
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ പ്രതീക്ഷിച്ചതുപോലെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചില്ലെങ്കിലും വികസനം ലക്ഷ്യം വച്ചുള്ള നിക്ഷേപ പദ്ധതികൾ സമൃദ്ധമായുണ്ട്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി വച്ചുനോക്കുമ്പോൾ ഒരു ധനമന്ത്രിക്കും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക സാദ്ധ്യവുമല്ല. നാടിന്റെ സമഗ്ര മുന്നേറ്റത്തിനുതകുന്ന പദ്ധതികളാവും ബഡ്ജറ്റ് ഉൾക്കൊള്ളുക എന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കേന്ദ്രത്തിന്റെ വിരുദ്ധ സാമ്പത്തിക സമീപനം നേരിടേണ്ടിവന്നിട്ടും പ്രതിസന്ധി അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന അവകാശവാദത്തിനും അദ്ദേഹം മുതിർന്നു. ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന 1.52 ലക്ഷം കോടി രൂപയുടെ വരുമാനം വിവിധ വകുപ്പുകൾക്കും മേഖലകൾക്കും വീതംവച്ചു നൽകുകയാണ് ചെയ്തത്.
പുതുതായി നിക്ഷേപ പദ്ധതികൾക്ക് ഊന്നൽ നൽകുമ്പോൾത്തന്നെ കോടതി ഫീസ് നിരക്കുകളും ചിലയിനം വാഹന നികുതികളും ഭൂമി കരം 50 ശതമാനം വർദ്ധിപ്പിച്ചതുമാണ് വരുമാന വർദ്ധനയ്ക്കായി ചെയ്തത്. ഇതിൽ നിന്നെല്ലാം 366 കോടി രൂപ മാത്രമാണ് അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കം പരിഗണിക്കുമ്പോൾ അധിക വിഭവ സമാഹരണത്തിന് വേറെയും മേഖലകൾ കണ്ടെത്താമായിരുന്നു. താമസിയാതെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്തവർഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുമാകാം ഇത്തരത്തിലൊരു നിരുപദ്രവ ബഡ്ജറ്റ് അവതരിപ്പിച്ച് ജനങ്ങളെ പ്രകോപിതരാക്കാതിരിക്കാൻ ധനമന്ത്രിയെ പ്രേരിപ്പിച്ചിരിക്കുക.
മുടങ്ങിക്കിടക്കുന്ന മൂന്നു ഗഡു ക്ഷേമപെൻഷൻ താമസിയാതെ നൽകുമെന്ന പ്രഖ്യാപനമല്ലാതെ പെൻഷൻ തുക വർദ്ധനയെക്കുറിച്ച് ധനമന്ത്രി ഒന്നും പറഞ്ഞില്ല. പെൻഷൻ വാങ്ങുന്ന 62 ലക്ഷത്തോളം പേർ ചെറിയ തോതിലുള്ള വർദ്ധനയെങ്കിലും പ്രതീക്ഷിച്ചിരുന്നതാണ്.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ആശ്വാസം പകരുന്ന ഡി.എ കുടിശ്ശിക പ്രശ്നത്തിലും പുതിയ ഡി.എ ഗഡു അനുവദിക്കുന്നതിലും ആശ്വാസകരമായ അറിയിപ്പ് മന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അതുപോലെ, പെൻഷൻ കുടിശ്ശികയും ഉടനെ ലഭ്യമാക്കും. ഡി.എ കുടിശ്ശികയുടെ ലോക്ക് ഇൻ പീരിയഡ് നീട്ടിക്കൊണ്ടുപോകില്ല. പുതുതായി ഒരു ഗഡു അനുവദിക്കുകയും ചെയ്യും. ജീവനക്കാർ പ്രതീക്ഷിച്ചിരുന്ന മറ്റ് ആവശ്യങ്ങളിൽ ഒരു സൂചന പോലും ധനമന്ത്രിയിൽ നിന്ന് ഉണ്ടായില്ല. പുതിയ ശമ്പള കമ്മിഷനെക്കുറിച്ചോ പങ്കാളിത്ത പെൻഷൻ പദ്ധതിയെക്കുറിച്ചോ മെഡിസെപ്പിനെപ്പറ്റിയോ ഒന്നും പ്രഖ്യാപനങ്ങളുണ്ടാകാതിരുന്നതിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി തന്നെയാകാം കാരണം.
കേരള മനസ്സാക്ഷിയെ ഉലച്ച വയനാട് ദുരന്തം മറികടക്കാൻ 750 കോടി രൂപയുടെ പുനരധിവാസ പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടലുകളിൽ 1,202 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ മേഖലകൾക്കുണ്ടായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഇതുവരെ സഹായമൊന്നും നൽകാത്തതിനാൽ 750 കോടി രൂപയുടെ പദ്ധതി സംസ്ഥാനം സ്വയം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്.
സംസ്ഥാനം അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറയുകയുണ്ടായി. പശ്ചാത്തല വികസന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള വികസന പദ്ധതികൾക്കാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. അതിവേഗ റെയിൽപ്പാത എന്ന ആശയം സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ വരിക തന്നെചെയ്യും. തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ഈ വർഷംതന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പുതിയൊരു കപ്പൽ നിർമ്മാണശാല തുടങ്ങാനുള്ള ആലോചന നടക്കുകയാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പുതിയ വ്യവസായ ഇടനാഴികൾ ഉയരുന്നത് വലിയ പുരോഗതി കൊണ്ടുവരും. നഗര ജനസംഖ്യ ഗണ്യമായി വർദ്ധിക്കുന്നതു പരിഗണിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോപൊളിറ്റൻ കൗൺസിലുകൾ നിലവിൽവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മെട്രോപൊളിറ്റൻ അതോറിട്ടി വരുന്നതിന്റെ മുന്നോടിയാകും ഇത്. മറ്റൊരു വെള്ളാനയായി മാറാതിരുന്നാൽ മതി.
പദ്ധതികളുടെ വലിയൊരു പ്രവാഹമായിരുന്നു രണ്ടര മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗത്തിൽ. സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ടൂറിസ്റ്റുകൾക്കായി ഹോം സ്റ്റേകളായി മാറ്റാനുള്ള പദ്ധതി പുതുമയുള്ളതാണ്. കെ- ഹോംസ് എന്നാകും ഇത് അറിയപ്പെടുക. ഫോർട്ട് കൊച്ചി, മൂന്നാർ, കുമരകം, കോവളം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ചാകും ഈ പദ്ധതി. തദ്ദേശസ്ഥാപനങ്ങൾക്ക് 10,431 കോടി രൂപ അനുവദിച്ചത് പ്രാദേശിക വികസനം ഉറപ്പാക്കാൻ പര്യാപ്തമാകും. എന്നാൽ ഇപ്പോൾ നടന്നതുപോലെ വർഷാവസാനമുള്ള പദ്ധതിവിഹിതം വെട്ടിനിരത്തലുണ്ടായാൽ ലക്ഷ്യം കൈവിട്ടുപോകും. തദ്ദേശ വിഹിതം വേണ്ടതുപോലെ വിനിയോഗിക്കുന്നതിൽ തുടർച്ചയായി വീഴ്ചയാണ് കണ്ടുവരുന്നത്. സാമ്പത്തിക വർഷാവസാനത്തിലും പകുതി പോലും ചെലവിടാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. കാരുണ്യ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 700 കോടി രൂപ ആശുപത്രികളുടെ കുടിശ്ശിക തീർക്കാൻപോലും മതിയാവുമെന്നു തോന്നുന്നില്ല.
പാലങ്ങൾക്കും റോഡുകൾക്കും 3061 കോടി, ലൈഫ് പദ്ധതിക്ക് 1160 കോടി, കാർഷിക മേഖലയ്ക്ക് 2278 കോടി, നെൽകൃഷി വികസനത്തിന് 150 കോടി, മത്സ്യമേഖലയ്ക്ക് 295 കോടി, കുടുംബശ്രീക്ക് 297 കോടി, കുട്ടനാട് വികസനത്തിന് 100 കോടി, വ്യവസായത്തിന് 1831 കോടി, വൈദ്യുതി വികസനത്തിന് 100 കോടി, സാങ്കേതിക സർവകലാശാലയ്ക്ക് 266 കോടി, ഉച്ചഭക്ഷണ പരിപാടിക്ക് 402 കോടി, ഭക്ഷ്യസുരക്ഷയ്ക്ക് 2063 കോടി എന്നിങ്ങനെ വിവിധ വകുപ്പുകൾക്ക്, ഉള്ളതുപോലെ വിഹിതം അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം പുതിയ പദ്ധതികൾ ഏറ്റെടുക്കാനോ വികസനം ഉറപ്പുവരുത്താനോ വിഹിതം മതിയാകുമെന്നു തോന്നുന്നില്ല. നഷ്ടം കൂട്ടി ഗിന്നസ് ബുക്കിൽ പണ്ടേ കയറിക്കൂടിയ കെ.എസ്.ആർ.ടി.സിക്കുമുണ്ട് കാര്യമായ തോതിൽ വിഹിതം. 178 കോടി രൂപ കൂടാതെ പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 100 കോടിരൂപകൂടി ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. രാജ്യത്തെമ്പാടും ഡീസൽ ബസുകൾ ഒഴിവാക്കിക്കൊണ്ടിരിക്കെ ഇവിടെ വാശിയോടെ അവ വാങ്ങിക്കൂട്ടുകയാണ്.
നടപ്പുവർഷത്തെ പദ്ധതി വിഹിതമായി 32,500 കോടിരൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. സാമ്പത്തിക ഞെരുക്കം മുറുകുമ്പോൾ വെട്ടുവീഴുന്നത് പദ്ധതി അടങ്കലിലാകുമെന്നതിനാൽ വിഹിതത്തിന്റെ വലിപ്പത്തിൽ വലിയ കാര്യമില്ല.
നഗരങ്ങളിൽ ഇടത്തരക്കാർക്കുവേണ്ടി വീടുകൾ നിർമ്മിക്കാൻ ഹൗസിംഗ് സൊസൈറ്റികൾ രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരുലക്ഷം വീടുകളാവും ഇപ്രകാരം ഉയർന്നുവരിക. ഏറെ വിവാദമായിക്കഴിഞ്ഞ കിഫ്ബി ടോൾ പിരിവിനെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശമൊന്നും കണ്ടില്ല. എന്നാലും കിഫ്ബിയെ സ്വന്തം നിലയിൽ വരുമാനം നേടുന്ന സ്ഥാപനമായി മാറ്റുമെന്ന സൂചനയിലൂടെ ലക്ഷ്യമിടുന്നത് ടോൾ പിരിവു തന്നെയാണ്.
ശമ്പളം, പെൻഷൻ, പലിശ എന്നീ മൂന്നു കാര്യങ്ങൾക്ക് വരുമാനത്തിന്റെ 65 ശതമാനവും മുടക്കേണ്ടിവരുമ്പോൾ വികസന പദ്ധതികൾ ഉൾപ്പെടെ മറ്റാവശ്യങ്ങൾക്ക് നീക്കിയിരിപ്പ് അധികമൊന്നും കാണില്ല. ക്ളിപ്ത വരുമാനക്കാരനായ കുടുംബനാഥനെപ്പോലെ പിശുക്കി ചെലവാക്കുക എന്ന ഒറ്റവഴിയേ ഉള്ളൂ. ധനമന്ത്രി ശ്രമിച്ചിരിക്കുന്നതും അതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |