SignIn
Kerala Kaumudi Online
Friday, 23 October 2026 9.23 PM IST

ഇൻവെസ്റ്റ് കേരള ഗ്ളോബൽ ഉച്ചകോടി ; കേരളം ഉറ്റുനോക്കുന്ന നിക്ഷേപക ഉച്ചകോടി

a

പുതിയ ഊർജ്ജവും വേഗവും കൈവരിച്ച് അസൂയാവഹമായ ഔന്നത്യത്തിലേക്ക് എത്തുകയാണ് സംസ്ഥാന വ്യവസായ വകുപ്പ്. ഇവിടെ ഒന്നും നടക്കില്ല, ഒരു ഗതിയും ഉണ്ടാവില്ല എന്ന് സ്വയം പരിതപിച്ചും എന്തെങ്കിലും ചെയ്യാൻ മനസ് കാട്ടിവരുന്നവർക്കു മുന്നിൽ ശകുനം മുടക്കികളായി നിന്നും വ്യവസായ മേഖലയെ പടിയടച്ച് പുറത്താക്കാൻ ശ്രമിച്ചവരുടെ നാവടക്കിയാണ് നേരിൽക്കാണാവുന്ന ഈ പടവു കയറ്റം. ഈ മാറ്റത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്, അദ്ധ്വാനമുണ്ട്, സർവോപരി ചെയ്തേ പറ്റൂ എന്ന വാശിയുമുണ്ട്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന വ്യവസായ മന്ത്രി പി. രാജീവ് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

കൊച്ചിയിൽ ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ളോബൽ ഉച്ചകോടിക്കു മുന്നോടിയായി വ്യവസായ മന്ത്രി നടത്തിയ വിദേശ യാത്രകളുടെ പശ്ചാത്തലത്തിലാണ് ഈ അഭിമുഖം.

? ദാവോസിലെ കൂടിക്കാഴ്ചകളും ആശയവിനിമയവും സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് എത്രത്തോളം ഗുണകരമാവും.

 ഇവിടുത്തെ വ്യവസായ വികസന സാദ്ധ്യതകൾ ലോകത്തിനു മുന്നിൽ വിസിബിൾ ആക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം. കേരളം വ്യവസായത്തിനു പറ്റിയ സ്ഥലമല്ല എന്ന പൊതുബോധം മാറിത്തുടങ്ങി. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിലും മറ്റ് മേഖലകളിലും നമ്മൾ കൈവരിച്ച നേട്ടങ്ങൾ സാക്ഷ്യപത്രങ്ങളായി അവതരിപ്പിക്കാൻ കഴിഞ്ഞു. ഇതിനു പുറമെ മാനവ വിഭവശേഷിയിലെ നമ്മുടെ കരുത്ത് ബോദ്ധ്യമാക്കാനും സാധിച്ചു. ദാവോസിൽ മൂന്നര ദിവസത്തിനുള്ളിൽ 70 മീറ്റിംഗുകളാണ് നടത്തിയത്. ഒരൊറ്റ സ്ഥലത്ത് എല്ലാവരെയും കാണാൻ കഴിഞ്ഞതാണ് വലിയ പ്രത്യേകത.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യവസായ ഇടനാഴി, കേരളത്തിന്റെ സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ മാതൃക എന്നിവയ്ക്ക് പവലിയനിൽ ഊന്നൽ നൽകി.

വ്യവസായ മേഖലയിലെ മുന്നേറ്റങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിദ്ധ്യമാവാനും കേരളത്തിന് സാധിച്ചു. ഈ മാസം അവസാനം കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഇത് ഗുണകരമാകും. എല്ലാവരെയും ക്ഷണിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാദ്ധ്യതയ്ക്കും ഇത് കരുത്തു പകരും. എഴുപതോളം കമ്പനി പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായാണ് ചർച്ച നടത്തിയത്. ഐ.ടി മുതൽ എം.എസ്എം.ഇ വരെ നമ്മൾ വളർച്ച നേടിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം.

?ഭാവി ലക്ഷ്യമാക്കി നമ്മൾ ഹൈലൈറ്റ് ചെയ്യുന്ന മേഖല.

വേൾഡ് ഇക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി,​ കേരള ഗ്രീൻ ഹൈഡ്രജൻവാലി പദ്ധതിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വാർഷിക കാർബൺ പുറന്തള്ളലിന്റെ ഏകദേശം 50 ശതമാനം വരുന്ന നിർണായക മേഖലകളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള പദ്ധതിയാണ് ഇത്. കേരളത്തിലെ ഹരിത ഹൈഡ്രജന്റെ ആവശ്യം ഇപ്പോൾ ആറ് മേഖലകളിലാണ് (റിഫൈനറികൾ, വളങ്ങൾ, റോഡ് ഗതാഗതം, ജലഗതാഗതം, രാസവസ്തുക്കൾ, കയറ്റുമതി) കേന്ദ്രീകരിച്ചിരിക്കുന്നത്. ഹ്രസ്വകാലത്തേക്ക് ഏകദേശം 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പ്രവർത്തനമാണ് ഹൈഡ്രജൻ വാലി പ്രതീക്ഷിക്കുന്നത്. കൂടാതെ, അമോണിയ കയറ്റുമതിക്കായി ഏകദേശം 1.2 ബില്യൺ യു.എസ് ഡോളറിന്റെ പ്രൊജക്റ്റ് നിർദ്ദേശങ്ങൾ വാലി വിലയിരുത്തുന്നു. 2030-ഓടെ പ്രതിവർഷം അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷനുമായി സംസ്ഥാനത്തിന്റെ ശ്രമങ്ങൾ നന്നായി യോജിക്കും.

?വ്യവസായ മേഖലയിൽ നമ്മൾ മുന്നോട്ടു വയ്ക്കുന്ന പുതിയ ആശയം.

 പ്രകൃതി, ജനങ്ങൾ, വ്യവസായം (നേച്ചർ, പിപ്പിൾ, ഇൻഡസ്ട്രി) എന്നതാണ് ഇൻവെസ്റ്റ് കേരളയുടെ ടാഗ് ലൈൻ. സ്ഥിരതയും ഉത്തരവാദിത്വവുമുള്ള വ്യവസായ നയത്തിന് നൽകുന്ന പ്രാധാന്യവും വൈവിദ്ധ്യവും ഉൾപ്പെടുത്തലുമാണ് കേരളത്തിലെ വ്യവസായത്തിന്റെ ശക്തിയെന്ന ആശയം സംരംഭകരുമായി പങ്കുവച്ചു. ദാവോസിൽ നാല് പാനൽ ചർച്ചകളിൽ പങ്കെടുത്ത കേരള പ്രതിനിധി സംഘാംഗങ്ങൾ സംസ്ഥാനത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തെയും ഇ-ഗവേർണൻസ് ഭരണതലത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും വിശദീകരിച്ചു.

?കൊച്ചിയിലെ നിക്ഷേപക ഉച്ചകോടിക്കായി നടത്തിയ തയ്യാറെടുപ്പുകൾ.

 ഉച്ചകോടിക്ക് മുമ്പായി അമ്പതോളം പരിപാടികൾ സംഘടിപ്പിച്ചു. ചെന്നൈ, മുംബയ്, ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിച്ചു.ദുബായിൽ മിഡിൽ ഈസ്റ്റിന്റെ വലിയ റോഡ്ഷോ നടത്തി. ഡൽഹിയിൽ മുഖ്യമന്ത്രി കൂടി പങ്കെടുത്ത് 36 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒരു സംഗമം നടത്തി. എ.ഐ, റോബോട്ടിക്സ് , ടൂറിസം, വിഴിഞ്ഞം എന്നീ മേഖലകളിൽ കോൺക്ളേവുകൾ നടത്തി. 1000 കോടിക്കു മുകളിൽ നിക്ഷേപമുള്ളവർ , 500 കോടിക്കു മേൽ നിക്ഷേപമുള്ളവർ തുടങ്ങിയവരുടെ സംഗമം സംഘടിപ്പിച്ചു.

? വ്യവസായ പുരോഗതിക്കായി പുതുതായി കണ്ടെത്തിയ മേഖലകൾയ

 മെഡിക്കൽ റിസർച്ച് സെന്ററുകൾ, ലൈഫ് സയൻസ് മെഡിക്കൽ പാർക്ക്, സെന്റർ ഒഫ് ന്യൂട്രോസ്യൂട്ടിക്കൽസ് , പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി, പെരുമ്പാവൂരിൽ ഇലക്ട്രോണിക്സ് പാർക്ക് , ലാന്റ് പൂളിംഗ് വഴി വിഴിഞ്ഞത്ത് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, മാരിടൈം, ലോജിസ്റ്റിക് സംരംഭങ്ങൾ. എല്ലാ ജില്ലയിലും സ്വകാര്യ പാർക്ക്, ഇതിൽ 33 എണ്ണത്തിന് അനുമതി നൽകി. ഈ മാസം ഇത് 50 ആയി ഉയരും. നിലവിലെ 1000 കമ്പനികൾ 100 കോടി ടേൺഓവർ ഉള്ളവയാക്കി മാറ്റും .ഇൻക്ലുസീവ് സ്വഭാവത്തിലുള്ള സംരംഭങ്ങളാണ് നമ്മുടെ സവിശേഷത.

മൈക്രോ, സ്മാൾ,​ മീഡിയം സംരംഭങ്ങൾ, സ്ത്രീ സംരംഭങ്ങൾ തുടങ്ങിയവയെ കൈപിടിച്ചുയർത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION