SignIn
Kerala Kaumudi Online
Thursday, 01 October 2026 4.24 PM IST

മഹാപ്രതിഭയുടെ വിയോഗം

kashrooi-rangan

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ ലോകോത്തര നേട്ടത്തിലേക്കു നയിച്ച മലയാളി ശാസ്‌ത്രജ്‌ഞൻ ഡോ. കെ. കസ്‌തൂരിരംഗന്റെ വിയോഗം എല്ലാ അർത്ഥത്തിലും രാജ്യത്തിന് തീരാനഷ്ടമാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോയ്‌ക്ക് ഒമ്പതു വർഷം അദ്ദേഹം നേതൃത്വം നൽകി. വിക്രം സാരാഭായിക്കു ശേഷം ഈ രംഗത്ത് ഇത്രയധികം സംഭാവനകൾ നൽകിയ മറ്റു ശാസ്‌ത്രജ്ഞർ അപൂർവമാണെന്നു പറയാം. നാലു പതിറ്റാണ്ട് നീണ്ട ഇസ്‌റോ സേവനത്തിനിടയിൽ പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയും ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ നിർമ്മാണത്തിൽ അന്നത്തെ ഇസ്‌‌‌റോ ചെയർമാനായ യു.ആർ. റാവുവിന്റെ ഒപ്പം പ്രവർത്തിക്കാനായതാണ് കസ്‌തൂരിരംഗന്റെ ഔദ്യോഗിക ജീവിതത്തിൽ വഴിത്തിരിവായത്.

ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌‌ക്കര - 1, ഭാസ്‌ക്കര - 2 എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു കസ്‌തൂരിരംഗൻ. റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളായ ഐ.ആർ.എസ് 1 - സി, 1- ഡി, വാർത്താവിനിമയത്തിനുള്ള രണ്ടും മൂന്നും തലമുറ ഇൻസാറ്റ് ഉപഗ്രഹങ്ങൾ എന്നിവയുടെ വിക്ഷേപണത്തിനും അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ ആശയാവിഷ്കാരങ്ങൾ നടന്നതും കസ്‌തൂരിരംഗൻ ചെയർമാനായിരിക്കുമ്പോഴാണ്. ബഹിരാകാശ വകുപ്പ് സെക്രട്ടറി, പ്ളാനിംഗ് ബോർഡ് അംഗം, ജെ.എൻ.യു വൈസ് ചാൻസലർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ നോൺ എക്‌സിക്യുട്ടീവ് ചെയർമാൻ എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചു. ഈ 84-ാം വയസിലും രാജസ്ഥാനിലെ കേന്ദ്ര സർവകലാശാലയുടെ ചാൻസലറായി പ്രവർത്തിച്ചിരുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി മാധവ് ഗാഡ്‌‌ഗിൽ തയ്യാറാക്കിയ റിപ്പോർട്ട് പുനഃപരിശോധിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച സമിതിക്കു നേതൃത്വം നൽകിയ കസ്‌തൂരിരംഗന്റെ ശുപാർശ വലിയ ചർച്ചയായിരുന്നു.

പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്നു ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്‌ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തിയ കസ്‌തൂരിരംഗൻ സമിതി ഏകദേശം 37 ശതമാനം മലനിരകൾ മാത്രമാണ് ഇപ്രകാരമുള്ള പ്രദേശമെന്ന് വിലയിരുത്തി. പരിസ്ഥിതിവാദികൾ ഇതിനെതിരെ രംഗത്തുവന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റിപ്പോർട്ടിനെ അനുകൂലിക്കുകയായിരുന്നു. കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ദേശീയ വിദ്യാഭ്യാസ നയരേഖയുടെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത്. കസ്തൂരി രംഗൻ ഇസ്‌‌റോ ചെയർമാനായിരിക്കുമ്പോഴാണ് ചാരക്കേസ് ഉണ്ടാകുന്നത്. ഈ വിഷയത്തിൽ അദ്ദേഹം കൈക്കൊണ്ട ചില നിലപാടുകൾ വിമർശന വിധേയമായെങ്കിലും അന്വേഷണങ്ങളിൽ നിന്ന് ഇസ്‌റോയെ മാറ്റിനിറുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയം കണ്ടു.

1993-ൽ പി.എസ്.എൽ.വിയുടെ പ്രഥമ പരീക്ഷണ വിക്ഷേപണം പരാജയമായ വേളയിലാണ് കസ്തൂരിരംഗൻ ഇസ്‌റോയുടെ നേതൃത്വത്തിൽ എത്തുന്നത്. ശേഷം പി.എസ്.എൽ.വി പരീക്ഷണം വിജയകരമായി നടന്നു. തുടർന്നുള്ള ഒമ്പതു വർഷം ഇസ്‌റോയുടെ സുവർണ കാലമായിട്ടാണ് അറിയപ്പെട്ടത്. ബഹുമുഖ പ്രതിഭയായ കസ്‌തൂരിരംഗനെ രാജ്യം പദ്‌മശ്രീ, പദ്‌മഭൂഷൺ, പദ്‌മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ മാനത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കിക്കിടക്കുന്നത് കസ്‌തൂരിരംഗന്റെ പ്രധാന വിനോദമായിരുന്നു. പിൽക്കാലത്ത് ആ വിനോദം വിജ്ഞാന താത്പര്യത്തിലേക്ക് വഴിമാറുകയും ഇന്ത്യയുടെ എണ്ണമറ്റ ബഹിരാകാശ പരീക്ഷണങ്ങളുടെ തലതൊട്ടപ്പനായി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. രാജ്യത്തിന് പല മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയ മഹാപ്രതിഭയാണ് യാത്രയാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY