
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഉണർത്താൻ ഉതകുന്ന പരിപാടികൾ ഉണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. സമ്പദ്വ്യവസ്ഥയുടെ മെല്ലെപ്പോക്ക് മറിക്കടക്കാൻ സഹായകമാകുന്ന ഹ്രസ്വകാല, ദീർഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ബഡ്ജറ്റിൽ എന്ന കണക്കുകൂട്ടലും തെറ്റി. സമ്പദ്ഘടന ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരം നിർദ്ദേശിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കഴിയുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പിൽ ഏതാണ്ടെല്ലാ സാമ്പത്തിക ആസൂത്രകരും വിദഗ്ദ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണെന്ന യാഥാർത്ഥ്യം ശരിവയ്ക്കുന്നതാണ്, ബഡ്ജറ്റിനു തലേന്ന് ധനമന്ത്രി പാർലമെന്റിനു മുന്നിൽവച്ച സാമ്പത്തിക സർവെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാനിരക്ക് 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോർട്ടിൽ. അടുത്ത വർഷവും വളർച്ചാ നിരക്കിൽ വർദ്ധന പ്രതീക്ഷിക്കുന്നതുമില്ല! ഏതാണ്ട് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലാകുമെന്നാണ് അനുമാനം. പ്രധാനമന്ത്രി അവകാശപ്പെട്ട, 2047-ലെ വികസിത ഭാരതത്തിലേക്ക് എത്തണമെങ്കിൽ എട്ടു ശതമാനം വാർഷിക വളർച്ചാ നിരക്കു വേണം. അങ്ങനെയെങ്കിൽ ഈ വർഷത്തെ സാമ്പത്തിക സ്ഥിതി തികച്ചും ഗരുതരമായ അവസ്ഥയിലാണ്.
നടപ്പുവർഷം മൂലധന ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി എന്നതും വല്ലാത്ത ആശങ്ക ഉയർത്തുന്നു. നവംബർ വരെയുള്ള സ്ഥിതി വിവരങ്ങൾ ആധാരമാക്കി തയ്യാറാക്കിയ അവലോകനത്തിൽ, ഭക്ഷ്യ വിലക്കയറ്റം 8.4 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 7.5 ശതമാനമായിരുന്നു. നടപ്പുവർഷത്തെ ചരക്കു കയറ്റുമതി വളർച്ച 1.6 ശതമാനം മാത്രമാണ്; ചരക്ക് ഇറക്കുമതി വർദ്ധന 5.2 ശതമാനവും. ബാങ്ക് വായ്പയുടെ വളർച്ചാതോതിലും ഇടിവാണ്- മുൻവർഷം നവംബർ വരെ 15.2 ശതമാനമായിരുന്നുവെങ്കിൽ നടപ്പുവർഷം 11.8 ശതമാനം മാത്രം. ഈ വർഷം നവംബർ വരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടു എന്നതും കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്നതും സമ്പദ്വ്യവസ്ഥ ചലിപ്പിക്കാൻ ഉതകുന്നതുമായ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ അനിവാര്യമായിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള 'ഗിമിക്കുകൾ" എന്ന പതിവു രീതിയാണ് ഇത്തവണയും കേന്ദ്രം സ്വീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കണ്ടുള്ള ഒരു സമീപനം ഉണ്ടായിട്ടില്ല. ബീഹാർ സംസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ളതായി, പ്രഖ്യാപനങ്ങളിൽ ഏറെയും. ഒപ്പം, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി നിരക്കിൽ വലിയ മാറ്റം വരുന്നുവെന്ന പ്രതീതി ജനിപ്പിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്.
കേന്ദ്ര ധന വിഹിതങ്ങളിൽ വലിയ വെട്ടിക്കുറവ് നേരിടേണ്ടിവന്ന കേരളത്തിന് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും കേന്ദ്രം ചെവിക്കൊണ്ടില്ല. രണ്ടു ദശാബ്ദത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന അനുകൂല പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഊന്നൽ നൽകുമെന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റിൽ വിഴിഞ്ഞം തുറമുഖ വികസന കാര്യങ്ങൾ പരാമർശിക്കാൻ പോലും തയ്യാറായില്ല! വയനാട് മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസത്തിന് സഹായിക്കാനും മനസുണ്ടായില്ല. പുതിയ സംരംഭങ്ങളൊന്നും കേരളത്തിനില്ല. പൊതുവിൽ കേരള വിരുദ്ധമായ ബഡ്ജറ്റാണ് ഇത്തവണത്തേതും.
ധന വിഹിത വിതരണത്തിൽ കേരളത്തോടുള്ള അവഗണനയുടെ ഒരു ഉദാഹരണംകൂടി ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതങ്ങളും ഗ്രാന്റുകളും വായ്പകളും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീക്കിവച്ചിട്ടുണ്ടെന്നും, ഇത് മുൻ വർഷത്തേക്കാൾ 4,91,668 കോടി രൂപ അധികമാണെന്നും ബഡ്ജറ്റിൽ അവകാശപ്പെടുന്നു. അതനുസരിച്ച് 2023-24ൽ ജനസംഖ്യാനുപാതികമായി കേരളത്തിന് 72,500 കോടി രൂപയെങ്കിലും കിട്ടണം. തൻവർഷം എല്ലാംകൂടി കിട്ടിയത് 33,000 കോടി രൂപയോളമാണ്.
2025-26ൽ ആകെ വകയിരുത്തലിൽ അഞ്ചുലക്ഷം കോടിയോളം രൂപ വർദ്ധിക്കുമ്പോൾ ആനുപാതിക വർദ്ധനയായി 14,258 കോടി രൂപ സംസ്ഥാനത്തിന് അധികം കിട്ടണം. യഥാർത്ഥ വർദ്ധന വെറും 5000 കോടിയോളം രൂപയിൽ ഒതുങ്ങുമെന്നാണ് കണക്കുകളുടെ പ്രാഥമിക വിശകലനത്തിൽ വ്യക്തമാകുന്നത്. നിതി ആയോഗ് വിലയിരുത്തലുകളിലും സാമ്പത്തിക സർവെ റിപ്പോർട്ടിലുമൊക്കെ ഒട്ടേറെ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അംഗീകരിക്കുന്ന കേന്ദ്ര സർക്കാരാണ് ധന വിഹിതത്തിന്റെ കാര്യത്തിലും പൊതുവികസന കാഴ്ചപ്പാടിലും സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ആ സമീപനം അങ്ങേയറ്റം ദു:ഖകരവും പ്രതിഷേധാർഹവുമാണ്.
രാജ്യം പ്രതീക്ഷയോടെ നോക്കിയിരുന്ന കാർഷിക രംഗത്തടക്കമുള്ള വിഹിത വകയിരുത്തൽ കുറയുന്ന സ്ഥിതിയാണുള്ളത്. അടുത്ത സാമ്പത്തിക വർഷം ചെലവിൽ മൂന്നരലക്ഷം കോടിയുടെ വർദ്ധനയാണ് ബഡ്ജറ്റിൽ കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള വർദ്ധനപോലും പൊതുവിൽ ജനങ്ങളെയാകെ ബാധിക്കുന്ന മേഖലകളിൽ ഉണ്ടാകുന്നില്ല. വളം സബ്സിഡിയിൽ 3400 കോടി രൂപയും, വിള ഇൻഷ്വറൻസിന് 3600 കോടിയും കുറച്ചു. കാർഷിക മേഖല ഒന്നാമത്തെ 'ഗ്രോത്ത് എൻജിൻ" എന്ന് അവകാശപ്പെടുമ്പോഴാണ് ഈ വെട്ടിക്കുറയ്ക്കൽ എന്നതാണ് വിചിത്രം! പെട്രോളിയം സബ്സിഡി 2600 കോടി കുറച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നിലവിലെ വിഹിതത്തിൽനിന്ന് ഒരു രൂപ പോലും കൂട്ടിയിട്ടില്ല.
ആദായ നികുതിയിൽ അനല്പമായ സന്തോഷം പ്രകടിപ്പിക്കാനാണ് ബഡ്ജറ്റിൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി ഒഴിവ് അവകാശപ്പെടുമ്പോൾ, അതിനു മുകളിലെ സ്ലാബുകളിലെ നികുതി നിരക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. താഴേത്തട്ടിലുള്ള കുറച്ചു പേർക്ക് മാത്രമായിരിക്കും എന്തെങ്കിലും പ്രയോജനം. ഈ ഇളവ് ലഭിക്കുന്നതിന് പുതിയ സ്കീം തിരഞ്ഞെടുക്കേണ്ടി വരുന്ന നികുതിദായകന് ഭവന വായ്പാ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, ലഘുസമ്പാദ്യ പദ്ധതി നിക്ഷേപം, ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകൾ, ലൈഫ് ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയങ്ങൾ ഉൾപ്പെടെയുള്ള ഡിഡക്ഷനുകൾ ക്ലെയിം ചെയ്യാനുള്ള അവസരവും ഇല്ലാതാകുന്നു. ഫലത്തിൽ മധ്യവർഗക്കാർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ ഉതകുന്ന പ്രഖ്യാപനമല്ല ഇത്.
ലോക സാഹചര്യങ്ങൾ അതിവേഗം മാറുകയാണ്. അമേരിക്കയിൽ ഉൾപ്പെടെ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ സാമ്പത്തിക രംഗത്ത് പ്രവചനാതീതമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. അതിനനുസരിച്ച് നമ്മുടെ സമ്പദ്ഘടനയെ സ്വന്തം കാലിൽ ഉറപ്പിച്ചു നിറുത്തുകയാണ് ആവശ്യം. അതിന് ഉല്പാദനം, കൃഷി, സേവനം തുടങ്ങി അടിസ്ഥാന മേഖലകളിലൊക്കെ ഉയർന്ന വളർച്ചാ നിരക്ക് നേടേണ്ടതുണ്ട്. നമ്മുടെ മനുഷ്യ വിഭവശേഷി രാജ്യത്തിനകത്തുതന്നെ വിനിയോഗിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുകയും വേണം. അതിന് ഇന്ത്യയെ ഒന്നാകെ കണ്ടുള്ള നയസമീപനമാണ് വേണ്ടിയിരുന്നത്. അത് കേന്ദ്ര ബഡ്ജറ്റിൽ ഇല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |