SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

ജമ്മുവിലെ മരണങ്ങൾ: സത്യം കണ്ടെത്തണം

a

പാകിസ്ഥാനിനോട് അതിർത്തി പങ്കിടുന്ന ജമ്മുവിലെ രജൗരിയിലെ മൂന്നു കുടുംബങ്ങളിൽപെട്ട 17 പേരുടെ ദുരൂഹ മരണത്തിനു പിന്നിലെ രഹസ്യം അന്വേഷിച്ചു കണ്ടുപിടിക്കാൻ ദേശീയ അന്വേഷണ ഏജൻസി രംഗത്തിറങ്ങുകയാണ്. മാരകമായ ഏതോ വിഷമാണ് പതിനേഴു പേരുടെയും മരണത്തിനു കാരണമായതെന്ന് ഇതിനകം നടന്ന ഫോറൻസിക് പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. നാഡീവ്യൂഹം തകരാറിലായാണ് കൂട്ടമരണത്തിലേക്കു നയിച്ചത്. മരണമടഞ്ഞവർ എല്ലാം ബന്ധുക്കളായത് സംഭവത്തിന് കൂടുതൽ ദുരൂഹത പകരുന്നു. കഴിഞ്ഞ മാസം ഒരു ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഏതാനും പേർക്കാണ് ആദ്യം വിഷബാധ ശ്രദ്ധയിൽപ്പെട്ടത്. ഏഴംഗ കുടുംബത്തിലെ അഞ്ചുപേരാണ് ആദ്യം കൊടുംവിഷത്തിന് ഇരകളായത്. ജനുവരി 19-ന് രണ്ടു കുടുംബങ്ങളിലെ പന്ത്രണ്ടുപേർ കൂടി സമാന സാഹചര്യങ്ങളിൽ മരണമടഞ്ഞതോടെയാണ് ആരോഗ്യ വിദഗ്ദ്ധരും അന്വേഷണ ഏജൻസികളും രംഗപ്രവേശം ചെയ്യുന്നത്.

ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തിയ ഈ കൂട്ടമരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളത്തിലോ ആഹാര പദാർത്ഥങ്ങളിലോ ആരെങ്കിലും മാരകവിഷം കലർത്തിയതാകാം കൂട്ടമരണം സൃഷ്ടിച്ചതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് മരണം നടന്ന ഗ്രാമത്തെ കണ്ടെയ്‌ൻമെന്റ് മേഖലയായി പ്രഖ്യാപിച്ച് സേന കാവൽ നിൽക്കുകയാണ്. വെള്ളം, ഭക്ഷണം എന്നിവയുടെ വിതരണം സേന ഏറ്റെടുത്തിട്ടുമുണ്ട്. അത്യാഹിതം നടന്ന കുടുംബങ്ങളിലുള്ളവരുമായുള്ള സമ്പർക്കവും വിലക്കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ഇരുനൂറോളം ബന്ധുക്കൾ ഐസൊലേഷനിലാണ്. ഗ്രാമത്തിലേക്ക് വെള്ളവും ഭക്ഷ്യവസ്തുക്കളും പുറത്തുനിന്ന് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയ്ക്കെതിരെ ഒളിപ്രവർത്തനം ഉൾപ്പെടെ സകല അടവുകളും പയറ്റിക്കൊണ്ടിരിക്കുന്ന പാകിസ്ഥാനാണോ രജൗരിയിലെ അജ്ഞാത മരണങ്ങൾക്കു പിന്നിലുള്ളതെന്ന സംശയം ജനിച്ചതോടെയാണ് എൻ.ഐ.എയെ സമഗ്ര അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ശ്രീനഗർ അതിർത്തിയിലൂടെയുള്ള പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഒട്ടും സാദ്ധ്യമല്ലാതാക്കിയതോടെ ജമ്മു അതിർത്തി കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കലാകാം ഈ വിഷമരണങ്ങൾക്കു പിന്നിലെ ഗൂഢലക്ഷ്യമെന്നു കരുതുന്നവരുമുണ്ട്. ഏതായാലും പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയാത്ത വിധമുള്ള ആസൂത്രണവും പ്രയോഗവും ഈ സംഭവത്തിനു പിന്നിലുണ്ടെന്നത് തീർച്ചയാണ്. മരണമടഞ്ഞവരുടെ പോസ്റ്റ്‌‌മോർട്ടം നടന്നതിൽ നാഡീവ്യൂഹത്തിൽ കടുത്ത വിഷം കയറിയതിന്റെ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞു. മരണത്തിന് പിന്നിൽ വിഷം തന്നെയാണെന്ന് വിദഗ്ദ്ധ ലാബ് പരിശോധനയിൽ തെളിയുകയും ചെയ്തു.

കേന്ദ്ര സർക്കാർ പ്രത്യേകം നിയോഗിച്ച വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതി രജൗരിയിൽത്തന്നെ തങ്ങി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മരണപ്പെട്ട കുടുംബങ്ങളിലെ അഞ്ചുപേർ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിലുണ്ട്. മരണകാരണമായ വിഷം ഏതാണെന്നു കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്താൻ വേണ്ടിയാണ് എൻ.ഐ.എയെ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാനോട് ചേർന്നുകിടക്കുന്ന രജൗരിയിലെ ബാദൽ ഗ്രാമം ഇപ്പോൾ ഏതാണ്ട് ഒരു പ്രേത ഗ്രാമത്തിന്റെ സ്ഥിതിയിലാണ്. ഒട്ടേറെ കുടുംബങ്ങൾ ഒഴിഞ്ഞുപോവുകയോ,​ അവരെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. വിഷമരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ഗ്രാമവാസികളെ ബോദ്ധ്യപ്പെടുത്തിയാലേ അവിടേക്ക് ആളുകൾ ഭീതികൂടാതെ മടങ്ങിയെത്തുകയുള്ളൂ. അന്വേഷണം ഊർജ്ജിതമാക്കുകയും മരണത്തിനു പിന്നിലെ ദുരൂഹതകൾ പൂർണമായും തുടച്ചുനീക്കുകയും ചെയ്താലേ പഴയ രീതിയിലേക്ക് ഗ്രാമം മടങ്ങുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJAURI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION