
ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ഇന്ത്യൻ ഗതിനിർണയ സംവിധാനമായ നാവിക് പദ്ധതിയുടെ ഭാഗമായ എൻ.വി.എസ് 02 ആണ് ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്‌ഡൗൺ പൂർത്തിയാക്കിയതിനു ശേഷമാണ് ജി.എസ്.എൽ.വി - എഫ് 15 കുതിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്ശാസ്‌ത്രരംഗത്ത് ഇന്ത്യയെ വൻശക്തികൾക്കൊപ്പം എത്തിച്ചുകൊണ്ട് ഒന്നിനു പിറകെ ഒന്നായി ഐ.എസ്.ആർ.ഒ നേടുന്ന വിജയങ്ങൾ ഓരോ ഇന്ത്യാക്കാരന്റെയും അഭിമാനമുയർത്താൻ പോന്നതാണ്. സങ്കീർണമായ ഏതു സാങ്കേതികവിദ്യയിലും നമുക്ക് വിജയിക്കാനാവുമെന്ന് തെളിയിച്ചതായിരുന്നു ബഹിരാകാശത്ത് അടുത്തിടെ നടത്തിയ ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനമായ ഡോക്കിംഗ്. മറ്റ് വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവായ 370 കോടി രൂപയ്ക്ക് ഈ വലിയ ദൗത്യം യാഥാർത്ഥ്യമാക്കിയതിലൂടെ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഡോക്കിംഗ് സാങ്കേതികവിദ്യ കൈവന്ന നാലാമത്തെ രാജ്യമെന്ന ബഹുമതിയും നമുക്ക് സ്വന്തമായി.
സ്വന്തം ബഹിരാകാശ നിലയമെന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ബഹിരാകാശത്ത് ആദ്യമായി വിത്തു മുളപ്പിച്ചതടക്കം പല അഭിമാന നേട്ടങ്ങളും ഇതിനൊപ്പം സ്വന്തമാക്കാനായി.
നൂറാം റോക്കറ്റിന്റെ വിക്ഷേപണം വിജയിക്കുമ്പോൾ തിരുവനന്തപുരത്തെ പഴയ തലമുറയിൽപ്പെട്ടവർക്ക് ഒരു ചിത്രം ഓർമ്മ വരും. വിക്ഷേപണത്തിനായി സൈക്കിളിൽ കെട്ടിവച്ച് ഒരു റോക്കറ്റിന്റെ ഭാഗം തുമ്പയിലേക്ക് ഉരുട്ടിക്കൊണ്ടു പോകുന്ന ചിത്രമാണത്. സൈക്കിളിനൊപ്പം നടന്നുപോയവരിൽ അന്ന് എൻജിനിയറിംഗ് മേധാവിയും, പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയുമായി മാറിയ ഡോ. അബ്ദുൾകലാമും ഉണ്ടായിരുന്നു. ബഹിരാകാശ സ്വപ്നങ്ങൾ കാണാൻ ഇന്ത്യയെ പഠിപ്പിച്ച ക്രാന്തദർശിയായ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ആ റോക്കറ്റ് വിക്ഷേപണം 1963 നവംബർ 21-ന് നടന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്ത്യയിൽ കൂട്ടിച്ചേർത്ത് വിക്ഷേപിക്കുകയായിരുന്നു.
ഇന്ത്യൻ ബഹിരാകാശ രംഗം പിച്ചവച്ചു തുടങ്ങിയ നാളുകളായിരുന്നു അത്. അവിടെ നിന്ന് ഇന്ത്യ ഇന്ന് എത്തിനിൽക്കുന്നത് സ്വപ്നം പോലും കാണാനാകാത്ത നേട്ടങ്ങൾ കീഴടക്കുന്ന തലത്തിലാണ്. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഐ.എസ്.ആർ.ഒയും വി.എസ്.എസ്.സിയുമെല്ലാം വിജയങ്ങൾ നേടിയത്. 1979 ആഗസ്റ്റ് 10-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് രോഹിണി ഉപഗ്രഹവുമായി വിക്ഷേപിച്ച ആദ്യ എസ്.എൽ.വി ദൗത്യം പരാജയമായിരുന്നു. 1980 ജൂലായിൽ നടത്തിയ രണ്ടാം വിക്ഷേപണം രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇപ്പോൾ പി.എസ്.എൽ.വി, ജി.എസ്.എൽ.വി തുടങ്ങിയ വലിയ റോക്കറ്റുകളും അതിനേക്കാൾ വലിയ എൽ.വി.എം റോക്കറ്റുകളുമാണ് ഇന്ത്യ ഉപഗ്രഹ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.
യാതൊരു പിഴവുമില്ലാതെ കൃത്യമായി ചന്ദ്രനിൽ വിക്രം ലാൻഡറിന്റെ സോഫ്‌റ്റ് ലാൻഡിംഗ് നടന്ന നിമിഷം ബഹിരാകാശ ചരിത്രത്തിൽ പുതിയ അദ്ധ്യായമാണ് കുറിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കിയ ആദ്യ രാജ്യവും ഇന്ത്യയാണ്. ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് നേതൃത്വം നൽകിയത് അന്നത്തെ ഐ.എസ്.ആർ.ഒ ചെയർമാനും ചന്ദ്രന്റെ മറ്റൊരു നാമത്തിന് ഉടമയും മലയാളിയുമായ സോമനാഥ് ആയിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. മധുരിക്കുന്ന വിജയങ്ങൾ രാജ്യത്തിന് തുടരെ സമ്മാനിച്ചുകൊണ്ടിരിക്കുന്നതിന് രാജ്യം നന്ദി പറയേണ്ടത് ഇതിനു പിന്നിൽ അഹോരാത്രം പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും അതിന് പിന്തുണ നൽകുന്ന രാഷ്ട്രീയ നേതൃത്വത്തിനുമാണ്. മനുഷ്യനെ ബഹിരാകാശത്ത് സ്വന്തം നിലയിൽ എത്തിക്കുക എന്ന സ്വപ്നനേട്ടവും വൈകാതെ ഇന്ത്യ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |