SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

കേരള യൂണിവേഴ്സിറ്റിയിലെ 'വിഴിഞ്ഞം' കോഴ്‌സുകൾ

vizhinjam

പൊതുവായ വിവരങ്ങൾ മാത്രം പഠിച്ച് ബിരുദം നേടുന്നവർക്ക് തൊഴിൽ മാർക്കറ്റിൽ അവസരങ്ങൾ കുറവാണ്. എന്നാൽ ഒരു പ്രത്യേക തൊഴിലിനുള്ള വൈദഗ്ദ്ധ്യം പഠനത്തിലൂടെ നേടുന്നവർക്ക് ആ രംഗത്ത് ജോലി ലഭിക്കാൻ സാദ്ധ്യത കൂടുതലായിരിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മുന്നിൽക്കണ്ട് കേരള യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകൾ തുടങ്ങാനുള്ള നീക്കം കാലോചിതവും പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകുന്നതുമാണ്. വിഴിഞ്ഞം തുറമുഖം ഘട്ടംഘട്ടമായാണ് പൂർത്തിയാവുക. അതിനാൽ ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിൽ ഓരോ വർഷം കഴിയുന്തോറും തൊഴിലവസരങ്ങൾ കൂടി വരുമെന്നല്ലാതെ കുറയാൻ പോകുന്നില്ല. മിക്കവാറും ഈ ജോലികളെല്ലാം പ്രത്യേക വൈദഗ്ദ്ധ്യങ്ങൾ ആവശ്യപ്പെടുന്നതായിരിക്കും. അതിനു യോഗ്യതയുള്ളവർ നാട്ടിൽ ലഭ്യമല്ലെങ്കിൽ ആ അവസരങ്ങൾ അന്യസംസ്ഥാനങ്ങളിൽ ഉള്ളവർക്കാവും തരമാകുക.

ലോജിസ്റ്റിക് ഹബുകൾ, വെയർഹൗസുകൾ, വ്യവസായ ക്ളസ്റ്ററുകൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കാൻ നമ്മുടെ ബിരുദ പഠനം പോരാ. അതിനാൽ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകൾ പഠിക്കുന്നവർക്ക് നാട്ടിൽത്തന്നെ മികച്ച ശമ്പളമുള്ള ജോലി ലഭിക്കാൻ വിഴിഞ്ഞം തുറമുഖം വഴിയൊരുക്കും. ഈ സാദ്ധ്യത കേരള യൂണിവേഴ്സിറ്റിക്കൊപ്പം കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും നവീന തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താനുള്ള അവസരമാക്കി മാറ്റേണ്ടതാണ്. പ്രത്യേകിച്ചും,​ പഠനത്തിനും തൊഴിലിനുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന ഈ കാലഘട്ടത്തിൽ അത് ആവശ്യമാണ്. ഇതുൾപ്പെടെ മുൻകൂട്ടി കണ്ടാവും കേരള യൂണിവേഴ്സിറ്റി പ്ളസ് ടു കഴിഞ്ഞവർക്കും ചേരാവുന്ന വിധത്തിൽ 'വിഴിഞ്ഞം" കോഴ്‌സുകൾ തുടങ്ങാനൊരുങ്ങുന്നത്.

ഇത്തരം കോഴ്സുകൾക്ക് നല്ല മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അതിന്റെ ഭാഗമായി തൊഴിലും അതിനാവശ്യമായ വൈദഗ്ദ്ധ്യവും സംബന്ധിച്ച് വിഴിഞ്ഞം തുറമുഖ കമ്പനിയായ 'വിസിലി"ൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിലബസ് തയ്യാറാക്കുമെന്നാണ് ഞങ്ങൾ ഇന്നലെ ഒന്നാം പേജിൽ നൽകിയ,​ 'കേരള യൂണിവേഴ്സിറ്റിയിൽ വിഴിഞ്ഞം കോഴ്‌സുകൾ" എന്ന തലക്കെട്ടിൽ എം.എച്ച്. വിഷ്ണു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. കാര്യവട്ടത്തെ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലായിരിക്കും സാങ്കേതിക ഡിപ്ളോമാ കോഴ്‌സുകൾ ആരംഭിക്കുക. തുറമുഖ വിദഗ്ദ്ധരെ പ്രൊഫസർ ഒഫ് പ്രാക്ടീസ് പദവിയിൽ അദ്ധ്യാപകരാക്കും. വിദ്യാർത്ഥികൾക്ക് തുറമുഖത്ത് ഇന്റേൺഷിപ്പിനും സൗകര്യമൊരുക്കുമെന്നാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ അറിയിച്ചത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിലും ഫീസിലും പ്രത്യേക പരിഗണന നൽകുന്നതും ഉചിതമായിരിക്കും.

ഒന്നോ രണ്ടോ വർഷത്തിനകം പഠനം പൂർത്തിയാക്കാവുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളാണ് തുടക്കത്തിൽ ആലോചിക്കുന്നത്. ദേശീയ റാങ്കിംഗിൽ രാജ്യത്ത് ഒമ്പതാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കുമുള്ളതിനാൽ കേരള യൂണിവേഴ്സിറ്റിക്ക് കോഴ്സുകൾ യഥേഷ്ടം ആരംഭിക്കാം. ലോജിസ്റ്റിക്, പോർട്ട് മാനേജ്‌മെന്റ്, കാർഗോ ഹാൻഡ്‌ലിംഗ്, ടാക്സ് പ്രാക്ടീസ്, ഡാറ്റാ മാനേജ്‌മെന്റ്, ഓട്ടോമേഷൻ, തുറമുഖ സുരക്ഷ തുടങ്ങിയ കോഴ്സുകളാവും ആദ്യം തുടങ്ങുക. ഇത്തരം വൻകിട തുറമുഖങ്ങളിൽ നിലവിൽ ഏതുതരം ജോലികളാണ് എന്നതിനെക്കുറിച്ച് വിശദമായി വിലയിരുത്തിയതിനു ശേഷം വേണം കോഴ്സുകൾ തുടങ്ങാൻ. ഒപ്പം,​തുറമുഖത്ത് നേരിട്ട് ജോലി ലഭിച്ചില്ലെങ്കിലും അനുബന്ധമായി ചെറുകിട സ്വകാര്യ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തമാക്കുന്ന കോഴ്സുകൾക്കും മുൻഗണന നൽകണം. തൊഴിൽ നൽകാൻ പര്യാപ്തമല്ലാത്ത കോഴ്‌സുകളിൽ ഭാവിയിൽ വിദ്യാർത്ഥികൾ താത്പര്യം കാണിക്കില്ല. ഇതു കണക്കാക്കി നിലവിലുള്ള മറ്റ് കോഴ്സുകളിൽ മാറ്റം വരുത്തുന്ന കാര്യവും സർവകലാശാലകൾ പരിഗണിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION