
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് പ്രമാണം. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന്
പറയുന്നതു പോലെയാണ് അത്. തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് പടിക്കൽ മഴയും വെയിലുമേറ്റും, വിശപ്പു സഹിച്ചും ആശാ പ്രവർത്തകരായ അമ്മമാരും സഹോദരിമാരും നടത്തുന്ന സഹന സമരം നാൽപ്പത് നാൾ പിന്നിടുമ്പോഴും സംസ്ഥാന സർക്കാരിന്റെ മനസലിയുന്നില്ല. അവകാശ സമരങ്ങളിലൂടെ വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സർക്കാർ രണ്ടാം ഊഴത്തിന്റെ നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴും തുച്ഛമായ പ്രതിഫലം പറ്റി ജീവിക്കുന്ന ആശമാരുടെ സമരം കണ്ട മട്ടില്ല!
ഭരണപക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് പരിഹാസം. ബക്കറ്റ് പിരിവിലൂടെ ലക്ഷങ്ങൾ പുഷ്പംപോലെ പിരിച്ചെടുക്കുന്ന സഖാക്കൾക്ക് ആശമാരുടെ ചില്ലറ പാട്ടപ്പിരിവിനോട് പുച്ഛം! ഭരണത്തിന്റെ തണലിൽ നേടിയ സമ്പത്തിന്റെയും ആർഭാടത്തിന്റെയും ചില്ലുമേടകളിലിരുന്ന് അവർ പാവങ്ങളുടെ സമരത്തിനുനേരേ
കല്ലെറിയുകയാണെന്നാണ് ആക്ഷേപം. 'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്"എന്ന കടമ്മനിട്ടക്കവിതയിലെ വരികളാണ് അവരെ പ്രതിപക്ഷവും സമരക്കാരും ഓർമ്മപ്പെടുത്തുന്നത്. ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് പറയുമ്പോഴും, എസ്.യു.സി.ഐ നേതൃത്വം നൽകുന്ന സമരത്തെ സർക്കാർ തള്ളിപ്പറയുന്നതിനു പിന്നിൽ ദുരഭിമാനമാണെന്നാണ് ആക്ഷേപം.
ആശമാർ സഹികെട്ട് മൂന്നുനാലു ദിവസം മുമ്പാണ് നിരാഹാര സമരം തുടങ്ങിയത്. അതിനു തലേന്ന് പെട്ടെന്ന് സർക്കാർ
യന്ത്രം അനങ്ങി. സമരക്കാരുടെ നേതാക്കളുമായി ചർച്ച .ആദ്യം ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറുമായി. പിന്നാലെ, ആരോഗ്യമന്ത്രി വീണാ ജോർജുമായി. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും മറ്റും പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്ന 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുണണി പ്രകടനപത്രികയിലെ വാഗ്ദാനം സമര നേതാക്കൾ എടുത്തുകാട്ടി. ഒക്കെ ശരിതന്നെ. പക്ഷേ, അതിന് പണം വേണ്ടേ എന്നായി മറുപടി.
വേണ്ടപ്പെട്ടവരുടെ കാര്യങ്ങളിൽ മാത്രം ഉദാരമതി, അല്ലാത്തവരുടെ കാര്യങ്ങളിൽ 'പാപ്പരുപുള്ളി." സർക്കാർ കൈമലർത്തി. ചർച്ച അലസിപ്പിരിഞ്ഞു. സമരപ്പന്തലിൽ കൂട്ട നിലിവിളി. ചാനൽ വാർത്ത കേട്ട് വീണ്ടും ആശമാരുടെ മനസിൽ ആശ പൂത്തു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി ആശമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ഉടനെ ഡൽഹിക്കു പറക്കുന്നു! വീണാ ജോർജ് ആകട്ടെ, വാർത്ത നിഷേധിച്ചതുമില്ല. ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിൽ പറഞ്ഞതുമാണ്. സമരം വിജയിച്ചതു തന്നെയെന്ന് ആ പാവങ്ങൾ ആനന്ദിച്ചു.
പക്ഷേ, ഡൽഹിയിലെത്തിയ മന്ത്രി വീണാ ജോർജ് കണ്ടത് കേന്ദ്ര മന്ത്രി നദ്ദയെയല്ല, ക്യൂബൻ ഉപ പ്രധാനമന്ത്രിയെ!പിന്നീടല്ലേ പൂച്ച് പുറത്തായത്. ക്യൂബയുടെ ആതിഥ്യം സ്വീകരിക്കാനും അവരുമായി ചർച്ച നടത്താനുമായിരുന്നു ഡൽഹി ദൗത്യം. കുറ്റം പറയരുതല്ലോ; മടങ്ങാൻ നേരത്ത് നദ്ദയുടെ ഓഫീസുമായും ഒന്ന് മുട്ടാതിരുന്നില്ല. പക്ഷേ, സംസ്ഥാന മന്ത്രിയായാലും കേന്ദ്ര മന്ത്രിയെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങണമല്ലോ. വീണാ ജോർജിനെ കാണാൻ നദ്ദ കൂട്ടാക്കിയില്ലെന്ന് ഇതിനിടെ വാർത്ത പ്രചരിച്ചു. വൈകിയാണ് അപേക്ഷ കിട്ടിയതെന്നും അടുത്തയാഴ്ച കാണാമെന്ന് സമ്മതിച്ചെന്നും പിന്നാലെ നദ്ദയുടെ ഓഫീസ് അറിയിച്ചു.
ഡൽഹിയിലെ മാദ്ധ്യമങ്ങൾക്കായി പിന്നെ കുറ്റം! തന്നെയും പാർട്ടിയേയും മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്നായി മന്ത്രി വീണാ ജോർജ്. ക്യൂബൻ സംഘത്തെ കാണാനാണ് മന്ത്രി ഡൽഹിയിൽ പോയതെന്ന് എം.വി. ഗോവിന്ദൻ മാഷ് വെളിപ്പെടുത്തി. ആശമാരുടെ പേരുപറഞ്ഞ് സർക്കാർ ചെലവിൽ ഡൽഹിയാത്ര നടത്തിയ മന്ത്രി വീണാ ജോർജ് വഞ്ചനയുടെ ആൾരൂപമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആശമാർ വീണ്ടും നിരാശയായി. അടുത്തയാഴ്ച ഡൽഹിയിൽ നദ്ദയുമായി നടക്കുമെന്നു പറയുന്ന ചർച്ചയിലാണ് ഇനി അവരുടെ ആശ! ഓണറേറിയം ആദ്യം കൂട്ടേണ്ട കേന്ദ്ര സർക്കാരും ഉരുണ്ടുകളിക്കുന്നു.
തമിഴ്നാട്ടുകാരിയായ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിൽ
കേരളം എന്ന വാക്ക് ചേർക്കാൻ വിട്ടു പോയി. പക്ഷേ, അവർ കേരളത്തെ ഇങ്ങനെ അപമാനിക്കുമെന്ന്
കരുതിയില്ല. അതും, ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി സഖാവ് ഒരുക്കിയ പ്രഭാത വിരുന്നിൽ ഗവർണർ ആർലേക്കർക്കൊപ്പം പങ്കെടുത്ത് മുക്കാൽ മണിക്കൂർ 'രഹസ്യ" ചർച്ച നടത്തി പിരിഞ്ഞതിന്റെ പിറ്റേദിവസം! കൊടുംചതിയെന്ന് സഖാക്കൾ. അറിയപ്പെടുന്ന ആർ.എസ്.എസുകാരനായ ആർലേക്കറെയും കൂട്ടി കേന്ദ്ര മന്ത്രി കേരള മുഖ്യമന്ത്രിയുടെ സത്കാരത്തിൽ ഇങ്ങോട്ടുവന്ന് പങ്കെടുത്തതിന്റെ ഞെട്ടലിൽ നിന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇനിയും മുക്തരായിട്ടില്ല.
ഈ പ്രാതൽ ചർച്ച ബി.ജെ.പി- സി.പി.എം രഹസ്യബാന്ധവത്തിന്റെ തുടർച്ചയാണെന്നാണ് കെ.സുധാകരനും,വി.ഡി. സതീശനും പറയുന്നത്. അതിനിടയ്ക്കാണ്, രാജ്യസഭയിൽ കേരളത്തിനെതിരായ നിർമ്മലയുടെ ചാട്ടുളി പ്രയോഗം. 'നോക്കുകൂലി കമ്മ്യൂണിസം" കേരളത്തിലെ വ്യവസായത്തെ തകർത്തുവെന്നാണ് ആരോപണം. പിണറായി സർക്കാരിന്റെ കഴിഞ്ഞ ഒമ്പതുവർഷത്തെ ഭരണത്തിൽ കേരളം വ്യവസായരംഗത്ത് വിസ്മയം സൃഷ്ടിച്ചതു കണ്ട് കോൺഗ്രസുകാരനായ ശശി തരൂർ എം.പി പോലും മൂക്കത്തു വിരൽവച്ച് അത്ഭുതം കൂറുമ്പോഴാണിത്.
കേരളത്തിലെ നോക്കുകൂലി എന്താണെന്ന് നിർമ്മല വിശദീകരിച്ചു. 'ഓരോ സ്ഥലത്തും ജോലിയുണ്ടോ എന്നു നോക്കി, സി.പി.എം കാർഡുള്ളവർ കാത്തിരിക്കും. വാഹനത്തിൽ നിന്ന് സാധനം ഇറക്കാൻ 50 രൂപയാണ് കൂലിയെങ്കിൽ 100 രൂപ നൽകണം. ബാക്കി 50 രൂപ നോക്കുകൂലിയാണ്. യഥാർത്ഥ ആൾ സാധനം ഇറക്കുന്ന ജോലി ചെയ്യുമ്പോൾ, പാർട്ടി കാർഡുള്ളയാൾ അത് നോക്കി നിൽക്കുന്നതിന് കിട്ടുന്നതാണ് നോക്കുകൂലി. ഈ കമ്മ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തത്." അങ്ങനെ കേരളത്തിലെ നോക്കുകൂലി എന്താണെന്ന് മറ്റു സംസ്ഥാനക്കാരായ എം.പിമാർ കൂടി അറിഞ്ഞു. തൊലിയുരിഞ്ഞത് കേരളത്തിൽ നിന്നുള്ള എം.പിമാർക്കും.
വിശ്വപൗരനെന്ന് നേരായും കളിയാക്കിയുമൊക്കെ കോൺഗ്രസുകാർ വിളിക്കുന്ന ശശി തരൂർ രണ്ടും കൽപ്പിച്ചു തന്നെ.
രാഹുൽ ഗാന്ധിയെ അൽപ്പമെങ്കിലും ഭയമുണ്ടെങ്കിൽ അദ്ദേഹം വീണ്ടും മോദിക്ക് സ്തുതി പാടുമായിരുന്നോ? അമേരിക്കയിൽ രണ്ടാമൂഴം പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ് ഒരുമാസത്തിനകം അവിടെയെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിനാണ് മോദിയെ തരൂർ ആദ്യം പുകഴ്ത്തിയത്. അതുകേട്ട് വി.ഡി. സതീശനും കെ, മുരളീധരനും മറ്റും വല്ലാതെ ചൊറിഞ്ഞു കയറിയതാണ്. ഹൈക്കമാൻഡ് ഇടപെട്ടാണ് ആ ചൊറിച്ചിൽ മാറ്റിയത്.
പിന്നീട് ഡൽഹിയിൽ രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്സ് ആക്കിയതാണ്. ഇനി ഇതാവർത്തിച്ചാൽ നടപടിയെന്ന് താക്കീത് നൽകിയതായും കേട്ടു. പക്ഷേ തതൂരിന് കുലുക്കമില്ല. മാസങ്ങളായി പരസ്പരം യുദ്ധം ചെയ്യുന്ന റഷ്യയുടെയും യുക്രെയിന്റെയും പ്രസിഡന്റുമാരെ രണ്ടാഴ്ചത്തെ ഇടവേളയിൽ ആലിംഗനം ചെയ്യാൻ സാധിച്ച ലോകത്തെ ഏക പ്രധാനമന്ത്രിയെന്നാണ് മോദിയെ തരൂർ പ്രശംസിച്ചത്. മോദിക്കും കൂട്ടർക്കും അത് നന്നേ സുഖിച്ചു. പക്ഷേ, കോൺഗ്രസിന്റെ കാര്യമോ?കേരള നേതാക്കൾക്ക് മൗനം. ഹൈക്കമാൻഡിന് തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ!
നുറുങ്ങ്:
ആശമാരുടെ ഓണറേയിയം കേന്ദ്ര സർക്കാർ കൂട്ടാതിരുന്നിട്ടും സമരപ്പന്തലിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ 'മണിമുറ്റത്താവണിപ്പന്തൽ..." എന്ന സിനിമാഗാനം പാടിയെന്ന് മന്ത്രി ആർ. ബിന്ദു.
@മ ന്ത്രി ബിന്ദുവോ മന്ത്രി വീണയോ സമരപ്പന്തലിൽ എത്തിയിരുന്നെങ്കിൽ 'തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ" എന്ന്
പാടുമായിരുന്നുവെന്ന് ആശമാർ!
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |