
പരമ്പരാഗതമായ ആചാരങ്ങളെ പൊതുവെ എല്ലാവരും മാനിക്കാറുണ്ട്. സമൂഹത്തിന് ദോഷകരമല്ലാത്ത ആചാരങ്ങൾ വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നുപോരികയും ചെയ്യുന്നുണ്ട്. ഇതിൽത്തന്നെ ക്ഷേത്രത്തിന്റെ അധികാരസ്ഥാനത്തും ഭാരവാഹി സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർ കൂട്ടായി പല പഴയ ആചാരങ്ങളിലും കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ സാരി നിർബന്ധമായിരുന്നതു മാറ്റി, ചുരിദാർ ധരിച്ചവരെയും പ്രവേശിപ്പിക്കാൻ അനുവദിച്ചത് കാലോചിതമായ ഒരു തീരുമാനം തന്നെയാണ്. അത് ഇനിയും അനുവദിക്കാത്ത ക്ഷേത്രങ്ങളുമുണ്ട്. അതിൽ മാറ്റം വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോടതികളല്ല. മറിച്ച് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. അതേസമയം, അപരിഷ്‌കൃതവും ഹിംസാത്‌മകവുമായ ചടങ്ങുകൾ വിശ്വാസത്തിന്റെ പേരിൽ നടത്തിയാൽ കോടതിക്ക് ഇടപെടാം.
വിശ്വാസത്തിന്റെ പേരിൽ പുരാതന കാലങ്ങളിൽ നരബലി നടന്നിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. അത് ഒരു ആചാരമായി തുടരണമെന്ന് ഈ പരിഷ്‌കൃത സമൂഹത്തിൽ ആർക്കും ആവശ്യപ്പെടാനാകില്ല. അതുപോലെ തന്നെ നാട്ടിൽ ക്രമസമാധാനപ്രശ്നങ്ങൾക്കും അക്രമത്തിനും ഇടയാക്കുന്ന ആചാരങ്ങൾ തടയാൻ പൊലീസിനും അധികാരമുണ്ട്. മനുഷ്യന്റെ ആദ്ധ്യാത്മികമായ പുരോഗതിക്കുവേണ്ടി മനുഷ്യൻ തന്നെ രൂപം നൽകിയിട്ടുള്ളതാണ് ആചാരങ്ങൾ. കാലപ്രവാഹത്തിൽ അതിൽ മാറ്റം വരുത്താൻ മനുഷ്യനു തന്നെയാണ് അവകാശം. മൃഗബലിക്കു പകരം കുമ്പളങ്ങ മുറിച്ചാൽ മതി എന്നതിലേക്ക് ആചാരങ്ങൾക്ക് പരിവർത്തനമാകാം. ഈ ആധുനിക കാലത്തും രാജ്യത്തെ ചുരുക്കം ചില ആരാധനാലയങ്ങളിൽ ജുഗുപ്‌സയുളവാക്കുന്ന ചില ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതുപോലുള്ളവയെ ആചാരമെന്നല്ല, അനാചാരമെന്നു തന്നെയാണ് വിളിക്കേണ്ടത്.
ഇത്തരമൊരു അനാചാരമാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരോധിച്ചത്. തമിഴ്‌നാട് കരൂരിലെ സദാശിവ ബ്രഹ്മേന്ദ്രാർ ജീവസമാധിയിൽ എച്ചിലുകൾക്കു മുകളിലൂടെ ഭക്തജനങ്ങൾ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമാണ് കോടതി വിലക്കിയത്. മനുഷ്യന്റെ അന്തസിനും ആരോഗ്യത്തിനും ഹാനികരമാണ് ഈ ആചാരമെന്നു ചൂണ്ടിക്കാട്ടിയാണ് അംഗപ്രദക്ഷിണം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ആചാരം വിലക്കിയത്. ഇതുപോലുള്ള ആചാരങ്ങളുടെ കാഴ്ച മനുഷ്യനിൽ ദിവ്യബോധം സൃഷ്ടിക്കാൻ ഒരിക്കലും ഉതകുന്നതല്ല. ആരാധനാ സ്വാതന്ത്ര്യം എന്ന പേരിൽ എന്തും ആചരിക്കാൻ ആർക്കും കഴിയില്ല. എല്ലാത്തിനും സമൂഹത്തിൽ ഒരു പരിധിയുണ്ട്. അത് സ്വാതന്ത്ര്യത്തിന്റെ പേരിൽ ലംഘിക്കപ്പെടാൻ തുടങ്ങിയാൽ മനുഷ്യന്റെ സ്വൈരജീവിതം തകരാനേ ഇടയാക്കൂ.
ആരാധനാസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ ഹർജിയിൽ കഴിഞ്ഞ വർഷം സിംഗിൾ ബെഞ്ച് അംഗപ്രദക്ഷിണത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ ജില്ലാ ഭരണകൂടം നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതുപോലെ തന്നെ പത്തുവർഷം മുൻപ് ഈറോഡ്, സേലം ഭാഗങ്ങളിൽ ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടന്നിരുന്ന 'ആടൽ പാടൽ" പരിപാടിക്ക് മതപരമായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആദ്യം അനുമതി നൽകിയെങ്കിലും, ജില്ലാ പൊലീസ് മേധാവി നൽകിയ അപ്പീലിൽ അതേ ജഡ്‌ജി തന്നെ അനുമതി നിഷേധിക്കുകയുണ്ടായി. 'ആടൽ പാടൽ" പരിപാടിയുടെ വീഡിയോ ദൃശ്യം കണ്ടതിനു ശേഷമാണ് ഇതിന് അനുമതി നൽകിയതിൽ താൻ ഖേദിക്കുന്നുവെന്നും, ഇത് നിരോധിക്കുകയാണെന്നും ജഡ്‌ജി ഉത്തരവിട്ടത്. അൽപ്പവസ്‌ത്രധാരികളായി സ്‌ത്രീകളും യുവാക്കളുമെല്ലാം ചേർന്ന് മദ്യപിച്ച് കൂത്താടുന്ന ആഭാസ നൃത്തമാണ് 'ആടൽ പാടൽ" പരിപാടിയുടെ പേരിൽ നടന്നുവന്നിരുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അനാചാരങ്ങൾ നിരോധിക്കപ്പെടേണ്ടവ തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |