SignIn
Kerala Kaumudi Online
Saturday, 04 July 2026 3.13 AM IST

പ്രതിരോധ രംഗത്ത് ജപ്പാൻ ധാരണ

READ ENGLISH VERSION
a

ജപ്പാനും ഇന്ത്യയും തമ്മിൽ വർഷങ്ങളായി ഉൗഷ്‌മളമായ ബന്ധമാണ് നിലനിൽക്കുന്നത്. ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ കാലംമുതൽ തുടങ്ങിയതാണിത്. രണ്ടാം ലോക മഹായുദ്ധത്തിലെ തകർച്ചയ്ക്കുശേഷം സ്വപ്രയത്‌നം കൊണ്ട് അതിവേഗം വികസനം നേടിയ ജപ്പാൻ ഇന്ത്യയെപ്പോലെതന്നെ ചില ശാശ്വതമായ തത്വങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്ന രാജ്യമാണ്. അണുബോംബിന്റെ ക്ഷതം നെഞ്ചിൽ ഏറ്റുവാങ്ങിയ മറ്റൊരു രാജ്യവും ജപ്പാനല്ലാതെ മറ്റൊന്ന് ലോകത്തില്ല. അതുകൊണ്ടുതന്നെ അണുബോംബ് നിർമ്മിക്കാനുള്ള ശേഷി ഉണ്ടെങ്കിലും അത് നിർമ്മിക്കില്ല എന്ന് സ്വയം പ്രതിജ്ഞയെടുത്തിട്ടുള്ള രാജ്യം കൂടിയാണ് ജപ്പാൻ. ഇന്ത്യയിലെ പല വികസന പ്രവർത്തനങ്ങൾക്കും ദശാബ്ദങ്ങളായി ജപ്പാൻ വായ്‌പയായും അല്ലാതെയും ധനസഹായം നൽകിവരുന്നുണ്ട്. വികസനത്തിലെ സഹകരണത്തിനപ്പുറം സുരക്ഷാ, പ്രതിരോധ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ല. പ്രതിരോധ രംഗത്ത് സംയുക്തമായി ടെക്‌നോളജി വികസിപ്പിക്കുന്നതിനുള്ള ഒരു ധാരണാപത്രം ഇതാദ്യമായി ഇന്ത്യയും ജപ്പാനും തമ്മിൽ കഴിഞ്ഞദിവസം ഒപ്പിട്ടിരിക്കുകയാണ്.

ഇന്ത്യ സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയും മോദിയും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം വിവിധ മേഖലകളിലാണ് 16 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്.

ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി ഇനി വികസിപ്പിക്കും. ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ പദ്ധതിയാണിത്. 2024ൽ ടോക്കിയോയിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടർനടപടിയുടെ ഭാഗമായിക്കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സംയുക്ത പ്രഖ്യാപനമാണ് കഴിഞ്ഞദിവസം ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ആദ്യമായി നടത്തിയത്. പസഫിക് സമുദ്രത്തിന്റെ സമാധാനപരമായ അവസ്ഥ ഇന്ത്യയും ജപ്പാനും ഒരേപോലെ പ്രാധാന്യം നൽകുന്നതാണ്. ചൈനയുടെ വൻകിട യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്കും ജപ്പാനും ഒരേപോലെ ഭീഷണി ഉയർത്തുന്നതുമാണ്.

എന്നാൽ ചൈനയുടെ പേര് എടുത്തുപറയാതെ മോദി, ജപ്പാനും ഇന്ത്യയും സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ ഇന്തോ- പസഫിക് മേഖലയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് പറയുകയുണ്ടായി. സമുദ്രത്തിന്റെ സുരക്ഷിതത്വവും മേഖലയുടെ സമാധാനവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ രംഗത്തെ ഈ സംയുക്ത സഹകരണമെന്നാണ് മോദി ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി ആയശേഷം ആദ്യമായാണ് സനേ തകൈച്ചി ഇന്ത്യ സന്ദർശിക്കുന്നത്. തന്ത്രപ്രധാനമായ മേഖലയിലെ സംയുക്ത സഹകരണത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ജപ്പാനും ഒരേ നിലപാടാണ് ഉള്ളതെന്നാണ് തകൈച്ചി പ്രത്യേക ഉൗന്നലോടെ പറഞ്ഞത്. പസഫിക് സമുദ്ര‌ത്തിലെ ചൈനയുടെ പ്രതിരോധ നീക്കങ്ങൾക്കുള്ള പരോക്ഷമായ മറുപടി കൂടിയാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ നൽകിയത്. ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി, പ്രത്യേകിച്ചും ഗുജറാത്ത്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വമ്പൻ പദ്ധതികൾക്കായി ജപ്പാൻ ഒരു ട്രില്ല്യൺ ഡോളർ മുതൽമുടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹിയിൽ നടന്ന ഇരുരാജ്യങ്ങളുടെയും വാർഷിക ഉച്ചകോടി മോദിയും തകൈച്ചിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദംകൂടി വെളിപ്പെടുത്തുന്നതായിരുന്നു. പ്രസംഗത്തിനിടയിൽ തകൈച്ചിയെ 'എന്റെ കുഞ്ഞു പെങ്ങൾ' എന്നാണ് മോദി സദസിന് പരിചയപ്പെടുത്തിയത്. നിർമ്മിതബുദ്ധിയുടെയും ഉൗർജ്ജ സുരക്ഷയുടെയും മേഖലയിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ഭാവിയിൽ വലിയ മുതൽക്കൂട്ടായി മാറാൻ പോന്നതാണ്. കൂടാതെ ഇരുരാജ്യങ്ങളും ചേർന്ന് സംയുക്തമായി ഇന്ത്യയിൽ ആയിരം ബയോഗ്യാസ് പ്ളാന്റുകളും വളം നിർമ്മാണശാലകളും സ്ഥാപിക്കും. ഏഷ്യൻ മേഖലയിലെ രണ്ട് വൻശക്തികളായ ജപ്പാന്റെയും ഇന്ത്യയുടെയും ശക്തമായ സഹകരണം ഈ മേഖലയുടെ മുന്നോട്ടുള്ള ഗതിയെ നിർണായകമായി സ്വാധീനിക്കാൻ പോന്നതായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY