SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

സങ്കടങ്ങളുടെ ആഴമറിഞ്ഞ്, കണ്ണീരൊപ്പി മുഖ്യമന്ത്രി

s

പത്തനംതിട്ട: കര വിഴുങ്ങിയ പുഴ കൂരയിലേക്ക് കുത്തിയൊഴുകി വന്നപ്പോൾ എഴുപതുകാരനായ കുഞ്ഞുകുട്ടി കട്ടിലിൽ കിടക്കുകയായിരുന്നു. മുട്ടിന് തേയ്മാനവും വേദനയും. എഴുന്നേറ്റ് നടക്കാൻ വയ്യ. നാല് ആളുകളെത്തി കട്ടിലിൽ നിന്ന് എടുത്തു കസേരയിലിരുത്തി കര കാണുന്ന ദൂരത്തേക്ക് നടന്നു....

ആറൻമുള ചിറയിറമ്പ് എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശനെത്തിയപ്പോൾ, മനസ് തകർന്ന അറുപതോളം ആളുകളുടെ സങ്കടങ്ങൾ കണ്ണീരായി. മുഖ്യമന്ത്രിയും കൂട്ടരും നിശബ്ദരായി. കുഞ്ഞുകുട്ടിയുടെ തോളിൽ കൈവച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു, ''എല്ലാത്തിനും പരിഹാരമുണ്ടാക്കും. ഞാനാ പറയുന്നത്.""

തൊട്ടടുത്ത് മൂന്നു വയസുകാരി നവമിയുടെയും അനിയത്തി രണ്ടു വയസുകാരി നയോമിയുടെയും മുഖത്ത് ആൾക്കൂട്ടത്തെയും ക്യാമറകളെയും കണ്ടതിന്റെ കൗതുകം. നവമിക്കു നേരെ മുഖ്യമന്ത്രി കൈകൾ നീട്ടിയപ്പോൾ അവൾ അമ്മ ആഷ്ലിയുടെ ഒക്കത്തു നിന്ന് കുതിച്ചു. കാൽവെള്ളയിലെ അസുഖം കാരണം നയോമി അനങ്ങാതിരുന്നു. അവൾക്ക് നിൽക്കാനും നടക്കാനും കഴിയാത്തതിന്റെ പ്രയാസങ്ങൾ ആഷ്ലി മുഖ്യമന്ത്രിയോടു പറഞ്ഞു. ചികിത്സയ്ക്കുവേണ്ട സഹായം അനുവദിക്കാമെന്ന് ഉറപ്പു നൽകി. ക്യാമ്പിലുള്ളവരുടെ ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവയെല്ലാം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.20ന് കോഴഞ്ചേരി റസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. മന്ത്രി പി.സി. വിഷ്ണുനാഥ്, അബിൻ വർക്കി എം.എൽ.എ, ജില്ലാ കളക്ടർ എ.നിസാമുദീൻ തുടങ്ങിയവർ പങ്കെടുത്തു. വാർത്താസമ്മേനത്തിനുശേഷം ആറൻമുള പരമൂട്ടിൽ പടിയിലെ വെള്ളപ്പൊക്കപ്രദേശം മുഖ്യമന്ത്രി സന്ദർശിച്ചു.

♦ റാന്നിക്ക് ആശ്വാസം

ഉച്ചയ്ക്ക് രണ്ടു മണിയോടെ റാന്നി നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഗവ.എൽ.പി സ്കൂളിൽ മുഖ്യമന്ത്രിയെത്തി. അവിടെ 26 കുടുംബങ്ങളുണ്ട്. പ്രളയത്തെ തുടർന്ന് കിഴക്കേക്കര വീട്ടിൽ നിന്ന് സജിതയും ഓലിക്കൽ വീട്ടിൽ ഉഷയും ഉടുവസ്ത്രവുമായി ഇറങ്ങേണ്ടി വന്നത് മുഖ്യമന്ത്രിയോട് വിവരിച്ചു.

എം.എസ് ഹയർസെക്കൻഡറി സ്കൂളിൽ റാന്നിയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകൾ മുഖ്യമന്ത്രിയെ കാത്തിരുന്നു. ഏറെയും വ്യാപാരികളായിരുന്നു. അവർക്കുണ്ടായ നഷ്ടങ്ങൾക്ക് ആശ്വാസധനം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചചെയ്ത് പ്രത്യേക പാക്കേജിന് രൂപം നൽകും. മിന്നൽ പ്രളയം കൂടുതൽ നാശം വിതച്ച റാന്നിയിൽ മുഖ്യമന്ത്രി 40 മിനിട്ട് ചെലവഴിച്ചു. വൈകിട്ട് അഞ്ചു മണിയോടെ തിരുവല്ല തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാമ്പും വി.ഡി. സതീശൻ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK, VDSATHEESAN, VISITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA