SignIn
Kerala Kaumudi Online
Sunday, 12 July 2026 3.23 AM IST

തദ്ദേശസ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കരുത്

f

ജനാധിപത്യ ഭരണത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലെത്തുന്നത് തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നതും നേരിട്ടു ബന്ധപ്പെടുന്നതും ഈ സ്ഥാപനങ്ങളെയാണ്. വ്യക്തിഗത ആനുകൂല്യങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമപദ്ധതികൾ എന്നിവയുടെ പ്രയോജനം അർഹതപ്പെട്ടവരിൽ എത്തിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്. ജനായത്തഭരണം ഒരു മരമാണെങ്കിൽ അതിന്റെ അടിവേരുകൾ ഇവയാണെന്ന് പറയാം.

ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനവും തദ്ദേശസ്ഥാപനങ്ങളെ ആശ്രയിച്ചാണ്. ഇവയുടെ പ്രവർത്തനം എത്രത്തോളം സജീവമാകുന്നുവോ അത്രത്തോളം നാടിന്റെ മുഖച്ഛായ ഓജസുള്ളതായിരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ അതു ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് ഇടത്തരക്കാരെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെയുമായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ സജീവമായി പ്രവർത്തിക്കണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൈത്താങ്ങ് വേണ്ടിവരും. അതു നന്നായി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുകയും മികവിനുള്ള അംഗീകാരം നേടുകയും ചെയ്യും. രാജ്യത്തിനുതന്നെ മാതൃക കാട്ടിയ നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സംസ്ഥാനത്തുണ്ട്. അവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ട് യഥാസമയം ലഭിക്കേണ്ടതുണ്ട്. ഇതു കുടിശികയായാൽ പല ക്ഷേമപ്രവർത്തനങ്ങളും അവതാളത്തിലാകും.

സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ട് കിട്ടാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ വികസന സ്തംഭനത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു 2651 കോടി രൂപ മാർച്ച് 31ന് മുമ്പ് ലഭിക്കേണ്ടതായിരുന്നു. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡു 3000 കോടി രൂപ പുതിയ സർക്കാർ ജൂൺ 30ന് മുമ്പ് നൽകേണ്ടതായിരുന്നു. ഇതു രണ്ടും കൂടി 5651 കോടി രൂപ കുടിശികയായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാനുള്ള കാരണവും മറ്റൊന്നല്ല.

തദ്ദേശസ്ഥാപനങ്ങളുടെ പല ക്ഷേമ - വികസന പ്രവർത്തനങ്ങളുടെയും തുക കരാറുകാർക്ക് ഇതുമൂലം നൽകാനാവാതെ ബുദ്ധിമുട്ടുകയാണ് തദ്ദേശസ്ഥാപനങ്ങൾ. 1200ലേറെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാമ്പത്തിക ഞെരുക്കം സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു തുക സ്പിൽ ഓവർ ആയി നൽകാത്തതും, പുതിയ ഫണ്ട് വെട്ടിക്കുറച്ചതും ആരോഗ്യമേഖലയെയടക്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല തദ്ദേശസ്ഥാപനങ്ങൾക്കും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുപോലും പണം കണ്ടെത്താനായിട്ടില്ല.

2026-27ലെ വാർഷിക പദ്ധതി സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയും മുൻ വർഷത്തെ പദ്ധതികൾ സ്പിൽ ഓവറായി ഉൾപ്പെടുത്തിയും സംസ്ഥാന സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ ഈ ഉത്തരവിൽ വ്യക്തതയില്ലെന്ന് പരാതിയുണ്ട്. പുതിയ പദ്ധതികൾക്കായി പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ശേഷിക്കുന്ന തുക പുതിയ പദ്ധതികൾക്ക് വിനിയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിലും അവ്യക്തതയും സംശയവുമുണ്ട്. തുക അനുവദിച്ചാൽത്തന്നെ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ പ്രവൃത്തികളുടെ മുഴുവൻ തുകയും നടപ്പു സാമ്പത്തിക വർഷം അനുവദിക്കുന്ന ഫണ്ട് തുകയിൽ നിന്ന് നൽകേണ്ടിവരും.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവൃത്തികളുടെ ചെലവിന്റെ നാല്പതു ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രവർത്തന പ്രതിസന്ധി മറികടക്കണമെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡുവും ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവും എത്രയും വേഗം ലഭിക്കണം. കഴിഞ്ഞ സർക്കാർ മൂന്നാം ഗഡു നൽകാത്തതാണ് മുഖ്യ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION