
സംസ്ഥാനത്ത് നിലവിലുള്ള 13,872 റേഷൻകടകളിൽ പ്രതിസന്ധി നേരിടുന്ന 3872 കടകൾ പൂട്ടണമെന്ന് റേഷൻകടകളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശ ചെയ്തിരിക്കുന്നു. റേഷൻ കടക്കാർ വേതന പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കുറച്ചുകാലമായി പ്രതിഷേധത്തിലും സമരത്തിലുമൊക്കെയാണ്. കാർഡുകൾ കുറവായ കടകൾക്ക്, നിന്നുപിഴയ്ക്കാൻ മതിയായ വക കിട്ടുന്നില്ലെന്നാണ് കടക്കാരുടെ പ്രധാന പരാതി. ഈ പ്രതിസന്ധി മറികടക്കാൻ റേഷൻ കടകളുടെ എണ്ണം കുറച്ച് കൂടുതൽ ആളുകൾ എത്തത്തക്കവിധം കടകൾ പുനഃക്രമീകരിക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാർശ. നിലവിലുള്ള റേഷൻകടകളിൽ 15 ക്വിന്റലിൽ താഴെ മാത്രം ധാന്യവിതരണം നടക്കുന്ന 85 കടകളുണ്ടെന്നാണ് കണക്ക്. ഇവ കൂടുതലും തെക്കൻ ജില്ലകളിലാണ്. ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന കടകൾ ധാരാളമുള്ള സ്ഥിതിക്ക് പുതിയ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയിലുണ്ട്.
സ്ഥലസൗകര്യമുള്ള റേഷൻകടകളിലെല്ലാം റേഷൻ സാധനങ്ങൾക്കു പുറമെ കെ - സ്റ്റോറിലെ ഉത്പന്നങ്ങൾ വിൽക്കാൻ സൗകര്യം നൽകുക, ഇങ്ങനെ പരിവർത്തനം ചെയ്യുന്ന റേഷൻകടകൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുമതി നൽകുക, കെ - സ്റ്റോറായി മാറ്റുന്ന റേഷൻകടകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക തുടങ്ങിയ നടപടികളിലൂടെ റേഷൻകടകൾ കൂടുതൽ ലാഭകരമാക്കാൻ സാധിക്കും. ജനങ്ങൾക്കും വലിയ സഹായമാകും അത്. എല്ലാ റേഷൻകടകളിലും 800 കാർഡുകൾ എന്ന നിലയിൽ പുനഃക്രമീകരിക്കുകയാണെങ്കിൽ ഒരു കടയുടമയ്ക്കും നഷ്ടമുണ്ടാകില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. ഇങ്ങനെ ചെയ്യുമ്പോഴാണ് കടകളിൽ 3872 എണ്ണം പൂട്ടേണ്ടിവരുന്നത്. ഇത്തരത്തിലൊരു നിർദ്ദേശത്തിന് റേഷൻ കടയുടമകളും അവരുടെ സംഘടനകളും എത്രത്തോളം അനുകൂലമാണെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ പുതിയ നിർദ്ദേശം പുതിയൊരു സമരം ക്ഷണിച്ചുവരുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയുടെ വിതരണ വില വർദ്ധിപ്പിച്ചാൽ കടക്കാരുടെ വരുമാനം വർദ്ധിക്കും. ഇപ്പോൾ പരിമിതമായാണ് ഇവയുടെ വിതരണം. ഉയർന്ന വരുമാനക്കാർക്ക് റേഷൻ പഞ്ചസാരയും റേഷൻകടകളിലൂടെ നൽകുന്നില്ല. മണ്ണെണ്ണ ഒഴിച്ചുകൂടാനാവാത്ത വസ്തുവായതിനാൽ അത് എല്ലാ കാർഡുകാർക്കും കുറഞ്ഞ അളവിലെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യം വളരെ നാൾ മുന്നേ ഉള്ളതാണ്. എന്നാൽ മണ്ണെണ്ണ ക്വാട്ട സമയത്ത് എടുക്കാതെ നഷ്ടപ്പെട്ടാലും അത് ഏറ്റെടുത്ത് വിതരണം ചെയ്യാൻ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടി എടുക്കുന്നില്ല.
റേഷൻകടകൾ സംസ്ഥാനത്തെ ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട സംവിധാനമായി മാറിക്കഴിഞ്ഞതിനാൽ അവിടെ കൊണ്ടുവരുന്ന ഏതു പരിഷ്കാരവും വേണ്ടത്ര അവധാനതയോടെ ആലോചിച്ചു മാത്രമേ നടപ്പാക്കാവൂ.
റേഷൻകടകളിൽ ക്രമക്കേടു തടയാൻ ഇക്കാലത്ത് മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥന്മാരുമായി കൂട്ടുചേർന്ന് അല്ലറചില്ലറ ക്രമക്കേടുകൾ നടത്തി അതിലൂടെ നേടുന്ന വരുമാനമാണ് കട നടത്തിപ്പിലെ നഷ്ടം ഇല്ലാതാക്കിയിരുന്നത്. ഇന്ന് സ്ഥിതി മാറി. എല്ലാം നോക്കാനും തെറ്റുകൾ കണ്ടുപിടിക്കാനും ഏർപ്പാടുകളുണ്ട്. അതുകൊണ്ടുതന്നെ വിറ്റഴിക്കുന്ന റേഷൻ സാധനങ്ങൾ അടിസ്ഥാനമാക്കി മാത്രമേ ലാഭനഷ്ടങ്ങൾ നിശ്ചയിക്കാനാവൂ. കട വാടക, ജോലിക്കാരന്റെ വേതനം, പല തരത്തിലുള്ള പിരിവുകൾ എന്നിവയൊക്കെ കിഴിച്ചാൽ കടയുടമയ്ക്കു ലഭിക്കുക തുച്ഛ വരുമാനമാകും. കച്ചവടം മതിയാക്കാൻ വിഷമമുള്ളതുകൊണ്ടു മാത്രമാണ് പലരും മുന്നോട്ടുകൊണ്ടുപോകുന്നത്. സാധാരണക്കാരെയും പാവപ്പെട്ടവരെയും അന്നമൂട്ടുന്ന വലിയൊരു സാമൂഹ്യക്ഷേമ പ്രവർത്തനമാണ് റേഷൻകടക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അവർക്ക് ഗുണകരമായ നടപടികൾ മാത്രമേ സർക്കാരിൽ നിന്ന് ഉണ്ടാകാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |