SignIn
Kerala Kaumudi Online
Thursday, 22 October 2026 10.03 PM IST

മേലധികാരികൾ കണ്ണും കാതും ഉള്ളവരാകണം

READ ENGLISH VERSION
a

സർക്കാർ കാര്യങ്ങൾക്ക് ചില അവസരങ്ങളിൽ കണ്ണും കാതും കാണുകയില്ല. ഉത്തരവ് ഇട്ടുകഴിഞ്ഞാൽ അത് നടപ്പാക്കുകയേ മാർഗമുള്ളൂ. അതുപോലെ ഒരു തീരുമാനമാണ് ആലപ്പുഴ കളക്ടറേറ്റിലെ ഇൻഷ്വറൻസ് ഓഫീസർ രൂപേഷിന്റെ കാര്യത്തിൽ സംഭവിച്ചത്. കളക്ടറേറ്റിലെ റവന്യു റിക്കവറി ഓഫീസിൽ നിന്ന് രൂപേഷിനെ സ്ഥലംമാറ്റിയത് ലിഫ്റ്റോ മറ്റു സൗകര്യമോ ഇല്ലാത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള

ജില്ലാ ഇൻഷ്വറൻസ് ഓഫീസിലേക്കായിരുന്നു. സംസ്ഥാനത്തെ ആദ്യ ബാച്ച് കെ.എ.എസ് ഉദ്യോഗസ്ഥനായ രൂപേഷ് അന്ധതയെ തോൽപ്പിച്ചാണ് കെ.എ.എസ് പാസായത്. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിൽത്തന്നെ ഒരു വർഷം മുൻപാണ് കളക്ടറേറ്റിൽ റവന്യു റിക്കവറി ഓഫീസറായി നിയമനം ലഭിച്ചത്. കളക്ടറേറ്റിൽ ലിഫ്റ്റ് സൗകര്യമുള്ളതുകൊണ്ട് വരവും പോക്കും എളുപ്പമായിരുന്നു. അങ്ങനെയിരിക്കവെയാണ് ഇപ്പോൾ സ്ഥലംമാറ്റം ഉണ്ടായത്.

ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനായ രൂപേഷിന്റെ സ്ഥലംമാറ്റത്തിൽ സംഘടനകളും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. 'കേരളകൗമുദി"യിലും രൂപേഷിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെയാണ് അധികൃതർക്കും ബോധോദയമുണ്ടായത്. രൂപേഷിന് ഭിന്നശേഷി സൗഹൃദമായ ഓഫീസ് ഒരുക്കാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ടായി. മൂന്നാം നിലയിലെ ഇപ്പോഴത്തെ ഓഫീസിൽ നിന്നുള്ള മോചനം, കണ്ണും കാതുമില്ലാത്ത സ്ഥലംമാറ്റ ഉത്തരവ് പാസാക്കിയ ഉന്നത ഉദ്യോഗസ്ഥന്മാർക്കും ഭാവിയിൽ ഒരു പാഠമാകേണ്ടതാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ സർക്കാർ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ വ്യവസ്ഥകളൊക്കെ മറികടന്നായിരുന്നു രൂപേഷിന്റെ സ്ഥലംമാറ്റം.

പത്താം ക്ളാസ് വരെ എല്ലാവരെയും പോലെ രൂപേഷിനും പൂർണ കാഴ്ചശേഷി ഉണ്ടായിരുന്നു. പിന്നീടാണ് കാഴ്ചശേഷി പ്രശ്നം തുടങ്ങിയത്. ഒടുവിൽ പൂർണമായും അന്ധത ബാധിച്ചു. പക്ഷേ വിധിയോടു പൊരുതി രൂപേഷ് പഠനം തുടർന്നു. പി.ജിയും സെറ്റുമൊക്കെ കരസ്ഥമാക്കി. സംസ്ഥാനത്തെ ആദ്യ കെ.എ.എസ് പരീക്ഷയിൽ റാങ്ക് നേടി. കുറച്ചുകാലം അദ്ധ്യാപക ജോലിയും നോക്കി. കെ.എ.എസ് ആദ്യ ബാച്ച് നിയമനത്തിൽ ജോലി ലഭിച്ച രൂപേഷിന് ജില്ലാ കളക്ടറേറ്റിലെ റവന്യൂ റിക്കവറിയുടെ ചുമതലയായിരുന്നു. ആ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചതിന് പ്രശംസാപത്രം നേടിയിട്ടുണ്ട്. തന്നെ ഏല്പിച്ച ചുമതലകൾ സ്തുത്യർഹമായ നിലയിൽത്തന്നെയാണ് രൂപേഷ് നിർവഹിച്ചിട്ടുള്ളത്. അന്ധനായിട്ടും ഔദ്യോഗിക ജോലികൾ ചെയ്യുന്നതിൽ പ്രശംസാർഹമായ നേട്ടമാണ് കൈവരിച്ചത്.

ഇങ്ങനെയുള്ള, സമർത്ഥനായ ഒരുദ്യോഗസ്ഥന്റെ പരിമിതികൾ മറന്ന്,​ ലിഫ്‌റ്റ് സൗകര്യം പോലുമില്ലാത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ സ്ഥലംമാറ്റിയതു വഴി മേലധികാരികൾ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. അതു തിരുത്താൻ ഉടൻ നടപടി സ്വീകരിച്ചത് ഉചിതമായി. രൂപേഷിന്റെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായെങ്കിലും,​ ഭിന്നശേഷിക്കാരായ അനേകം പേർ നീതി കിട്ടാതെ ഇതുപോലെ നമുക്കു ചുറ്റുമുണ്ട്. ഉത്തരവുകൾ പാസാക്കുമ്പോൾ അത് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മേലധികാരികൾ അറിയേണ്ടതുണ്ട്. മേലധികാരികൾ കണ്ണും കാതുമുള്ളവരാകണം. മനുഷ്യത്വപരമായി പെരുമാറാൻ അറിയണം. തെറ്റായ ഉത്തരവ് തിരുത്താൻ മാദ്ധ്യമങ്ങൾ പ്രശ്നം ഏറ്റെടുക്കുന്നതുവരെ കാത്തിരിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION