SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.32 AM IST

എബോള വൈറസ്: ജാഗ്രത വേണം

d

എബോള വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിൽ ഇതുവരെ ആർക്കും എബോള സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ, നിപ്പ ബാധ വന്ന് നിരവധി ജീവനുകൾ കവർന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. 2018ലെ കോഴിക്കോട്ടെ നിപ്പ ദുരന്തത്തിന്റെ കാരണക്കാർ വവ്വാലുകളാണെന്നാണ് നിഗമനം. വവ്വാലിന്റെ ഉമിനീരോ വിസർജ്ജ്യമോ പുരണ്ട പഴങ്ങൾ ഭക്ഷിക്കുമ്പോഴാണ് നിപ്പയെപ്പോലെ എബോള വൈറസും മനുഷ്യരിലെത്തുന്നത്. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ദിനംപ്രതി ആയിരങ്ങൾ വിദേശത്തു നിന്നെത്തുന്ന സംസ്ഥാനമെന്ന നിലയിൽ കേരളം ജാഗ്രത പുലർത്തേണ്ടതുണ്ട്.

നിപ്പയുടെ മരണനിരക്ക് 91 ശതമാനമായിരുന്നു. എബോളയുടെ മരണനിരക്ക് 40 മുതൽ 90 ശതമാനം വരെയാണ്. അതായത് എബോള വൈറസ് ബാധ ഉണ്ടാകുന്നവരിൽ പകുതിയിൽ കൂടുതൽ പേരും മരണമടയാനുള്ള സാദ്ധ്യതയുണ്ട്. ഇതാണ് എബോളയെ ഭയപ്പെടേണ്ടതാക്കി മാറ്റുന്നത്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും ഞൊടിയിടയിൽ ലോകം മുഴുവൻ പടർന്നു പിടിച്ച കൊവിഡ് ബാധയുടെ അനുഭവം മുന്നിലുള്ളതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പും പ്രതിരോധ മാർഗങ്ങൾക്ക് രൂപം നൽകേണ്ടത് ആവശ്യമാണ്. എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവയാണ് ആ രാജ്യങ്ങൾ. നിലവിൽ ആ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അവിടത്തെ പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 28 മുതൽ 31 വരെ ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്- ആഫ്രിക്കൻ ഉച്ചകോടി മാറ്റിവയ്ക്കുകയുണ്ടായി. ആഫ്രിക്കയ്ക്ക് പുറത്ത് മറ്റൊരു രാജ്യത്തും എബോള ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ആഫ്രിക്കയിലേക്ക് ഇന്ത്യ മരുന്നുകളും അടിയന്തര മെഡിക്കൽ സാമഗ്രികളും അയച്ച് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മെഡിക്കൽ സഹായം നൽകിയ വിവരം പങ്കുവച്ചു കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എക്‌സിൽ കുറിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലിയും ബിസിനസും മറ്റും ചെയ്യുന്ന മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ വിമാനത്താവളങ്ങളിൽ തന്നെ അവിടെ നിന്നും വരുന്നവരെ പരിശോധിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലുള്ള മെഡിക്കൽ കോളേജുകളിൽ വേണ്ടിവന്നാൽ ഐസൊലേഷൻ വാർഡുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ഏർപ്പെടുത്തേണ്ടതാണ്.

ഇപ്പോൾ എബോള സ്ഥിരീകരിക്കാനുള്ള ആർ.ടി- പി.സി.ആർ പരിശോധനാ സൗകര്യം ഇന്ത്യയിൽ രണ്ടോ മൂന്നോ ലാബുകളിൽ മാത്രമാണുള്ളത്. പരിശോധനാഫലം വരാൻ 48 മണിക്കൂർ വരെ എടുത്തേക്കാമെന്നതും രോഗവ്യാപനം കൂടാൻ ഇടയാക്കാവുന്നതാണ്. എബോള വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുമ്പോഴും നിപ്പയെ പ്രതിരോധിക്കാൻ നാം സ്വീകരിച്ച ഫലപ്രദമായ മാർഗങ്ങൾ ഒന്നുകൂടി ഓർത്തെടുത്ത് പ്രതിരോധം തീർക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഈ രോഗത്തിന് നൽകുന്ന മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടികളും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY