SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

രണ്ടാഴ്ചത്തേക്ക് സമാധാനം

d

ഇറാൻ - അമേരിക്കൻ യുദ്ധം പതിനഞ്ച് ദിവസത്തേക്ക് നിറുത്തിവച്ചത് വലിയൊരു ആശ്വാസമായാണ് ലോകം കരുതുന്നത്. രണ്ടാഴ്ചത്തെ ഈ സമാധാനം തുടർന്നും ഉണ്ടാകുമോ എന്ന് തീർത്തു പറയാറായിട്ടില്ല. അമേരിക്കയും ഇസ്രയേലും യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള മാസങ്ങൾ ഇറാൻ ആഭ്യന്തര പ്രക്ഷോഭങ്ങളാൽ പ്രക്ഷുബ്ധമായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഇറാൻ ജനത ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണകൂട മാറ്റം എന്ന അമേരിക്കയുടെ ആദ്യ ലക്ഷ്യം യുദ്ധം 45 ദിവസം നീണ്ടിട്ടും ഫലം കണ്ടില്ല. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയെ ഇസ്രയേൽ വധിച്ചെങ്കിലും പഴയ ഭരണ നേതൃത്വം തന്നെയാണ് ഇറാന് ഇപ്പോഴുമുള്ളത്. ഭരണ നേതൃത്വത്തെ അട്ടിമറിക്കുന്നതിനൊപ്പം ഇറാന്റെ ഊർജ്ജ സ്രോതസുകളുടെ നിയന്ത്രണം കൈക്കലാക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമായിരുന്നു.

ഇറാന്റെ എണ്ണപ്പാടങ്ങളിലും എണ്ണ ശുദ്ധീകരണ പ്ളാന്റുകളിലും ബോംബിടാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ അതിന്റെയെല്ലാം നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈയിൽത്തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായ അമേരിക്കയോട് 45 ദിവസം പിടിച്ചുനിൽക്കാൻ ഇറാനു കഴിയുമെന്ന് യുദ്ധാരംഭത്തിൽ ആരും കരുതിയിരുന്നതല്ല. എന്നാൽ അതാണ് സംഭവിച്ചത്. തത്‌കാലത്തേക്കെങ്കിലും യുദ്ധം നിറുത്തിവയ്ക്കേണ്ടത് ഒരേപോലെ അമേരിക്കയുടെയും ഇറാന്റെയും ആവശ്യമായി മാറുകയായിരുന്നു. സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിച്ചത് പാകിസ്ഥാനാണ്. എന്നാൽ, ചൈനയുടെ ശക്തമായ ഇടപെടലാണ് യുദ്ധം രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അതിനാൽ യുദ്ധം ഒരു പരിധി കഴിഞ്ഞ് നീളുന്നത് ചൈനയുടെ ഊർജ്ജതാത്‌പര്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതാണ്.

യുദ്ധം തുടങ്ങുന്ന വേളയിൽ ഹോർമുസ് കടലിടുക്ക് ഒരു വിഷയമേ ആയിരുന്നില്ല. എന്നാൽ 45 ദിവസം യുദ്ധം നീണ്ടുനിന്നപ്പോൾ തത്‌കാലത്തേക്കെങ്കിലും വെടിനിറുത്തുന്നതിന് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ഉപാധി ഹോർമുസ് കടലിടുക്ക് തുറക്കുക എന്നതാണ്. ചില രാജ്യങ്ങളുടെ ഭൂമിശാസ്‌ത്രം ആ രാജ്യങ്ങളുടെ അജയ്യത ഉറപ്പിക്കുന്നതു കൂടിയാണ്. ആ അർത്ഥത്തിൽ ഹോർമുസ് കടലിടുക്കാണ് ഈ യുദ്ധത്തിൽ ഇറാന്റെ ഏറ്റവും വലിയ തുറുപ്പുചീട്ടായി മാറിയത്. വെടിനിറുത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാനും സമ്മതിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ നിയന്ത്രണം ഇറാൻ റവല്യൂഷണറി ഗാർഡുകൾക്കായിരിക്കും. യുദ്ധം കഴിയുമ്പോൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾ ഇറാനും ഒമാനും ചുങ്കം നൽകേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ട്.

യുദ്ധത്തിന്റെ കെടുതികൾ മറ്റ് ഗൾഫ് രാജ്യങ്ങളും,​ പാചകവാതക ക്ഷാമത്തിന്റെയും പെട്രോൾ വില വർദ്ധനവിന്റെയും പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളും അനുഭവിച്ചുവരികയാണ്. രാഷ്ട്രീയ കാരണങ്ങളേക്കാൾ ഉപരി സാമ്പത്തിക കാരണങ്ങൾ മൂലമുള്ള യുദ്ധമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇറാനിൽ യുദ്ധം തത്‌കാലത്തേക്ക് തീർന്നെങ്കിലും ലബനനിൽ യുദ്ധം തുടരുകയാണ്. ഇസ്രയേൽ തുടരെ ആക്രമണം നടത്തിവരുന്നു. എന്തായാലും ഈ രണ്ടാഴ്ചത്തെ യുദ്ധവിരാമം ലോകത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല. അത് ഇനിയൊരു വെടിയൊച്ച കൂടി മുഴങ്ങാതെ തുടർന്നു പോകട്ടെയെന്നാണ് സമാധാനകാംക്ഷികളായ ലോക ജനതയുടെ പ്രാർത്ഥന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY