർ എന്നിവരുടെ ഗാനങ്ങൾ ജയചന്ദ്രനാദത്തിലൂടെ ഹിറ്റുകളായി. ഇളയരാജയുടെ സംഗീതത്തിൽ ആലപിച്ച രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്‌ത് എന്ന ഗാനം ദക്ഷിണേന്ത്യ കീഴടക്കാൻ ജയചന്ദ്രനെ സഹായിച്ചു.

ആർ.കെ. ശേഖർ എന്ന സംഗീത സംവിധായകന്റെ ഈണത്തിൽ വെള്ളിത്തേൻകിണ്ണം എന്ന ഗാനം ജയചന്ദ്രൻ പാടി. അപ്പോൾ ഒമ്പതു വയസുമാത്രമുണ്ടായിരുന്ന മകൻ ദിലീപ് ശേഖർ പിന്നീട് ലോകപ്രശസ്തനായ എ.ആർ. റഹ്‌മാനായി മാറി. 1994ൽ എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ കിഴക്കുചീമയിലെ എന്ന ചിത്രത്തിലെ ഗാനത്തിന് തമിഴ‌്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന് ലഭിച്ചു.

സാഹിത്യത്തിനും സംഗീതത്തിനും പ്രായത്തെയും കാലത്തെയും അതിജീവിക്കാനുള്ള സിദ്ധിയുണ്ട്. ആറു ദശാബ്ദത്തോളമായി വിവിധ ഭാഷകളിൽ സ്വരപൂജ ചെയ്ത ജയചന്ദ്രൻ എക്കാലവും കേരളകൗമുദിയുടെ ആത്മമിത്രമായിരുന്നു. ഗാനാസ്വാദകരുടെ മനസിൽ ഒരിക്കലും വാടാത്ത, സുഗന്ധം മാറാത്ത സൗമ്യസ്വരമലരുകൾ തന്നാണ് അദ്ദേഹം മടങ്ങുന്നത്. ആ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സംഗീതലോകത്തിനുമുള്ള ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION